ചാമ്പ്യന്‍സ് ലീഗ്: ഡാര്‍ട്മുണ്ടില്‍ ന്യൂകാസിലിന് കാലിടറി

ന്യൂകാസില്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ കളിയില്‍ പി.എസ്.ജിയെ തകര്‍ത്തുവിട്ട ന്യൂകാസിലിന് ഹോം മത്സരത്തില്‍ ഡോര്‍ട്മുണ്ടിനെതിരെ കാലിടറി. ഡോര്‍ട്മുണ്ട് മധ്യനിരയുടെ മികവിന് മുന്നില്‍ വിയര്‍ത്ത ന്യൂകാസില്‍ 0-1 ന് തോറ്റു. പി.എസ്.ജിയെ കഴിഞ്ഞ ഹോം മത്സരത്തില്‍ 4-1 ന് ന്യൂകാസില്‍ തകര്‍ത്തിരുന്നു. പി.എസ്.ജി 3-0 ന് ഇത്തവണ എ.സി മിലാനെ തോല്‍പിച്ചതോടെ ഈ ഗ്രൂപ്പ് പ്രവചനാതീതമാവും. പി.എസ്.ജിക്ക് ആറ് പോയന്റായി. ന്യൂകാസിലിനും ഡോര്‍ട്മുണ്ടിനും നാല് വീതവും. 
ഉടനീളം ആക്രമണ, പ്രത്യാക്രമണങ്ങള്‍ കണ്ടെങ്കിലും ന്യൂകാസില്‍-ഡോര്‍ട്മുണ്ട് മത്സരത്തില്‍ ഒരു ഗോളേ പിറന്നുള്ളൂ. 45ാം മിനിറ്റില്‍ ഫെലിക്‌സ് എന്‍മേച്ചയാണ് സ്‌കോര്‍് ചെയ്തത്. ഈ സീസണിലെ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോളടിച്ച ന്യൂകാസിലിന് അവരുടെ സ്‌കോറിംഗ് ബൂട്ട് മറന്നുപോയി. രണ്ടാം പകുതിയില്‍ അവരുടെ രണ്ട് ഷോട്ടുകള്‍ പോസ്റ്റിന് തട്ടിത്തെറിച്ചു. തുടക്കത്തില്‍ ന്യൂകാസില്‍ ഗോളി നിക് പോപ്പ് നടത്തിയ ഡബ്ള്‍ സെയ്‌വും എടുത്തു പറയേണ്ടതാണ്. ഡോര്‍ട്മുണ്ടിനും പി.എസ്.ജിക്കുമെതിരായ എവേ മത്സരങ്ങളാണ് ഇനി ന്യൂകാസിലിനെ കാത്തിരിക്കുന്നത്.

Latest News