ന്യൂദല്‍ഹി - ഇടങ്കൈയന്‍ സ്പിന്നിനെ കാഴ്ചയുടെ മധുരമാക്കി മാറ്റുകയും അധികാരികളുടെ മുന്നില്‍ ധീരമായി ധാര്‍മികതയുടെ കണ്ണാടി പിടിക്കുകയും ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ബിഷന്‍ സിംഗ് ബേദി ജ്വലിക്കുന്ന ഓര്‍മയായി. തിങ്കളാഴ്ച അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭൗതികശരീരം തന്റെ കാലത്തെയും പില്‍ക്കാലത്തെയും ഒരുപിടി ക്രിക്കറ്റര്‍മാരുടെ ദുഃഖം തളംകെട്ടി നിന്ന സാന്നിധ്യത്തില്‍ ലോധി റോഡ് ശ്മശാനത്തിലെ അഗ്നിനാളങ്ങളേറ്റു വാങ്ങി. പലരും പ്രിയപ്പെട്ട ബേദി പാജിയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി. കപില്‍ദേവ്, മദന്‍ലാല്‍, കീര്‍ത്തിആസാദ്, ഗുര്‍ശരണ്‍ സിംഗ്, മുരളി കാര്‍ത്തിക്, ഭാര്യ അഞ്ജു, മകന്‍ അംഗഡ്, മകള്‍ നേഹ, മരുമകളും ബോളിവുഡ് നടിയുമായി നേഹ ധൂപിയ, മരുമകന്‍ ഗൗരവ് തുടങ്ങിയവര്‍ തെക്കന്‍ ദല്‍ഹിയിലെ ബേദിയുടെ വസതിയായ 'ക്രിക്കറ്റ് അഡോബി'ല്‍ മൃതദേഹം ചുമന്ന് അന്ത്യയാത്രയില്‍ പങ്കുചേര്‍ന്നു. ഹോക്കി ഇതിഹാസങ്ങളായ അജിത്പാല്‍ സിംഗ്, ഗുര്‍ബക്‌സ് സിംഗ് ഉള്‍പ്പെടെ മറ്റു കായിക മേഖലകളില്‍ നിന്നും പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയുടെ ഭാര്യയും നടിയുമായ ശര്‍മിള ടാഗോറും പ്രിയ കളിക്കാരന്റെ അന്ത്യ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
തന്നെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച ഉസ്താദായിരുന്നു ബേദിയെന്ന് മദന്‍ലാല്‍ പറഞ്ഞു. അമൃതസറില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ട് തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ വലിയ മനുഷ്യനായിരുന്നു അദ്ദേഹമെന്നും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
തന്റെ ഒരു ഭാഗമാണ് അടര്‍ന്നുപോയതെന്നും പിന്തുണ വേണ്ട ഏതു ഘട്ടത്തിലും നിരാശപ്പെടുത്താതിരുന്ന മനുഷ്യനായിരുന്നു ബേദിയെന്നും മണീന്ദര്‍ സിംഗ് അനുസ്മരിച്ചു. ഞാന്‍ ഇടങ്കൈയന്‍ സ്പിന്നറായതിന് കാരണക്കാരന്‍ അദ്ദഹമാണ്. ക്രിക്കറ്റില്‍ ധാര്‍മികത വാണിരുന്ന പഴയകാലത്തിന്റെ പ്രതീകമായിരുന്നു ബേദിയെന്ന് കമന്റേറ്റര്‍ നരോത്തംപുരി വിലയിരുത്തി. വിശാലഹൃദയനായിരുന്നു അദ്ദേഹമെന്നും കറകളഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നുവെന്നും പുരി പറഞ്ഞു.
1984 ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തന്റെ അരങ്ങേറ്റത്തിന് അവസരമൊരുക്കിയത് ബേദിയായിരുന്നുവെന്നും താന്‍ ക്യാപ്റ്റനായി ചുമതലയേറ്റപ്പോള്‍ ഇന്ത്യയുടെ കോച്ചായിരുന്നു അദ്ദേഹമെന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ ഓര്‍മിച്ചു. താന്‍ ദല്‍ഹി ടീം ക്യാപ്റ്റനായ സമയത്ത് ബേദിയായിരുന്നു ദല്‍ഹിയുടെ കോച്ചെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു.






