ഒരു പൂ ചോദിച്ചപ്പോൾ കിട്ടിയത് പൂങ്കാവനം

കൊച്ചിയിലെ നഗരത്തിരക്കുകളിൽ നിന്ന് വിട്ട് ബസ് കയറി വിദൂര നഗരങ്ങളിലേക്ക് പോകാനുള്ള ബസ് സ്‌റ്റേഷനാണ് വൈറ്റില ഹബ്. രണ്ടു മാസങ്ങൾക്കപ്പുറം ഒരു ചൊവ്വാഴ്ച ഉച്ച നേരത്ത് ഇവിടെനിന്ന് കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, കൊല്ലം വഴിയുള്ള ബസിൽ കയറി. സ്വിഫ്റ്റ് സീരീസിൽപെട്ട പുതിയ ബസ് ആണ്. യാത്രാ നിരക്ക് ഫാസ്റ്റ് പാസഞ്ചറിന്റേതും. ബസ് നിറയെ യാത്രക്കാർ. എല്ലാവരും ഫൈനൽ ഡെസ്റ്റിനേഷനിലേക്കോ കൊല്ലത്തേക്കോ ആയിരിക്കുമെന്നാണ് ധരിച്ചത്. വീതി കൂടിയ നല്ല റോഡ്. എറണാകുളം ബൈപാസിനരികിലുള്ള പുതിയ മാളും കഴിഞ്ഞ് യാത്ര തുടർന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി ബസ് നിർത്തിയപ്പോൾ ഏതെങ്കിലും ഭോജനശാലയായിരിക്കുമെന്ന് കരുതി. ബസിലെ യാത്രക്കാരിൽ മുക്കാൽ പങ്കും അവിടെ ഇറങ്ങി. രണ്ടു ദശകങ്ങളായി നാട്ടിലില്ലാത്തിനാൽ കുറച്ചു സമയമെടുത്താണ് സ്ഥലത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. ദേശീയ പാതയരികിൽ വിസ്തൃതമായ സ്ഥലത്ത് കൃപാസനം കാർ പാർക്കിംഗെന്ന ബോർഡ് കണ്ടു. കൃപാസനത്തിലേക്ക് പോകാനുള്ളവരാണ് ബസിൽ നിന്നിറങ്ങിയത്. മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്തും പിന്നീട് ഈ സ്ഥലത്തെ കുറിച്ച് പറയുന്നത് കേട്ടു. അവിടെ പോയി അവർ പ്രാർഥിച്ച ശേഷമാണ് മകൻ അനിൽ ആന്റണി ബി.ജെപിയിൽ ചേർന്നതെന്നും ഇനി തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കരുതെന്നാണ് മനസ്സിലാക്കിയതെന്നും അവർ വിശദീകരിക്കുന്നു. അനിൽ ആന്റണിയുടെ കാര്യം രമേശ് ചെന്നിത്തലയോട് ചോദിച്ച റിപ്പോർട്ടർ ടിവിയിലെ നികേഷാണ് ഈ വാരത്തിലെ താരം. ചെന്നിത്തല ഇത്രയും പക്വതയോടെ മറുപടി പറഞ്ഞപ്പോൾ അത് വൈറലായി. സമൂഹ മാധ്യമങ്ങളിലെവിടെയും ഇതാണ് നിറഞ്ഞു നിൽക്കുന്നത്. നികേഷ് കുമാറിന് യു.ഡി.എഫ് വടകര ലോക്‌സഭ സീറ്റ് വാഗ്ദാനം ചെയ്ത കാര്യം വരെ ചെന്നിത്തല വെളിപ്പെടുത്തിയപ്പോഴാണ് പലരും അറിഞ്ഞത് തന്നെ. ഏതായാലും ഇതു സംബന്ധിച്ച ട്രോളുകൾ പോലും റീ ലോഞ്ച് ചെയ്ത റിപ്പോർട്ടർ ടിവിയ്ക്ക് ഗുണമായി മാറും. റേറ്റിംഗ് കൂടാൻ ഇതും സഹായകമാവും. അതാണല്ലോ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും. നികേഷ് സാറിനെ സഹപ്രവർത്തകർ പോലും കളിയാക്കുന്നു, ജനം കണ്ടു രസിക്കുന്നു. മത്സരം നിറഞ്ഞ ന്യൂസ് ചാനൽ ലോകത്ത് റിപ്പോർട്ടർ മുന്നോട്ടേക്ക് കുതിക്കുന്നു. ഈ സ്ട്രാറ്റജി യഥാർഥത്തിൽ മലയാളത്തിൽ കൊണ്ടുവന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസാണ്. ഇലക് ഷൻ റിസൽട്ടറിയാൻ ജനം 24ന് മുമ്പിലിരുന്നത് ശ്രീകണ്ഠനും അരുണും തമ്മിലുള്ള വർത്തമാനത്തിലെ കൗതുകം കൊണ്ടാണ്. മാധ്യമ മേഖലയിൽ ഇതൊന്നും പുതിയ രീതിയല്ല. പ്രചാരത്തിൽ 15 ലക്ഷത്തിന്റെ റെക്കോർഡ് ഇന്ത്യയിൽ സൃഷ്ടിച്ച മംഗളം വാരികയെ പിൽക്കാലത്ത് മനോരമ ആഴ്ച പതിപ്പ് അതേപടി അനുകരിക്കുകയായിരുന്നു. ഇത് അംഗീകാരമായി കണ്ടാൽ മതിയെന്നാണ് പ്രശ്‌സത മാധ്യമ പ്രവർത്തകൻ കെ.എം റോയ് പറയാറുള്ളത്. 
*** *** ***
അടുത്ത കാലത്തായി ദേശീയ രാഷ്ട്രീയം പല പുത്തൻ താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ചു. 2014ൽ മോഡിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുന്നതിന് തൊട്ടു മുമ്പാണ് മാറ്റത്തിന്റെ ശംഖൊലി മുഴക്കി ഇതിൽ പലരും കടന്നു വന്നത്. അതിൽ ഗാന്ധിയെ പോലൊരാളുണ്ടായിരുന്നു-അണ്ണ ഹസാരെ. സ്ത്രീകളുടെ മാനം കാക്കാനും അഴിമതിയ്ക്ക് അറുതി വരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും പ്രായം മറന്ന പോരാളിയായി അദ്ദേഹം രംഗത്തിറങ്ങി. മൂപ്പരിപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല. അഴിമതിയുടെ വേരറുക്കാനെത്തിയ അവതാരമാണ് അരവിന്ദ് കെജരിവാൾ. ഇവർക്കെല്ലാം മലയാളികൾക്കിടയിൽ പോലും നല്ല ഫാൻ ബേസുമുണ്ടായി. അതു പോലെ നമ്മൾ കേട്ട മറ്റൊരു പേരാണ് ഷഹ്‌ല റഷീദ്. മുസ്ലിം വനിതകളും വേണമല്ലോ രാജ്യത്തെ മാറ്റി മറിക്കാൻ. ഷെഹ്‌ല വീണ്ടും വാർത്തകളിലെത്തി. 
ഇസ്രായിൽ- ഹമാസ് യുദ്ധം തുടരുന്നതിനിടെ, കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചിരിക്കുകയാണ് ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഷെഹ്‌ല. ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്നും കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കിയ സുരക്ഷാ സേനകൾക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നതായും ഷെഹ്‌ല റഷീദ് എക്സിൽ കുറിച്ചു.  നേരത്തെ മോഡി സർക്കാരിന്റെ വിമർശകയായിരുന്ന ഷെഹ്‌ല റഷീദ്, അടുത്തകാലത്തായി വിവിധ വിഷയങ്ങളിൽ മോഡി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. ജൂലൈയിൽ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുമെതിരെ നൽകിയ ഹർജി അവർ പിൻവലിച്ചിരുന്നു.
