ലോകകപ്പ്: നാണംകെട്ട തോല്‍വി; ചാമ്പ്യന്മാര്‍ക്ക് ചരമക്കുറിപ്പ്

ബംഗളൂരു - ജീവന്മരണ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഒന്ന് തല നിവര്‍ത്തി പൊരുതാന്‍ പോലുമാവാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ശ്രീലങ്കയുടെ ഒന്നാന്തരം ബൗളിംഗിനും ഫീല്‍ഡിംഗിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര 33.2 ഓവറില്‍ 156 ന് പുറത്തായി. അവരുടെ ബൗളിംഗ് നിരക്ക് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനായി ഒന്നും ചെയ്യാനായില്ല. 25.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കണ്ടു. നാലു കളികളില്‍ ഏക ജയവുമായാണ് രണ്ട് ടീമുകളും ഈ മത്സരത്തില്‍ മുഖാമുഖം വന്നത്. ശ്രീലങ്ക അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തി. അഞ്ച് കളിയില്‍ നാലും തോറ്റ അവര്‍ തിരിച്ചുവരണമെങ്കില്‍ മഹാദ്ഭുതം സംഭവിക്കണം. പുറത്തുപോവുകയാണെങ്കില്‍ തലയുയര്‍ത്തി പുറത്തുപോവുമെന്ന് പ്രവചിച്ച വൈസ് ക്യാപ്റ്റന്‍ മുഈനലിയുടെ പ്രഖ്യാപനത്തിനൊത്തുയരാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കോ ബാറ്റര്‍മാര്‍ക്കോ സാധിച്ചില്ല. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം ഓപണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും (31 പന്തില്‍ 30) ഡേവിഡ് മലാനും (25 പന്തില്‍ 28) ആഞ്ഞടിച്ചതോടെ ആറോവറില്‍ 45 ലെത്തിയിരുന്നു സ്‌കോര്‍. പിന്നീട് രണ്ടക്കത്തിലെത്തിയത് മൂന്നു പേര്‍ മാത്രം -ബെന്‍ സ്റ്റോക്‌സും (73 പന്തില്‍ 43) മുഈനലിയും (15 പന്തില്‍ 15) ഡേവിഡ് വില്ലിയും (17 പന്തില്‍ 14). 
ഈ ലോകകപ്പില്‍ പകരക്കാരനായെത്തി ആദ്യ മത്സരം കളിക്കുന്ന മുന്‍ നായകന്‍ ആഞ്ചലൊ മാത്യൂസാണ് (51-14-2) തകര്‍ച്ച തുടങ്ങി വെച്ചത്. ലാഹിരു കുമാര (7-0-35-3), കസുന്‍ രജിത (7-0-36-2), മഹീഷ് തീക്ഷണ (8.2-1-21-1) എന്നിവരും വിക്കറ്റ് പങ്കുവെച്ചു. 
അതേസമയം ശ്രീലങ്കയുടെ മറുപടി ശുഭകരമായിരുന്നില്ല. കുശാല്‍ പെരേരയെ (4) ഡേവിഡ് വില്ലി ആദ്യ ഓവറില്‍ പുറത്താക്കി. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (11) നേരിട്ട ആദ്യ പന്തില്‍ കുശാല്‍ മെന്‍ഡിസ് എഡ്ജ് ചെയ്‌തെങ്കിലും സ്ലിപ്പില്‍ ജോ റൂട്ടിന് പിടിക്കാനായില്ല. പക്ഷെ മെന്‍ഡിസിനെ ആറാം ഓവറില്‍ വില്ലി തന്നെ പുറത്താക്കി. എന്നാല്‍ ഓപണര്‍ പത്തും നിസങ്കയുടെയും (83 പന്തില്‍ 77 നോട്ടൗട്ട്) സദീര സമരവിക്രമയുടെയും (54 പന്തില്‍ 65 നോട്ടൗട്ട്) പ്രത്യാക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ട് ബൗളിംഗ് ചിന്നിച്ചിതറി. ആദില്‍ റാഷിദിനെ സിക്‌സറിനുയര്‍ത്തി നിസങ്ക വിജയം പൂര്‍ത്തിയാക്കി. 

 

Latest News