Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - ആടാം, പാടാം, നടിക്കാം, ജിദ്ദയിൽ കലയുടെ കളിവിളക്കൊരുങ്ങുന്നു

ചെറുതായൊന്ന് രാകിയാൽ പൊന്നുപോലെ മിനുങ്ങുന്ന ഒട്ടേറെ കഴിവുകളുണ്ട് മനുഷ്യരുടെയുള്ളിൽ. ആരും തൊടാതെ ക്ലാവു പിടിച്ചു മങ്ങിമങ്ങിപ്പോകുന്ന കഴിവുകൾ. ആളുകളുടെ കഴിവുകളെ ക്ലാവു പിടിക്കാൻ വിടാതെ തേച്ചുമിനുക്കി പുറത്തെടുക്കാനുള്ള സംരംഭത്തിന് തുടക്കമാകുകയാണ് ജിദ്ദയിൽ. ദ്രുതഗതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ജിദ്ദ എന്ന മഹാനഗരത്തിൽ പുതിയ ആർട്‌സ് അക്കാദമിക്ക് ജനുവരിയിൽ തിരശീല ഉയരും. 
ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന ലോകത്തിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നായ ജിദ്ദയിൽ നൃത്തം, അഭിനയം, മിമിക്രി, പ്രസംഗം, സിനിമ സംവിധാനം, തിരക്കഥ രചന, ക്യാമറ തുടങ്ങി മുഴുവൻ കലകളും ശാസ്ത്രീയമായി അഭ്യസിക്കാനുള്ള അരങ്ങാണ് ആർട്‌സ് അക്കാദമിയുടേത്. 

ക്ലാസിക്കൽ ഡാൻസ്, വെസ്‌റ്റേൺ മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, വെസ്‌റ്റേൺ ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സൂംബ, ഡ്രോയിംഗ് തുടങ്ങിയവയും പരിശീലിപ്പിക്കും.  പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഗുഡ്‌ഹോപ്പ് ഇന്റർനാഷണലിന്റെ കീഴിൽ സംവിധായകനും നടനുമായ നാദിർഷയാണ് ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമിയുടെ ക്രിയേറ്റീവ് ഡയറക്ടർ. നടനും കാരിക്കേച്ചർ ആർടിസ്റ്റുമായ ജയരാജ് വാര്യർ അഭിനയക്കളരിയുടെ ചുക്കാൻ പിടിക്കും. പ്രമുഖ നർത്തിക പാരീസ് ലക്ഷ്മിയാണ് നൃത്ത കല അഭ്യസിപ്പിക്കുന്നത്.
പ്രവാസികൾ അടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും ശാസ്ത്രീയമായി അഭ്യസിക്കുന്നതിനുമുള്ള ഇടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡാൻസ് അക്കാദമിക്ക് തുടക്കം കുറിക്കുന്നതെന്ന് ഗുഡ്‌ഹോപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുനൈസ് പറഞ്ഞു. താരങ്ങളെല്ലാം ഇനി ജിദ്ദയിൽനിന്നാകട്ടെയെന്ന് നാദിർഷാ ആശംസിച്ചു. സിനിമയിൽ ഉൾപ്പെടെ അവസരങ്ങളുടെ വിശാല ലോകം ജിദ്ദക്കാർക്ക് തുറന്നുകൊടുക്കുക എന്നതാണ് ഗുഡ്‌ഹോപ്പ് അക്കാദമിയുടെ ലക്ഷ്യമെന്നും നാദിർ ഷാ പറഞ്ഞു. അഭിനയ കളരിക്ക് നേതൃത്വം നൽകാൻ നാദിർഷ അടക്കമുള്ള താരങ്ങൾ ജിദ്ദയിലെത്തുമെന്നതാണ് ആർട്‌സ് അക്കാദമിയുടെ പ്രത്യേകത. 
ക്ലാസിക്കൽ ഡാൻസ് വിഭാഗത്തിന്റെ മേധാവിയായാണ് നർത്തകിയും നടിയുമായ പാരീസ് ലക്ഷ്മി എത്തുന്നത്. ബിഗ് ബി, ബാംഗ്ലൂർ ഡേയ്‌സ്, സാൾട്ട് മാംഗോ ട്രീ, ടിയാൻ തുടങ്ങി നിരവധി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുമുണ്ട്. ബാംഗ്ലൂർ ഡേയ്‌സിലെ മിഷേലായാണ് ഇവർ മലയാളി ആരാധകരുടെ മനസിൽ കുടിയേറിയത്. റിയാലിറ്റി ഷോകളിലെ വിധികർത്താവായും ഇവരെ മലയാളികൾക്ക് അറിയാം. ഗുഡ്‌ഹോപ്പിന്റെ ആർട്‌സ് അക്കാദമിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പാരീസ് ലക്ഷ്മി പറഞ്ഞു. 
പുതിയ തലമുറയിലെ പ്രഗത്ഭരെ സൃഷ്ടിക്കാനുള്ള സംരംഭമാണിതെന്ന് ജയരാജ് വാര്യർ പറഞ്ഞു. അഭിനയ വിഭാഗത്തിന്റെ തലവനായി വരുന്നതിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള നടിയും നടന്മാരും വരുന്നത് ജിദ്ദയിൽനിന്നാകട്ടെയെന്നും ജയരാജ് വാര്യർ ആശംസിച്ചു. നിസാം കാലിക്കറ്റാണ് മിമിക്രി ക്ലാസിനെ നയിക്കുന്നത്. ജിദ്ദയിലെ പ്രമുഖ കൊറിയോഗ്രാഫർമാരായ അൻഷിഫ് അബൂബക്കറും സുഹൈറുമാണ് ഗുഡ്‌ഹോപ്പ് അക്കാദമിയുടെ പ്രാദേശിക പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്. ജനുവരി അഞ്ചു മുതൽ ക്ലാസുകൾ തുടങ്ങുമെന്ന് അൻഷിഫ് അബൂബക്കർ പറഞ്ഞു.

Latest News