ഒറ്റയാനായി മഹ്മൂദുല്ല, പരാജയഭാരം കുറച്ച് ബംഗ്ലാദേശ്

മുംബൈ - ലോകകപ്പില്‍ മറ്റൊരു തട്ടുതകര്‍പ്പന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക സെമിഫൈനല്‍ പ്രതീക്ഷ ശക്തമാക്കി. ബംഗ്ലാദേശിനെ അവര്‍ 149 റണ്‍സിന് തരിപ്പണമാക്കി. ക്വിന്റന്‍ ഡികോക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറി നേടുകയും ഹയ്ന്റിക് ക്ലാസന് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി നഷ്ടപ്പെടുകയും ചെയ്യുന്നതു കണ്ട ഇന്നിംഗ്‌സില്‍ അഞ്ചിന് 382 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. മറുപടിയായി ആറിന് 81 ലേക്ക് ബംഗ്ലാദേശ് തകര്‍ന്നിരുന്നു. ഒറ്റയാനായി പൊരുതിയ മുന്‍ നായകന്‍ മഹ്മൂദുല്ലയാണ് (111 പന്തില്‍ 111) ബംഗ്ലാദേശ് ഇന്നിംഗ്‌സ് ഏതാണ്ട് അവസാനം വരെ നീട്ടിയതും സ്‌കോര്‍ 233 ലെത്തിച്ചതും. ഒമ്പതാമനായി മഹ്മൂദുല്ല പുറത്തായി ആറ് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും 46.4 ഓവറില്‍ ബംഗ്ലാദേശ് ഓളൗട്ടായി. അഞ്ച് കളിയില്‍ നാലാം തോല്‍വിയോടെ ബംഗ്ലാദേശ് പുറത്തേക്കുള്ള വഴിയിലാണ്. 

സിക്‌സര്‍ പ്രളയം
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം ശുഭകരമായിരുന്നില്ല. തെംബ ബവൂമയുടെ പരിക്ക് മാറാത്തതിനാല്‍ അയ്ദന്‍ മാര്‍ക്‌റമാണ് ഈ കളിയിലും ടീമിന് നയിച്ചത്. ഓപണര്‍ റീസ ഹെന്‍ഡ്രിക്‌സും (12) റാസി വാന്‍ഡര്‍ഡസനും (1) പുറത്തായതോടെ എട്ടോവറില്‍ രണ്ടിന് 36 ല്‍ ടീം പരുങ്ങുകയായിരുന്നു. 
ഡികോക്കും (140 പന്തില്‍ 174) മാര്‍ക്‌റമും (69 പന്തില്‍ 60) ക്ലാസനും (49 പന്തില്‍ 90) ആഞ്ഞടിച്ചതോടെ അവര്‍ തിരിച്ചടി അതിജീവിക്കുകയും വന്‍ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്തു. അവസാന ഓവറില്‍ സിക്‌സറുകളുടെ പെരുമഴയായിരുന്നു. ഡികോക്ക് ഏഴും ക്ലാസന്‍ എട്ടും ഡേവിഡ് മില്ലര്‍ (15 പന്തില്‍ 34 നോട്ടൗട്ട്) നാലും പന്തുകള്‍ ഗാലറിയിലേക്കു പറത്തി. അവസാന പത്തോവറില്‍ 144 റണ്‍സാണ് അവര്‍ അടിച്ചടുത്തത്.   
ഈ ലോകകപ്പിനു ശേഷം വിരമിക്കുന്ന ഡികോക്ക് ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. ഏഴ് സിക്‌സറിനു പുറമെ 15 ബൗണ്ടറിയുമുണ്ട് ഡികോക്കിന്റെ ഇന്നിംഗ്‌സില്‍. സെഞ്ചുറി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് റണ്ണൗട്ടില്‍ നിന്ന് ഓപണര്‍ രക്ഷപ്പെട്ടിരുന്നു. നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 101 പന്തിലാണ് സെഞ്ചുറി. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ടു മത്സരങ്ങളിലും മുപ്പതുകാരന്‍ സെഞ്ചുറിയടിച്ചിരുന്നു, ശ്രീലങ്കക്കും (100) ഓസ്‌ട്രേലിയക്കുമെതിരെ (109). 
84 റണ്‍സുമായി അവസാന ഓവര്‍ തുടങ്ങിയ ക്ലാസന്‍ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തിയെങ്കിലും രണ്ടാമത്തെ പന്തില്‍ ബൗണ്ടറി ലൈനില്‍ പിടികൊടുത്തു. ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ ക്ലാസന്‍ 109 റണ്‍സടിച്ചിരുന്നു. 
150 ഏകദിനങ്ങളില്‍ ഡികോക്കിന്റെ ഇരുപതാം സെഞ്ചുറിയാണ് ഇത്. മൂന്നാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റമും 131 റണ്‍സ് ചേര്‍ത്തു. മാര്‍ക്‌റമിനെ എതിര്‍ നായകന്‍ ശാഖിബുല്‍ ഹസനാണ് പുറത്താക്കിയത്. ഏഴ് ബൗളര്‍മാരെ മാറിമാറി ഉപയോഗിച്ചിട്ടും ബംഗ്ലാദേശിന് റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല. ഓപണിംഗ് ബൗളര്‍ മുസ്തഫിസുറഹ്മാന്‍ ഒമ്പതോവറില്‍ 76 റണ്‍സ് വിട്ടുകൊടുത്തു. 

തുടക്കം പാളി, പ്രതീക്ഷയറ്റു
ബംഗ്ലാദേശ് ആറോവറില്‍ 30 റണ്‍സടിച്ചെങ്കിലും പിന്നീട് 28 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നിലംപതിച്ചതോടെ അവരുടെ പ്രതീക്ഷ അസ്തമിച്ചു. തന്‍സീദ് ഹസനും (12) നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയും (0) ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും (1) മുശ്ഫിഖുറഹീമും (8) തുടരെ പുറത്തായി. ഏഴിന് 122 ല്‍ നിന്നാണ് അവര്‍ തിരിച്ചടി തുടങ്ങിയത്. നസൂം അഹമ്മദും (19) ഹസന്‍ മഹമൂദും (15) മുസ്തഫിസുറഹമാനും (11) മഹമൂദുല്ലക്ക് പിന്തുണ നല്‍കി. നാല് സിക്‌സറും 11 ബൗണ്ടറിയുമായി മഹമൂദുല്ല 104 പന്തില്‍ സെഞ്ചുറി തികച്ചു. 
ജെറാള്‍ഡ് കീറ്റ്‌സി മൂന്നു വിക്കറ്റെടുത്തു. മാര്‍ക്കൊ യാന്‍സനും ലിസാഡ് വില്യംസിനും കഗീസൊ റബാദക്കും രണ്ടു വീതം വിക്കറ്റെടുത്തു. 

Latest News