മാക്‌സ്‌വെലിന് 40 പന്തില്‍ സെഞ്ചുറി, 400 തൊട്ട് ഓസീസ്

ന്യൂദല്‍ഹി -ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി. 40 പന്തില്‍ മാക്‌സ്‌വെല്‍ എട്ട് സിക്‌സറിന്റെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തില്‍ സെഞ്ചുറിയിലേക്ക് പറന്നപ്പോള്‍ നെതര്‍ലാന്റ്‌സ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. അതുവരെ അവര്‍ ഓസ്‌ട്രേലിയയെ വരുതിയില്‍ നിര്‍ത്തിയിരുന്നു. എട്ടിന് 399 റണ്‍സാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തത്. മാക്‌സ്‌വെല്‍ 44 പന്തില്‍ 106 റണ്‍സെടുത്തു. 2017 നു ശേഷം ആദ്യമായാണ് മാക്‌സ്‌വെല്‍ ഇന്ത്യയില്‍ അര്‍ധ ശതകം കടക്കുന്നത്. 
ഇതേ വേദിയില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയുടെ അയ്ദന്‍ മാര്‍ക്‌റം ഒരാഴ്ച മുമ്പ് 49 പന്തില്‍ നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തകര്‍ത്തത്. ബാസ് ഡിലീഡ് എറിഞ്ഞ 49ാം ഓവറില്‍ മാക്‌സ്‌വെല്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി. അവസാന ഓവറിലാണ് പുറത്തായത്. അവസാന അഞ്ചോവറില്‍ ഓസ്‌ട്രേലിയ നേടിയത് 87 റണ്‍സാണ്. 
ഓപണര്‍ ഡേവിഡ് വാണറും (93 പന്തില്‍ 104) സെഞ്ചുറിയടിച്ചു, ഈ ലോകകപ്പിലെ രണ്ടാമത്തേത്. സ്റ്റീവന്‍ സ്മിത്തും (68 പന്തില്‍ 71) മാര്‍നസ് ലാബുഷൈനും (47 പന്തില്‍ 62) അര്‍ധ ശതകം പിന്നിട്ടു.
 

Latest News