പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഒന്നാമത്

ലണ്ടന്‍ - ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്റെയും ജെയിംസ് മാഡിസന്റെയും ഗോളുകളില്‍ 2-0 ന് ഫുള്‍ഹമിനെ തോല്‍പിച്ച ടോട്ടനം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നായകന്‍ ഹാരി കെയ്ന്‍ ക്ലബ്ബ് വിട്ടതോടെ തളരുമെന്ന് കരുതിയ ടോട്ടനം അജയ്യരായി മുന്നേറുകയാണ്. ഒമ്പത് കളികളില്‍ ഏഴ് ജയവും രണ്ട് സമനിലയുമായി അവര്‍ക്ക് 23 പോയന്റുണ്ട്. ഇതിനകം രണ്ട് തോല്‍വി വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ രണ്ട് പോയന്റ് കൂടുതല്‍. അജയ്യരായ ആഴ്‌സനലിനും 21 പോയന്റുണ്ട്. ലിവര്‍പൂളാണ് (20) നാലാം സ്ഥാനത്ത്. 
ഈ സീസണില്‍ ടോട്ടനത്തെ തോല്‍പിച്ച ഏക ടീമായിരുന്നു ഫുള്‍ഹം. ഓഗസ്റ്റില്‍ ഇംഗ്ലിഷ് ലീഗ് കപ്പില്‍ ഷൂട്ടൗട്ടിലാണ് ടോട്ടനം തോറ്റത്. 
2008 നു ശേഷം ടോട്ടനത്തിന് ഒരു ട്രോഫിയും നേടാനാവാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാല ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. ആംഗെ പോസ്റ്റകോഗ്‌ലു ഈ സീസണിന് മുമ്പ് കോച്ചായി ചുമതലയേറ്റെടുക്കുമ്പോള്‍ ആത്മവീര്യം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ടോട്ടനം. 

Latest News