ടയ്‌ലര്‍ പറയുന്നു, ആ കുപ്പായം ഇന്ത്യക്കു തന്നെ

ധര്‍മശാല - ഈ ലോകകപ്പില്‍ ചാമ്പ്യന്മാരുടെ കുപ്പായം ഇന്ത്യക്കു തന്നെയെന്ന് മുന്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ റോസ് ടയ്‌ലര്‍. ന്യൂസിലാന്റും ഇന്ത്യയും ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ടയ്‌ലറുടെ പ്രസ്താവന. 
സ്വന്തം മണ്ണില്‍ ഇന്ത്യയെ കീഴടക്കുക പ്രയാസമാണെന്നും സ്വാഭാവികമായും ശക്തമായിത്തന്നെയാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നതെന്നും ടയ്‌ലര്‍ അഭിപ്രായപ്പെട്ടു. നിറഞ്ഞ ഗാലറി ന്യൂസിലാന്റിനെതിരെ ഉണ്ടായിരിക്കുമെന്നും ടയ്‌ലര്‍ ഓര്‍മിപ്പിച്ചു. 
ഏകദിന ലോകകപ്പുകളില്‍ എട്ട് തവണ ഇന്ത്യയും ന്യൂസിലാന്റും ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചു തവണയും ന്യൂസിലാന്റാണ് ജയിച്ചത്. അവസാനമായി 2019 ല്‍ സെമി കളിച്ചപ്പോഴും ന്യൂസിലാന്റിനായിരുന്നു ജയം. 
ഇന്ത്യ മനോഹരമായ ക്രിക്കറ്റാണ് കളിക്കുന്നതെന്ന് ഇപ്പോഴത്തെ ന്യൂസിലാന്റ് ക്യാപ്റ്റന്‍ ടോം ലേതമും അഭിപ്രായപ്പെട്ടു. ന്യൂസിലാന്റിന് താരതമ്യേന ശക്തമായ ടീമുകളെയാണ് ഇനി നേരിടാനുള്ളത് -ഇന്ത്യ, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളെ. 
 

Latest News