ഭുവനേശ്വര്‍ - ഏഷ്യയിലെ രണ്ടാമത്തെ പ്രധാന ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ എ.എഫ്.സി കപ്പില്‍ ഒഡിഷ എഫ്.സിക്ക് ആദ്യ ജയം. ഹോം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ ആറു ഗോളിന് മാലദ്വീപിലെ മാസിയയെ തകര്‍ത്തു. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 മിനിറ്റാവുമ്പോഴേക്കും ഒഡിഷ 3-1 ന് മുന്നിലെത്തിയിരുന്നു.
മൂന്നാം മിനിറ്റില്‍ തന്നെ ലാല്‍തതാംഗ ഖാള്‍റിംഗ് ഒഡിഷക്ക് ലീഡ് സമ്മാനിച്ചുവെങ്കിലും ബ്രാനിമിര്‍ ജോസിച്ചിലൂടെ പത്തു മിനിറ്റിനു ശേഷം മാസിയ തിരിച്ചടിച്ചു. എന്നാല്‍ കാര്‍ലോസ് ഡെലഗാഡൊ (15ാം മിനിറ്റ്) മുര്‍തദ ഫദ്ല്‍ (19) എന്നിവരിലൂടെ ഒഡിഷയുടെ കളിയുടെ ചുക്കാന്‍ ഏറ്റെടുത്തു. അമേയ് റണവാദെ (58), വാന്‍ലാല്‍റുവാത് ഫേല (62), സാഹില്‍ പന്‍വര്‍ (ഇഞ്ചുറി ടൈം) എന്നിവരും സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പ് ഡി-യില്‍ രണ്ട് കളിയും ജയിച്ച മോഹന്‍ബഗാനാണ് മുന്നില്‍. ഒഡിഷ ആദ്യ രണ്ടു കളികളും തോറ്റിരുന്നു. ഒഡിഷക്കും ബസുന്ധര കിംഗ്‌സിനും (ബംഗ്ലാദേശ്) മാസിയക്കും മൂന്നു പോയന്റ് വീതമുണ്ട്.






