ഇംഗ്ലണ്ടിനെതിരായ മത്സരവും  ഹാര്‍ദിക്കിന് നഷ്ടപ്പെടും

ചെന്നൈ - ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാലിലെ പരിക്ക് കരുതിയതുപോലെ നിസ്സാരമല്ലെന്ന് സൂചന. പൂനെയില്‍ ബംഗ്ലാദേശിനെതിരായ കളിയില്‍ സ്വന്തം ബൗളിംഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണാണ് പരിക്കേറ്റത്. മുന്‍കരുതെന്ന നിലയില്‍ ന്യൂസിലാന്റിനെതിരായ കളിയില്‍ വിട്ടുനില്‍ക്കുമെന്നും 29 ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ടീമിനൊപ്പം ചേരുമെന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചിരുന്നത്. ഹാര്‍ദിക് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സക്കും വ്യായാമത്തിനുമായാണ് പോയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയും ഹാര്‍ദിക്കിന് കളിക്കാനാവില്ല. ഫിറ്റ്‌നസ് നടത്തിയ ശേഷമേ മറ്റു കാര്യങ്ങള്‍ തീരുമാനിക്കൂ. 
ഹാര്‍ദിക്കിന്റെ അഭാവം ടീമിന്റെ സന്തുലനം തെറ്റിക്കും. ആറാം ബൗളറായ ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കുകയും മുഹമ്മദ് ഷമിയെ ഉള്‍പെടുത്തുകയും ചെയ്തു. ബാറ്ററായി സൂര്യകുമാര്‍ യാദവിനെയും കളിപ്പിച്ചു. എന്നിട്ടും അഞ്ച് ബൗളര്‍മാരേ ഉണ്ടായിരുന്നുള്ളൂ. ഷമി അഞ്ച് വിക്കറ്റെടുത്തെങ്കിലും സൂര്യകുമാര്‍ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി. 
ഇംഗ്ലണ്ടിനെതിരെ ലഖ്‌നൗവിലാണ് കളി. അതിനാല്‍ ഷമിക്കു പകരം ആര്‍. അശ്വിനെ കളിപ്പിക്കാനാണ് ആലോചിക്കുന്നത്. അശ്വിന്റെ സാന്നിധ്യം വാലറ്റ ബാറ്റിംഗ് ശക്തിപ്പെടുത്തും. 
ടൂര്‍ണമെന്റില്‍ അജയ്യരായി മുന്നേറുന്ന ഏക ടീമാണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഒരു കളി മാത്രമാണ് ജയിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം നവംബര്‍ രണ്ടിന് മുംബൈയില്‍ ശ്രീലങ്കയുമായി ഇന്ത്യ ഏറ്റുമുട്ടും. ആ മത്സരത്തിലേ ഇനി ഹാര്‍ദിക്കിനെ പ്രതീക്ഷിക്കാനാവൂ.
 

Latest News