റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റെക്കോര്‍ഡ് തവണ ജേതാക്കളായ അല്‍ഹിലാലിന് മുന്നില്‍ ഐ.എസ്.എല്‍ ടീം മുംബൈ സിറ്റി എഫ്.സി തകര്‍ന്നടിഞ്ഞു. എവേ മത്സരത്തില്‍ മറുപടിയില്ലാത്ത ആറു ഗോളിന് മുംബൈ തകര്‍ന്നടിഞ്ഞു. അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് ഹാട്രിക്കോടെ അല്‍ഹിലാലിന്റെ ആക്രമണം നയിച്ചത്. മൂന്നു കളിയില്‍ ഹിലാലിന് ഏഴ് പോയന്റായി.
സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് അബ്ദുറസാഖ് ഹംദല്ലയുടെ ഇഞ്ചുറി ടൈം ഗോളില്‍ 1-0 ന് ഇറാഖിലെ എയര്‍ഫോഴ്‌സ് ക്ലബ്ബിനെ കീഴടക്കി. ഗ്രൂപ്പ് സി-യില്‍ ഇറാനിലെ സെപാഹനെക്കാള്‍ രണ്ട് പോയന്റ് മുന്നിലാണ് ഇത്തിഹാദ്. റമീന്‍ റസായിയാന്റെ ഇരട്ട ഗോളില്‍ സെപാഹന്‍ 3-1 ന് ഉസ്‌ബെക്കിസ്ഥാനിലെ എ.ജി.എം.കെയെ കീഴടക്കി.
റിയാദില്‍ അഞ്ചാം മിനിറ്റില്‍ ഗോള്‍മുഖത്തു നിന്നുള്ള ഷോട്ടോടെ മിത്രോവിച് അല്‍ഹിലാലിനെ മുന്നിലെത്തിച്ചെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരെ മുംബൈ പിടിച്ചുനിന്നു. എന്നാല്‍ മിത്രോവിച് രണ്ടാം പകുതിയുടെ മധ്യത്തില്‍ വീണ്ടും ഗോളടിച്ചതോടെ അവരുടെ ആത്മവീര്യം തകര്‍ന്നു. 75ാം മിനിറ്റില്‍ സെര്‍ജി മിലിന്‍കോവിച് സാവിച് സ്‌കോര്‍ 3-0 ആക്കി.
തകര്‍പ്പന്‍ ബൈസികിള്‍ കിക്കോടെ മിത്രോവിച് 80ാം മിനിറ്റില്‍ ഹാട്രിക് തികച്ചു. 82ാം മിനിറ്റില്‍ മുഹമ്മദ് അല്‍ബരീഖും ഇഞ്ചുറി ടൈമില്‍ അബ്ദുല്‍ഇലാഹ് അല്‍മാലിക്കിയും വിജയം ഗംഭീരമാക്കി.
മൂന്നു കളിയില്‍ ഹിലാലിന് ഏഴ് പോയന്റായി. ഒരു ഗോളിന് പിന്നിലായ ശേഷം ഇറാന്‍ ടീം നസാജി മസന്‍ദാരനെ തോല്‍പിച്ച ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോറിനും ഏഴ് പോയന്റുണ്ട്. ഇടവേളക്ക് അല്‍പം മുമ്പ് മുഹമ്മദ് രിസ ആസാദിയിലൂടെയാണ് നസാജി ലീഡ് നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ മെഹര്‍ദാദ് ആബിദിയുടെ സെല്‍ഫ് ഗോള്‍ അവര്‍ക്ക് സമനില നിഷേധിച്ചു. 74 ാം മിനിറ്റില്‍ ഒസ്‌റ്റോണ്‍ യൂറുനോവിലൂടെ നവ്ബഹോര്‍ ഗോള്‍ മടക്കിയിരുന്നു.
ഗ്രൂപ്പ് ബി-യില്‍ ഉസ്‌ബെക്കിസ്ഥാനിലെ നസഫിനെ തോല്‍പിച്ച ഷാര്‍ജ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.






