മുംബൈ - പരിക്കേറ്റ റീസ് ടോപ്‌ലിക്ക് പകരം ബ്രൈഡന്‍ കാര്‍സെയെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉള്‍പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച കാര്‍സെ ഇംഗ്ലണ്ടിനു വേണ്ടി 12 ഏകദിനം കളിച്ചിട്ടുണ്ട്. മൂന്ന് ട്വന്റി20യും.
ആദ്യ നാലു കളിയില്‍ മൂന്നും തോറ്റ ഇംഗ്ലണ്ടിന് മറ്റൊരു പ്രഹരമായിരുന്നു ടോപ്‌ലിയുടെ പരിക്ക്. അവര്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത റീസ് ടോപ്‌ലി കൈയില്‍ പരിക്കേറ്റാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്. ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിയില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വിരലിന് ക്ഷതമേറ്റുവെന്നാണ് സംശയം. പകരക്കാരനാവേണ്ടിയിരുന്ന ജോഫ്ര ആര്‍ച്ചര്‍ക്കും പരിക്കാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 229 റണ്‍സിന്റെ അതിഭീമന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.
ന്യൂസിലാന്റിനെതിരായ ആദ്യ കളിയിലെ തോല്‍വിക്കു ശേഷം പ്ലേയിംഗ് ഇലവനിലെത്തിയ റീസ് ടോപ്‌ലി മൂന്നു കളികളില്‍ എട്ടു വിക്കറ്റെടുത്തിരുന്നു. പരിക്കുകള്‍ പെയ്‌സ്ബൗളറെ വിടാതെ പിന്തുടരുകയാണ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പും നഷ്ടപ്പെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തലേന്ന് ബൗണ്ടറി ലൈനില്‍ തട്ടിവീണതായിരുന്നു കാരണം.
2019 ല്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായപ്പോള്‍ ടീമിലെ സൂപ്പര്‍താരമായിരുന്ന ആര്‍ച്ചര്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല. മേയിലാണ് അവസാനം കളിച്ചത്.






