മുംബൈ - രണ്ടിന് 36 ലേക്ക് തകര്‍ന്ന ശേഷം ക്വിന്റന്‍ ഡികോക്കും (140 പന്തില്‍ 174) ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റമും (69 പന്തില്‍ 60) ഹയ്ന്റിക് ക്ലാസനും (49 പന്തില്‍ 90) ആഞ്ഞടിച്ചതോടെ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്തു. അവസാന ഓവറില്‍ സിക്‌സറുകളുടെ പെരുമഴയായിരുന്നു. ഡികോക്ക് ഏഴും ക്ലാസന്‍ എട്ടും ഡേവിഡ് മില്ലര്‍ (15 പന്തില്‍ 34 നോട്ടൗട്ട്) നാലും പന്തുകള്‍ ഗാലറിയിലേക്കു പറത്തി. അവസാന പത്തോവറില്‍ 144 റണ്‍സാണ് അവര്‍ അടിച്ചടുത്തത്.
ഈ ലോകകപ്പിനു ശേഷം വിരമിക്കുന്ന ഓപണര്‍ ക്വിന്റന്‍ ഡികോക്ക് ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറിയാണ് പൂര്‍ത്തിയാക്കിയത്. ഏഴ് സിക്‌സറിനു പുറമെ 15 ബൗണ്ടറിയുമുണ്ട് ഡികോക്കിന്റെ ഇന്നിംഗ്‌സില്‍. സെഞ്ചുറി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് റണ്ണൗട്ടില്‍ നിന്ന് ഓപണര്‍ രക്ഷപ്പെട്ടിരുന്നു. നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 101 പന്തിലാണ് സെഞ്ചുറി. 84 റണ്‍സുമായി അവസാന ഓവര്‍ തുടങ്ങിയ ക്ലാസന്‍ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തിയെങ്കിലും രണ്ടാമത്തെ പന്തില്‍ ബൗണ്ടറി ലൈനില്‍ പിടികൊടുത്തു.
ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ടു മത്സരങ്ങളിലും മുപ്പതുകാരന്‍ സെഞ്ചുറിയടിച്ചിരുന്നു, ശ്രീലങ്കക്കും (100) ഓസ്‌ട്രേലിയക്കുമെതിരെ (109).
ഓപണര്‍ റീസ ഹെന്‍ഡ്രിക്‌സും (12) റാസി വാന്‍ഡര്‍ഡസിയും (1) പുറത്തായി എട്ടോവറില്‍ രണ്ടിന് 36 ല്‍ ടീം പരുങ്ങുമ്പോഴാണ് ഡികോക്ക് കടിഞ്ഞാണേറ്റെടുത്തത്. മൂന്നാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റമും 131 റണ്‍സ് ചേര്‍ത്തു. മാര്‍ക്‌റമിനെ എതിര്‍ നായകന്‍ ശാഖിബുല്‍ ഹസനാണ് പുറത്താക്കിയത്. ഏഴ് ബൗളര്‍മാരെ മാറിമാറി ഉപയോഗിച്ചിട്ടും ബംഗ്ലാദേശിന് റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല.






