ആശാന്‍ ഇറങ്ങും, ആരാധകരൊരുങ്ങി

കൊച്ചി- പത്ത് മത്സരങ്ങളുടെ വിലക്കിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് വെള്ളിയാഴ്ച വീണ്ടും ഇറങ്ങും. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിലാണ് ആരാധകരുടെ സ്വന്തം ആശാന്‍ ടീമിനൊപ്പം കളത്തിലിറങ്ങുക. കഴിഞ്ഞ സീസണില്‍ ബെംഗളൂരിനെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് വുകോമനോവിച്ചിന് കനത്ത പിഴയ്ക്കൊപ്പം മത്സര വിലക്കും ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പുറത്തിരുന്ന ഇവാന് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. കോച്ചിന്റെ തിരിച്ചുവരവ് സര്‍പ്രൈസ് നീക്കങ്ങളിലൂടെയായിരിക്കും ആഘോഷിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ മഞ്ഞപ്പട പറയുന്നു. 

ആരാധകരെ കാണാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. എന്റെ നല്ല സമയത്തും മോശം സമയത്തും അവര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്താന്‍ സാധിച്ചത് ഭാഗ്യമായി കരുതുകയാണ്. പോയിന്റുകള്‍ക്കും വിജയങ്ങള്‍ക്കും വേണ്ടി പോരാടുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ കളിയും. മുന്‍നിര താരങ്ങള്‍ ഫോമിലെത്താത്തതില്‍ തനിക്ക് ആശങ്കയില്ലെന്നും കോച്ച് പറയുന്നു. രണ്ട് മുന്നേറ്റ നിര താരങ്ങളും ഗോളടിക്കാത്തത്തില്‍ എനിക്ക് ആശങ്ക ഇല്ല. കഴിഞ്ഞവര്‍ഷവും ദിമിത്രിയോസ് വൈകിയാണ് ഗോളടിക്കാന്‍ തുടങ്ങിയത്. ഈ സീസണില്‍ താരം ഫോമിലേക്ക് എത്തും. മുന്നേറ്റ നിര താരങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇവാന്‍ പറഞ്ഞു. ഞങ്ങള്‍ ആവേശത്തിലാണെന്നും, കേരളത്തിനെതിരെ കളിക്കുക എന്നത് എപ്പോഴും വലിയ വെല്ലുവിളിയാണെന്നും ഒഡീഷ എഫ്സി പരിശീലകന്‍ സെര്‍ജിയോ ലൊബേറ പറഞ്ഞു. ഇത് ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും, പക്ഷേ ഞങ്ങള്‍ വെല്ലുവിളിക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. എവേ ഗ്രൗണ്ടില്‍ മുംബൈയോടും തോറ്റു. പരിശീലകന്‍ തിരിച്ചെത്തുമ്പോള്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന്റെ മനസിലില്ല. പ്രതിരോധത്തിലെ കരുത്തരായ മിലോസ് ഡ്രിന്‍സിച്ചും, പ്രഭീര്‍ദാസും 3 മത്സര വിലക്കുള്ളതിനാല്‍ ഇന്നും ഇറങ്ങില്ല. ലെസ്‌കോവിച്ച് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ പരിക്കും ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. പുതുതായി ടീമിലെത്തിയ മുന്‍നിര താരങ്ങളുടെ പ്രകടനവും ഇതുവരെ മെച്ചപ്പെടാത്തതാണ് മറ്റൊരു പ്രതിസന്ധി. അഡ്രിയാന്‍ ലൂണയും മികച്ച ഫോമിലുള്ള ഡാനിഷ് ഫാറൂഖും ഒഡീഷക്ക് തലവേദന സൃഷ്ടിക്കുമെന്നാണ് ആരാധക പ്രതീക്ഷ.  കഴിഞ്ഞ മത്സരത്തില്‍ സസ്പെന്‍ഷന്‍ കാരണം സഹപരിശീലകന്‍ ഫ്രാങ്ക് ഡ്വാവെന്‍ ഇന്ന് പുറത്തിരിക്കേണ്ടി വരും. നിലവില്‍ 7 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒഡീഷ 4 പോയിന്റുമായി ഏഴാം സ്ഥാനത്തും.
അതേസമയം മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച ഒഡീഷ എഫ്സി എഎഫ്സി കപ്പിലും വന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് ജയിക്കാനായാല്‍ സെര്‍ജിയോ ലൊബേറയ്ക്കും സംഘത്തിനും അത് പുതിയ ഉത്തേജനമാവും. ജെറി മോമിങ്താംഗ, മുര്‍ത്തദ ഫാള്‍ എന്നിവര്‍ ഫോമിലായാണ് ബ്ലാസ്റ്റേഴ്സിനും കൂടുതല്‍ വിയര്‍ക്കേണ്ടി വരും. 

Latest News