*** *** ***
ഭക്ഷണത്തിന്റെ ബിൽ കൊടുക്കാതിരിക്കാൻ ഏറ്റവും ഒടുവിൽ മുടി പൊട്ടിച്ചിട്ടും ഫുഡിൽ കൂറയെ കണ്ടെന്നും പറഞ്ഞ് സീനുണ്ടാക്കുന്ന  സിനിമ മലയാളികൾ കണ്ടിട്ടുണ്ട്. മറ്റൊരു ഹാസ്യ പടത്തിൽ കാമുകിയുടേയും കൂട്ടുകാരികളുടേയും  ഭീകര ബിൽ വന്നപ്പോൾ ടോയ്‌ലറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ മലയാളി നായകനേയും കണ്ടിട്ടുണ്ട്. ഇതിന്റെയെല്ലാം മൂത്താപ്പയെന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങളാണ് ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നത്.  ഡേറ്റുകൾക്ക് പോയി ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നവരും ഉണ്ട്. ഏതായാലും അങ്ങനെ കഴിച്ചതിന്റെ പേരിൽ കാമുകൻ റെസ്റ്റോറന്റിൽ തന്നെ തനിച്ചാക്കിപ്പോയ അനുഭവമാണ് ഒരു യുവതി പങ്ക് വെച്ചത്. യുവതി റെസ്റ്റോറന്റിൽ കയറി അനേകം ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു. അവസാനം ബില്ല് വന്നപ്പോൾ പതിനയ്യായിരത്തിൽ കൂടുതലായി. ഇതോടെ കാമുകൻ റെസ്റ്റ്റൂമിൽ പോകുന്നുവെന്നു പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. അമേരിക്കയിലെ ടിക് ടോക്ക് യൂസറാണ് കാമുകനൊപ്പം ഡേറ്റിന് പോയത്. ഇരുവരും തെരഞ്ഞെടുത്തത് അറ്റ്ലാന്റയിലെ ഫോണ്ടൈന്റെ ഓയ്സ്റ്റർ ഹൗസാണ്. അവിടെ വച്ച് യുവതി 48 ഓയ്സ്റ്റർ ഓർഡർ ചെയ്തു. അപ്പോൾ തന്നെ കാമുകൻ അന്തംവിട്ടു പോയി. എന്നാൽ, അവിടം കൊണ്ടും തീർന്നില്ല. അത് കഴിച്ചു കഴിഞ്ഞ് അവൾ ലെമൺ ഡ്രോപ്പ് മാർട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓർഡർ ചെയ്തു. അതോടെ കാമുകൻ ആകെ അസ്വസ്ഥനാവുകയായിരുന്നു.ഇതെന്താണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതായിരുന്നു അയാളുടെ  ചോദ്യം. അതിന് യുവതി പറഞ്ഞ മറുപടി നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചു, ഞാനിവിടെ എന്റെ ഭക്ഷണം ആസ്വദിക്കുന്നു എന്നാണ്. എന്നാൽ, യുവാവ് ഈ മറുപടിയിലൊന്നും തൃപ്തനായില്ല.  ബിൽ  വന്നതിന് പിന്നാലെ യുവാവ് താൻ റെസ്റ്റ്റൂമിൽ പോവുകയാണ് എന്നും പറഞ്ഞ് പോയി. അവിടെ നിന്നും അയാൾ തിരികെ വരാതെ ഒറ്റമുങ്ങലായിരുന്നു. അയാൾ കഴിച്ചത് ഒരു ഡ്രിങ്ക് മാത്രമായിരുന്നു. പിന്നീട്, ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും യുവതി പങ്കുവെച്ചു. താൻ കുറച്ച് ഡ്രിങ്ക്സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓർഡർ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി. പഴയ ഐ.വി ശശി പടത്തിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറഞ്ഞ ഓനിക്കൊരു ചിക്കൻ ബിരിയാണി, ഞമ്മക്ക് സുലൈമാനി ഡയലോഗാണ് ഇതു വായിച്ചപ്പോൾ ഓർത്തു പോയത്. 
