Sorry, you need to enable JavaScript to visit this website.

നെതന്യാഹുവിന്റെ മകൻ എവിടെ? ഇസ്രായേലിൽ പ്രധാനമന്ത്രിയുടെ മകനെ തിരഞ്ഞ് മാധ്യമങ്ങൾ; വിമർശവുമായി സൈനികരും

Read More

ടെൽഅവീവ് - നിരപരാധികളായ ഫലസ്തീനികളെ കൂട്ടക്കശാപ്പു ചെയ്യാൻ യുദ്ധജ്വരം കൊടുമ്പിരി കൊള്ളിക്കുന്നതിനിടെ ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മകനുമെതിരെ വിമർശം കൊഴുക്കുന്നു.
 പ്രധാനമന്ത്രിയുടെയും ഇന്റലിജൻസ് വൃത്തങ്ങളുടെയും പരാജയത്തെ തുടർന്ന് ഇസ്രയേലിൽ നാലുലക്ഷം യുവാക്കൾ ഹമാസിനെതിരെ യുദ്ധത്തിനിറങ്ങിയിട്ടും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ 32-കാരനായ യായിർ നെതന്യാഹു എവിടെയാണെന്നാണ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന ചോദ്യം. യായിർ യു.എസിലെ മിയാമി ബീച്ചിൽ ആഘോഷത്തിലാണെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങൾ സഹിതമാണ് വിമർശങ്ങൾ. എന്നാൽ, പ്രചരിക്കുന്ന ചിത്രങ്ങൾ പുതിയതാണോ പഴയതോ എന്നതിൽ വ്യക്തതയില്ലെന്നും പറയുന്നു. 
 രാജ്യം ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ എവിടേക്കാണ് ഓടി രക്ഷപ്പെട്ടതെന്ന ചോദ്യവും വിമർശവുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 'ഞങ്ങൾ കുട്ടികളും കുടുംബവും വീടും ജോലിയുമെല്ലാം ഉപേക്ഷിച്ച് യുദ്ധത്തിനിറങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ മകൻ യായിർ മിയാമിയിൽ ജീവിതം ആഘോഷിക്കുകയാണെന്ന്' യുദ്ധമുഖത്തുള്ള ഒരു ഇസ്രായേൽ സൈനികനെ ഉദ്ധരിച്ച് ദ ടൈംസ് റിപോർട്ട് ചെയ്തു. 'എനിക്ക് രാജ്യത്തെ ഉപേക്ഷിക്കാൻ ആകുമായിരുന്നില്ല. അതിനാൽ എല്ലാം ഉപേക്ഷിച്ച് ഞാൻ യുദ്ധത്തിനിറങ്ങി. പക്ഷേ, ഈ ഗുരുതര സമയത്തും എവിടെയാണ് പ്രധാനമന്ത്രിയുടെ മകൻ? എന്തുകൊണ്ട് അയാൾ ഇസ്രയേലിലില്ലാതായെന്നാണ്' മറ്റൊരു സൈനികന്റെ ചോദ്യം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇസ്രായേലിൽ 18 വയസ്സ് തികഞ്ഞവർക്കെല്ലാം നിശ്ചിത സമയം സൈനിക സേവനം നിർബന്ധമാണെന്നിരിക്കെ, മുതിർന്ന പൗരന്മാരടക്കം യുദ്ധമുന്നണിയിൽ അണിചേർന്നിട്ടും പ്രധാനമന്ത്രിയുടെ മകന് ആഘോഷം അവസാനിപ്പിച്ച് രാജ്യത്തേക്ക് മടങ്ങാൻ എന്താണ് തടസ്സമെന്നും സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങളുണ്ട്. അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലിയും പണവും കുടുംബവുമെല്ലാം മാറ്റിവെച്ച് രാജ്യത്തിന്റെ വിളികേട്ട് ഇസ്രായേലിലേക്ക് തങ്ങളെല്ലാം മടങ്ങിയെത്തിയിട്ടും പ്രധാനമന്ത്രിയുടെ മകന് എന്താണ് യുദ്ധമുന്നണിയിലെത്താൻ തടസ്സമെന്നും തിരിച്ചെത്തിയവരെ ഉദ്ധരിച്ച് റിപോർട്ടുകളുണ്ട്.
 എന്നാൽ, യായിർ ഈ വർഷം ആദ്യത്തിൽ ഫ്‌ളോറിഡയിലേക്ക് താമസം മാറിയെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരം. ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂന്നാമത്തെ ഭാര്യ സാറയിലുള്ള മകനാണ് പോഡ്കാസ്റ്ററായ യായിർ. സമൂഹമാധ്യമത്തിൽ മുസ്‌ലിം വിരുദ്ധ പോസ്റ്റുകളിലൂടെ കുപ്രസിദ്ധി നേടായ ആളാണ് യായിർ. 'എല്ലാ മുസ്‌ലിംകളും പലായനം ചെയ്യുന്നതുവരെ ഇസ്രായേലിൽ സമാധാനമുണ്ടാകില്ലെന്ന' വിവാദ പോസ്റ്റിനെ തുടർന്ന് 2018-ൽ യായിറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ചെയ്തിരുന്നു. 
 ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബെന്നി ഗാന്റ്‌സിന്റെ പേരുയർന്നപ്പോൾ എതിർ സ്ഥാനാർത്ഥിയുമായി ബന്ധപ്പെടുത്തി ഒരു യുവതിയുടെ പേര് അപകീർത്തികരമാംവിധം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് യായിറിന് ഇസ്രായേൽ കോടതി 34000 ഡോളർ പിഴയും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യായിർ അമേരിക്കയിലേക്ക് താമസം മാറ്റിയതെന്നും റിപോർട്ടുകളുണ്ട്. 
 എന്തായാലും പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി പൊരുതുന്ന ഫലസ്തീനികളെ ഇഞ്ചിഞ്ചായി കൊന്നൊടുക്കാനുള്ള കൊടും നടപടികളുമായാണ് ഇസ്രായേൽ സേനയും ഭരണകൂടവും മുന്നോട്ടു നീങ്ങുന്നത്. ലോകമനസ്സാക്ഷിയെ തന്നെ വെല്ലുവിളിച്ച് ഇസ്രായേൽ നടത്തുന്ന ഈ നരനായാട്ടിനെതിരേ ലോകത്തിന്റെ വിവിധ കോണുകളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇത് മുഖവിലക്കെടുക്കാതെയാണ് ഇസ്രായേലും അവരുടെ വളർത്തച്ഛൻമാരായ യു.എസും ബ്രിട്ടനും ചേർന്ന് ഒരു കൊച്ചു ഭൂ പ്രദേശത്തെ ചാരമാക്കാൻ നോമ്പെടുത്തിരിക്കുന്നത്. 
 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ 1400 പേർ കൊല്ലപ്പെട്ടതിന് ഗസയെ ചുട്ടുചാമ്പലാക്കാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ ഭരണകൂടം. സ്ത്രീകളും കുട്ടികളുമടക്കം ഗസയിൽ ഇതിനകം ആറായിരത്തിൽ പരം നിരപരാധികളുടെ ജീവനാണ് ഇസ്രായേൽ സേന നിഷ്‌കരുണം ഇല്ലാതാക്കിയത്.

Latest News