മറ്റൊരു വമ്പന്‍ അട്ടിറിക്ക് അരികെ അഫ്ഗാനിസ്ഥാന്‍

ചെന്നൈ - ലോകകപ്പ് ക്രിക്കറ്റില്‍ മറ്റൊരു വമ്പന്‍ അട്ടിമറിക്കരികെ അഫ്ഗാനിസ്ഥാന്‍. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച അവര്‍ പാക്കിസ്ഥാനെതിരെയും വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ടീനേജ് ലെഗ്‌സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെ നേതൃത്വത്തില് മിന്നുന്ന ബൗളിംഗ് പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍ അയല്‍ക്കാരെ ഏഴിന് 282 ലൊതുക്കി. ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (42 പന്തില്‍ 53 നോട്ടൗട്ട്) ഇബ്രാഹിം സദ്‌റാനും (64 പന്തില്‍ 56 നോട്ടൗട്ട്) അര്‍ധ ശതകം തികച്ചതോടെ പതിനെട്ടോവറില്‍ അഫ്ഗാനിസ്ഥാന്‍ 113 റണ്‍സിലെത്തി. പത്തു വിക്കറ്റും 32 ഓവറും ശേഷിക്കെ 170 റണ്‍സ് മതി മറ്റൊരു അവിസ്മരണീയ വിജയം പൂര്‍ത്തിയാക്കാന്‍. പാക്കിസ്ഥാന്റെ സ്പിന്നര്‍മാരും പെയ്‌സര്‍മാരും അമ്പേ പരാജയമായി. 
ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റില്‍ അബ്ദുല്ല ശഫീഖിനും (75 പന്തില്‍ 58) ഇമാമുല്‍ ഹഖിനും (22 പന്തില്‍ 17) ആഞ്ഞടിക്കാനായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസം (92 പന്തില്‍ 74) അര്‍ധ ശതകം തികച്ചെങ്കിലും ഫോമിലുള്ള മുഹമ്മദ് രിസ്‌വാന്‍ (34 പന്തില്‍ 25) പരാജയപ്പെട്ടു. സൗദ് ശഖീലും (34 പന്തില്‍ 25) ഇഴഞ്ഞു. ശാദബ് ഖാനും (38 പന്തില്‍ 40) ഇഫ്തിഖാര്‍ അഹമ്മദുമാണ് (27 പന്തില്‍ 40) വേഗം കൂട്ടിയത്. നൂര്‍ അഹമ്മദ് 49 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്.
 

Latest News