സ്‌പെയിനിലിതാ വേറൊരു വിദ്വാൻ. സ്പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. റെസ്റ്റോറന്റുകളിൽ കയറി സ്പെഷ്യൽ ഫുഡ് കഴിച്ച ശേഷം ബിൽ അടയ്ക്കുന്ന ഘട്ടത്തിൽ ഹൃദയാഘാതം അഭിനയിക്കുന്നതാണ് രീതി. ഭക്ഷണം കഴിച്ചതിന്റെ ബിൽ അടയ്ക്കുന്നതിൽനിന്ന് രക്ഷപ്പെടാൻ സ്ഥിരമായി ഹൃദയാഘാതം അഭിനയിച്ചിരുന്ന 50കാരനാണ് അറസ്റ്റിലായത്.  20ലധികം റെസ്റ്റോറന്റുകളെയാണ് ഇത്തരത്തിൽ ഇയാൾ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തട്ടിപ്പ് തുടർന്നതോടെ 50കാരന്റെ ചിത്രം റെസ്റ്റോറുകൾക്ക് ഇടയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസമാണ് 50കാരൻ പിടിയിലായത്. ഭക്ഷണം കഴിച്ച ശേഷം 37 ഡോളറിന്റെ ബിൽ കൊടുത്തു. സ്റ്റാഫ് മാറിയ സമയത്ത് ബിൽ അടയ്ക്കാതെ രക്ഷപ്പെടാനാണ് 50കാരൻ ശ്രമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ  പോകാൻ അനുവദിച്ചില്ല. റൂമിൽ പോയി പണവുമായി വരാമെന്ന് പറഞ്ഞിട്ടും ജീവനക്കാർ വിട്ടില്ല. ഈസമയത്ത് വീണ്ടും ഹൃദയാഘാതം അഭിനയിച്ചു. നിലത്ത് കുഴഞ്ഞുവീഴുന്നത് പോലെയാണ് അഭിനയിച്ചത്. ഇനി ഇത്തരത്തിൽ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ 50കാരന്റെ ചിത്രം മറ്റു റെസ്റ്റോറന്റുകൾക്ക് കൈമാറിയതായി ജീവനക്കാർ പറഞ്ഞു. 
*** *** ***
ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് സ്വർണത്തിലുള്ള ഐഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉർവശി റൗട്ടേല. ഫോൺ നഷ്ടമായെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ഉർവശി  സോഷ്യൽ മീഡിയ പേജുകളിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ ഫോൺ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അഹമ്മദാബാദ് പോലീസും രംഗത്തെത്തി. ഒരാഴ്ച മുമ്പാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇന്ത്യ - പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം നടന്നത്. ഈ മത്സരം കാണാൻ നിരവധി പ്രമുഖർ എത്തിയിരുന്നു. അക്കൂട്ടത്തിൽ നടി ഉർവശി റൗട്ടേലയും ഉണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ്  സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ നഷ്ടമായത്. '24 കാരറ്റ് ഒർജിനൽ സ്വർണത്തിലുള്ള എന്റെ ഐ ഫോൺ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക'.- എന്നാണ് പോസ്റ്റിൽ നടി കുറിച്ചത്. പോസ്റ്റിൽ അഹമ്മദാബാദ് പോലീസിൽ പരാതി നൽകിയ പേപ്പറിന്റെ ചിത്രവും ഉണ്ട്. നാല് ദിവസമായിട്ടും പ്രതികരണമൊന്നുമില്ലെന്നായപ്പോൾ താരം പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്തെത്തി. കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നറിയിച്ചപ്പോൾ ഒരാളുടെ ഇ-മെയിൽ ലഭിച്ചു. അയാൾ മുന്നോട്ടുവെച്ച ആവശ്യമാണ് അംഗീകരിക്കാൻ വിഷമമുള്ളതെന്ന് നടി പറഞ്ഞതായി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. ഫോൺ തിരിച്ചുതരാം, സഹോദരന്റെ കാൻസർ ചികിത്സ ഏറ്റെടുക്കാൻ തയാറാകണമെന്നാണ് ആവശ്യം. ഇക്കാര്യവും ഉർവശി സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിട്ടുണ്ട്. 
