ഗ്രീസ്മാന്‍ ഹാട്രിക്, അത്‌ലറ്റിക്കൊ രണ്ടാമത്

മഡ്രീഡ് - പത്തു പേരായിച്ചുരുങ്ങിയ സെല്‍റ്റവീഗോയെ 3-0 ന് തകര്‍ത്ത അത്‌ലറ്റിക്കൊ മഡ്രീഡ് സ്പാനിഷ് ലീഗ് ഫുട്പബോളില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നു ഗോളുമടിച്ചത് ആന്റോയ്ന്‍ ഗ്രീസ്മാനാണ്. റയല്‍ മഡ്രീഡിനെക്കാള്‍ മൂന്നു പോയന്റ് പിന്നിലാണ് അവര്‍. ഒരു കളി ബാക്കിയുണ്ട്. മൂന്നാം സ്ഥാനത്ത് ജിരോണയാണ്. ബാഴ്‌സലോണ ഇന്ന് അത്‌ലറ്റിക് ബില്‍ബാവോയെ നേരിടും. 
22ാം മിനിറ്റില്‍ ആല്‍വരൊ മൊറാറ്റയെ ഫൗള്‍ ചെയ്തതിന് ഗോള്‍കീപ്പര്‍ ഇവാന്‍ വിയാര്‍ ചുവപ്പ് കാര്‍ഡ് കണ്ടത് സെല്‍റ്റക്ക് തിരിച്ചടിയായി. വിസന്റെ ഗ്വിയാറ്റ പകരം ഗോളിയായി വന്നു. 64, 70 മിനിറ്റുകളിലും ഗ്രീസ്മാന്‍ സ്‌കോര്‍ ചെയ്തു. 

ദീര്‍ഘകാലം റയല്‍ മഡ്രീഡിനെ നയിച്ച സെര്‍ജിയൊ റാമോസ് അവര്‍ക്കെതിരെ ഇറങ്ങിയ സ്പാനിഷ് ലീഗ് മത്സരത്തില്‍ സെവിയ 1-1 സമനില നേടി. മുപ്പത്തേഴുകാരന്റെ ബാല്യകാല ക്ലബ്ബാണ് സെവിയ. പഴയ ക്ലബ്ബിനെതിരെ പതിവ് പോലെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു റാമോസ്.  സെവിയയില്‍ തിരിച്ചെത്തിയ ശേഷം റയലിനെതിരെ റാമോസിന്റെ ആദ്യ മത്സരമാണ് ഇത്. 
എഴുപത്തിനാലാം മിനിറ്റില്‍ ഡാവിഡ് ആലബയുടെ സെല്‍ഫ് ഗോളില്‍ സെവിയയാണ് ലീഡ് ചെയ്തത്. നാലു മിനിറ്റിനു ശേഷം ഡാനി കര്‍വഹാലിന്റെ ഹെഡറിലൂടെ റയല്‍ ഗോള്‍ മടക്കി. 

Latest News