പാക് ടീമിനെതിരെ  തുറന്നടിച്ച് ക്യാപ്റ്റന്‍

ചെന്നൈ - ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ കനത്ത തോല്‍വിക്ക് ബൗളര്‍മാരും ഫീല്‍ഡര്‍മാരുമാണ് കാരണമെന്ന് ബാബര്‍ അസം തുറന്നടിച്ചു. മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ സാധിച്ചില്ല. ഫീല്‍ഡര്‍മാര്‍ ഏകാഗ്രത പാലിച്ചില്ല. പാക്കിസ്ഥാന്റെ ഏഴിന് 282 അനായാസമാണ് അഫ്ഗാനിസ്ഥാന്‍ പിന്തുടര്‍ന്നത്. ലോകകപ്പില്‍ ആദ്യമായാണ് പാക്കിസ്ഥാന് 275 ന് മുകളിലുള്ള സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കാതിരുന്നത്. 280-290 സ്‌കോറാണ് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ ലക്ഷ്യം വെച്ചതെന്നും സ്പിന്നര്‍മാരുടെ പിടിപ്പുകേടാണ് തിരിച്ചടിയായതെന്നും ക്യാപ്റ്റന്‍ തുറന്നടിച്ചു. രണ്ടാം ഇന്നിംഗ്‌സിലും പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നുണ്ടായിരുന്നു. എന്നാല്‍ ലെംഗ്തില്‍ തുടരെ പിഴച്ചു. അതോടെ ബാറ്റര്‍മാര്‍ പ്രയാസമില്ലാതെ മുന്നേറി -ക്യാപ്റ്റന്‍ വിലയിരുത്തി. 
അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനും മുജീബുറഹ്മാനും മുഹമ്മദ് നബിയും നൂര്‍ അഹമ്മദും മുപ്പത്തെട്ടോവറില്‍ 176 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ശാദബ് ഖാന്‍-ഉസാമ മീര്‍-ഇഫ്തിഖാര്‍ അഹമ്മദ് സഖ്യം 21 ഓവറില്‍ 131 റണ്‍സ് വഴങ്ങിയിട്ടും വിക്കറ്റൊന്നും ലഭിച്ചില്ല. 
ബൗളര്‍മാര്‍ മെച്ചപ്പെടുമ്പോള്‍ ബാറ്റിംഗ് പരാജയപ്പെടുന്നതും ബാറ്റിംഗും ബൗളിംഗും നന്നാവുമ്പോള്‍ ഫീല്‍ഡിംഗില്‍ പാളുന്നതുമാണ് പാക്കിസ്ഥാന്റെ പ്രശ്‌നമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ഫീല്‍ഡിംഗ് നന്നാവണമെങ്കില്‍ കൂടുതല്‍ വലിയ ശ്രമം വേണം. പന്ത് വരുമ്പോള്‍ വേറൊരു ലോകത്താവാന്‍ പാടില്ല. അവിടെയാണ് പരാജയം. ബൗളിംഗില്‍ പറഞ്ഞുറപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാവുന്നില്ല -ബാബര്‍ പറഞ്ഞു. 
വേള്‍ഡ് ക്ലാസ് ബൗളിംഗായിരുന്നു പാക്കിസ്ഥാന്റെ ശക്തി. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ അവര്‍ വിറപ്പിച്ചു. എന്നാല്‍ ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ നസീം ഷാക്ക് പരിക്കേറ്റതോടെ എല്ലാം തകിടം മറിഞ്ഞു. നസീം മറുതലക്കല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതായതോടെ ശാഹീന്‍ അഫ്‌രീദി നിര്‍വീര്യമായി. ലോകകപ്പില്‍ ശാഹീന് 10 വിക്കറ്റുണ്ട്. എന്നാല്‍ ഒരു മത്സരത്തിന്റെയും ഗതി മാറ്റാന്‍ ശാഹീന് കഴിഞ്ഞില്ല. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റെടുത്തപ്പോഴും ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല. നെതര്‍ലാന്റ്‌സിനും ശ്രീലങ്കക്കുമെതിരെ രണ്ട് വിക്കറ്റെടുക്കാന്‍ വിട്ടുകൊടുത്തത് 103 റണ്‍സാണ്. 
ഹാരിസ് റഊഫ് അഞ്ച് കളികളില്‍ എട്ട് വിക്കറ്റെടുക്കാന്‍ 286 റണ്‍സ് വഴങ്ങി. സ്പിന്നര്‍മാരായ ശാദബ് ഖാനും ഉമാസ മീറും മുഹമ്മദ് നവാസും ചേര്‍ന്ന് ആകെ നേടിയത് ആറു വിക്കറ്റാണ്. വഴങ്ങിയത് 502 റണ്‍സും. 
ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പ്രധാന പ്രശ്‌നം. രണ്ട് അര്‍ധ ശതകം നേടിയെങ്കിലും ബാബറിന് പതിവ് താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഫീല്‍ഡില്‍ ആക്രമണോത്സുകത കാണിക്കാനും സാധിക്കുന്നില്ല. ഫീല്‍ഡ് ചെയ്യുമ്പോഴേ താന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആലോചിക്കാറുള്ളൂ എന്നും ബാറ്റ് ചെയ്യുമ്പോള്‍ വെറും ബാറ്ററാണെന്നുമാണ് ബാബര്‍ പറയുന്നത്. ഇഷ്ടക്കാരെ പ്ലേയിംഗ് ഇലവനില്‍ കുത്തിക്കയറ്റുന്നുവെന്നാണ് പാക്കിസ്ഥാനി മാധ്യമങ്ങളുടെ പരാതി. 
പാക്കിസ്ഥാന്‍ ആരാധകരെ ഏതാണ്ട് പൂര്‍ണമായി ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഗാലറിയുടെ പിന്തുണയില്ലാത്തതും ടീമിനെ അലട്ടുന്നുണ്ട്. കനത്ത സുരക്ഷ കാരണം അവര്‍ ഹോട്ടല്‍ മുറിയില്‍ തളച്ചിടപ്പെട്ടിരിക്കുകയുമാണ്. 
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആസൂത്രണമില്ലായ്മയും ടീമിനെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ചെയര്‍മാന്‍ മൂന്നു തവണ മാറി. മുന്‍ ചെയര്‍മാന്‍ നജം സേത്തി ദേശീയ കോച്ചായി മിക്കി ആര്‍തറെ കൊണ്ടുവന്നത് കൗണ്ടിയിലെ പരിശീലക പദവി തുടരാന്‍ അനുമതി നല്‍കിക്കൊണ്ടാണ്. അദ്ദേഹം ഇംഗ്ലണ്ടിലിരുന്ന് ടീമിനെ പരിശീലിപ്പിച്ചു. സൂം കോച്ചെന്ന് പേരു വീണു. പ്രധാന പെയ്‌സ്ബൗളര്‍മാരുടെ ജോലി ഭാരം കുറക്കാന്‍ ഒന്നും ചെയ്തില്ല. നസീം ഷാക്കും പകരക്കാരനാവേണ്ട ഇഹസാനുല്ല, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഹസന്‍ അലിയെ തിരിച്ചുവിളിക്കേണ്ടി വന്നു. 
വിദേശ കോച്ചുകളെയാണ് പാക്കിസ്ഥാന് പഥ്യമെന്നും അതിനാലാണ് ഓണ്‍ലൈന്‍ കോച്ചിംഗിനെ തെരഞ്ഞെടുക്കേണ്ടി വന്നതെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രം കുറ്റപ്പെടുത്തി.
 

Latest News