റിയാദ് - പ്രായത്തെ വെല്ലുന്ന രണ്ട് മിന്നും ഗോളുകളിലൂടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കളം വാണപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഏഴ് ഗോള്‍ ത്രില്ലറില്‍ അന്നസ്‌റിന് ജയം. ഖത്തറിലെ അല്‍ദുഹൈലിനെ 4-3 ന് അന്നസ്ര്‍ തോല്‍പിച്ചു. എന്നാല്‍ സൗദി ടീം അല്‍ഫയ്ഹ അല്‍ഐനില്‍ 1-4 ന്റെ വന്‍ തോല്‍വി വാങ്ങി.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികളില്‍ അന്നസ്‌റിന്റെ മൂന്നാം ജയമാണ് ഇത്. സാദിയൊ മാനെ, ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക എന്നിവരും ഗോളടിച്ചു. ഇരുപത്തഞ്ചാം മിനിറ്റില്‍ ടാലിസ്‌കയാണ് തുടങ്ങി വെച്ചത്. റൊണാള്‍ഡോയുടെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസാണ് ഗോളിലേക്ക് വഴി തുറന്നത്.
ഇടവേളക്കു ശേഷം സാദിയൊ മാനെ ലീഡ് വര്‍ധിപ്പിച്ചു. റൊണാള്‍ഡോയുടെ ആസ്വാദ്യകരമായ ഗോളുമായതോടെ അന്നസ്ര്‍ 3-0 ന് മുന്നിലെത്തി.
എന്നാല്‍ ഫെലിപ്പെ കൗടിഞ്ഞൊ ആക്രമണം നയിക്കുന്ന ദുഹൈല്‍ വിട്ടുകൊടുത്തില്ല. അടുത്ത ആറു മിനിറ്റില്‍ അവര്‍ രണ്ടു തവണ ആതിഥേയരുടെ വല കുലുക്കി. ഇസ്മായില്‍് മുഹമ്മദും അല്‍മുഇസ് അലിയുമാണ് സ്‌കോര്‍് ചെയ്തത്. ഒമ്പത് മിനിറ്റ് ശേഷിക്കെ സുല്‍ത്താന്‍ അല്‍ഗന്നാമിന്റെ ലോംഗ് പാസുമായി കുതിച്ച റൊണാള്‍ഡൊ മറ്റൊരു സൂപ്പര്‍ ഗോളുമായി ആരാധകരുടെ ആശങ്ക അവസാനിപ്പിച്ചു. പക്ഷെ 85ാം മിനിറ്റില്‍ മൈക്കിള്‍ ഒലുംഗ സ്‌കോര്‍ 3-4 ആക്കി. പക്ഷെ വീണ്ടും സ്‌കോര്‍ ചെയ്യാന്‍ ദുഹൈലിന് സാധിച്ചില്ല.