*** *** ***
കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പത്മജ വേണുഗോപാൽ. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം നിലപാട്  പുലർത്തുന്നവരാണ് ഇപ്പോഴും പാർട്ടിയിലുള്ളതെന്നും പത്മജ ആരോപിച്ചു. നേരിട്ട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകളെ മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിർത്തി തോൽപ്പിക്കുന്ന പതിവ് പാർട്ടിയിൽനിന്ന് ഇല്ലാതായിട്ടില്ലെന്നും പത്മജ തുറന്നടിച്ചു. കാണാൻ കൊള്ളാവുന്ന സ്ത്രീകൾ കോൺഗ്രസിലെത്തിയാൽ അവരുടെ ജീവിതം തീർന്നു. സാധാരണ സ്ത്രീകൾക്ക് പാർട്ടിയിൽ പ്രവർത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്ത്രീകൾ തെരഞ്ഞെടുപ്പിൽ നിന്നാൽ അവർതന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോൾ ഉസ്മാൻ ഉപതെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോൾ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി?. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അവരെ തോൽപ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. പിൻഗാമിയാക്കാൻ കെ കരുണാകരൻ കരുതിയിരുന്നത് കെ. മുരളീധരനെയല്ല.   മറ്റൊരു നേതാവിനെയായിരുന്നു കരുണാകരൻ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്. ആ ദ്രോഹത്തിന് അവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവർക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയത്- പത്മജ പറഞ്ഞു.
കെ. കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാൻ പരമാവധി ആഗ്രഹിക്കുന്നവരാണ് കോൺഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നിൽക്കുന്നവരിൽ മിക്കവരും കരുണാകരൻ കൂടെ നിർത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കെ. കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളും. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സഹിക്കാൻ വയ്യാതായാൽ തനിക്ക് പലതും തുറന്നുപറയേണ്ടിവരുമെന്നും പത്മജ പറഞ്ഞു.
*** *** ***
ലൈവ് റിപ്പോർട്ടിംഗിനിടെ പല തരം പ്രതികരണങ്ങൾ പ്രേക്ഷകർ കാണാറുണ്ട്. ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ലൈവ് വാർത്താ ബുള്ളറ്റിനിടെ പ്രതിഷേധിച്ച് ശ്രദ്ധ നേടിയ റഷ്യൻ മാധ്യമ പ്രവർത്തകയാണ് മറീന ഒവ്സ്യാനികോവ. ഇവർക്ക്  ഫ്രാൻസിൽ വച്ച് വിഷബാധയേറ്റെന്നാണ് റിപ്പോർട്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ്  മറീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. പാരീസിലെ തന്റെ അപ്പാർട്ട്‌മെന്റിന്റെ വാതിൽ തുറന്ന ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും പൗഡർ പോലുള്ള എന്തോ ഒന്ന് വാതിലിൽ പുരണ്ടിരുന്നെന്നും മറീന പോലീസിന് മൊഴി നൽകി. ഇതോടെ അധികൃതർ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം മറീനയുടെ അപ്പാർട്ട്‌മെന്റ് പരിശോധിച്ചു. മറീനയ്ക്ക് വിഷബാധയേറ്റെന്ന സാധ്യത തള്ളില്ലെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ വർഷം മാർച്ചിലാണ് മറീന റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള 'ചാനൽ 1' ന്റെ ലൈവ് വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ചത്. ഇവിടെ എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു മറീന. വാർത്ത വായിച്ചിരുന്ന ന്യൂസ് റീഡറുടെ പിന്നിലെത്തിയ മറീന 'യുദ്ധം അവസാനിപ്പിക്കൂ. ഇത് വിശ്വസിക്കരുത്. ഇവർ ഇവിടെയിരുന്ന് കള്ളം പറയുകയാണ്' എന്നെഴുതിയ പോസ്റ്റർ പ്രദർശിപ്പിച്ചു. പിന്നാലെ വാർത്താ വായന തടസപ്പെട്ടു.
