റിയാദ് - അടുത്ത വര്‍ഷം മുതല്‍ ഇ-സ്പോര്‍ട്സ് ലോകകപ്പിന് സൗദി അറേബ്യ വേദിയാവും. ഇ-സ്പോര്‍ട്സ് സൗദിയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഗെയിമിംഗിന്റെയും ഇ-സ്പോര്ട്സിന്റെയും ആഗോള കേന്ദ്രമാവാനുള്ള സൗദിയുടെ യാത്രയിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ലോകകപ്പെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ഈ മേഖലയില്‍ വലിയ താല്പര്യം പ്രകടിപ്പിക്കാറുണ്ട് കിരീടാവകാശി. കഴിഞ്ഞ വര്‍ഷം സാവി ഗെയിംസ് ഗ്രൂപ്പില്‍ 3800 കോടി ഡോളര്‍ സൗദി നിക്ഷേപിച്ചിരുന്നു. 2030 ആവുമ്പോഴേക്കും ഇ-സ്പോര്‍ട്സ് മേഖലയില്‍ 39,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. സൗദി സംസ്കാരം ആഗോളതലത്തിലെത്തിക്കുന്ന രീതിയില്‍ ഗെയിമുകള്‍ വികസിപ്പിക്കുകയും സൗദിയുടെ പദ്ധതിയാണ്. 2030 ആവുമ്പോഴേക്കും ലോകോത്തര നിലവാരം പുലര്‍ത്തുന്ന 30 ഗെയിമുകള്‍ ആഭ്യന്തര സ്റ്റുഡിയോകളില്‍ തയാറാക്കാനാണ് ഉന്നമിടുന്നത്.
ഗെയിമേഴ്സ്8 ഫെസ്റ്റിവലിനു പകരമാണ് ലോകകപ്പ് ആരംഭിക്കുന്നത്. എട്ടാഴ്ച നീണ്ട ഫെസ്റ്റവലില്‍ നാലരക്കോടി ഡോളറായിരുന്നു പ്രൈസ്മണി. ലോകകപ്പില്‍ ഇ-സ്പോര്‍ട്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ്മണിയായിരിക്കും ഏര്‍പ്പെടുത്തുക.