ഉക്രെയിനിലെ  പ്രത്യേക സൈനിക നടപടിയെ  പറ്റി വ്യാജവാർത്തകൾ പ്രചരിക്കുന്നതും, നടപടിയെ 'യുദ്ധം' എന്ന് വിശേഷിപ്പിക്കുന്നതും തടയുന്നതിന് റഷ്യയിൽ നിയമം പാസാക്കിയിരുന്നു. 15 വർഷം വരെ ജയിൽ ശിക്ഷയോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിവ. ഇത് പ്രകാരം മറീനയ്‌ക്കെതിരെ കേസെടുത്തിരുന്നു. മറീനയിൽ നിന്ന് 30,000 റൂബിൾ പിഴ ഈടാക്കി. വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഇതിനിടെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സംഘടനയുടെ സഹായത്തോടെ 12 വയസുള്ള മകളുമായി 45കാരിയായ മറീന റഷ്യ വിട്ട് പാരീസിലെത്തി. കഴിഞ്ഞയാഴ്ച റഷ്യൻ കോടതി മറീനയ്ക്ക് എട്ടര വർഷം ജയിൽശിക്ഷയും വിധിച്ചിരുന്നു.
ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമ്മുടെ ധാരണ ഒന്നു കൂടി ശക്തമാവുകയാണ്. 
വളരെ അപകടം പിടിച്ച ജോലിയാണ് മാധ്യമ പ്രവർത്തനമെന്നത്. യുദ്ധവും സംഘർഷവും നിലനിൽക്കുന്നിടത്തെ കാര്യം പറയാനുമില്ല. ഏറ്റവുമൊടുവിൽ ഇസ്രായിൽ -ഹമാസ് സംഘർഷത്തിനിടയിലും മാധ്യമ പ്രവർത്തകർ കൊല്ലെപ്പടുന്നു. റോയിട്ടേഴ്‌സിന്റെ വീഡിയോ ജേണലിസ്റ്റ് മരിച്ചവരിലുൾപ്പെടുന്നു. ഗാസയിൽ നിന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ഇസ്രായിൽ തീരുമാനിക്കുന്നു. 
ഇത് യുദ്ധ മേഖലയിലെ കാര്യം. സമാധാനത്തിന്റെ തുരുത്തായ കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ കാര്യമാണ് മഹാ കഷ്ടം. ദൃശ്യ മാധ്യമക്കാരുടെ കാര്യം പറയാനുമില്ല. കഴിഞ്ഞ ദിവസം യു.ഡി.എഫ് സമരം നടക്കുന്നതിനാൽ അൽപ്പം നടക്കേണ്ടിവന്ന ശാസ്ത്ര ഉപദേഷ്ടാവ് ന്യൂസ് 18 റിപ്പോർട്ടറോട് രോഷം പ്രകടിപ്പിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി. നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടെ എന്നായിരുന്നു ശാസ്ത്രീയമായ ചോദ്യം. സ്വപ്‌നയിൽ നിന്ന് പുരസ്‌കാരം വാങ്ങിയ ഇദ്ദേഹത്തെ ശരിക്കും ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിസിയെങ്കിലും ആക്കേണ്ടതാണ്.

Latest News