ഒന്നാം സ്ഥാനം  തിരിച്ചു പിടിച്ച് സിറ്റി

ലണ്ടന്‍ - ബ്രൈറ്റനെ 2-1 ന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏഴാം മിനിറ്റില്‍ യൂലിയന്‍ അല്‍വരേസും 19ാം മിനിറ്റില്‍ എര്‍ലിംഗ് ഹാളന്റുമാണ് സ്‌കോര്‍ ചെയ്തത്. അന്‍സു ഫാത്തി 73ാം മിനിറ്റില്‍ ലീഡ് കുറച്ചു. ഒമ്പത് കളിയില്‍ സിറ്റിക്ക് 21 പോയന്റായി. ചെല്‍സിയെ തോല്‍പിച്ചാല്‍ ആഴ്‌സനലിന് അവരെ മറികടക്കാം. 
മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളില്‍ 2-0 ന് എവര്‍ടനെ തോല്‍പിച്ച ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്റ്റല്‍പാലസിനെ 4-0 ന് തകര്‍ത്ത് ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 
പത്തു പേരായിച്ചുരുങ്ങിയ എവര്‍ടനെതിരെ അവസാന വേളയിലാണ് സലാഹിന്റെ ഗോളുകള്‍. റഫറിയിംഗ് വിവാദം മത്സരത്തിന്റെ നിറംകെടുത്തി. 
നിസ്സാര ഫൗളിന് പതിനെട്ടാം മിനിറ്റില്‍ ആഷ്‌ലി യംഗ് മഞ്ഞക്കാര്‍ഡ് കാണുകയും മുപ്പത്തേഴാം മിനിറ്റില്‍ ലൂയിസ് ഡിയാസിനെ ഫൗള്‍ ചെയ്തതിന് വീണ്ടും മഞ്ഞക്കാര്‍ഡ് കിട്ടി പുറത്താവുകയും ചെയ്തു. ഈ നഗര വൈരികള്‍ തമ്മിലുള്ള പോരാട്ടത്തിലെ 23ാം മഞ്ഞക്കാര്‍ഡായിരുന്നു ഇത്. തൊട്ടുപിന്നാലെ അത് 28 ആവേണ്ടതായിരുന്നു. ഒരു മഞ്ഞക്കാര്‍ഡ് കിട്ടിയ ലിവര്‍പൂളിന്റെ ഇബ്രാഹിം കോനാടെക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കിട്ടേണ്ടതായിരുന്നു. പക്ഷെ റഫറി മടിച്ചു. അപകടം മണത്ത ലിവര്‍പൂള്‍ യൂര്‍ഗന്‍ ക്ലോപ് ഉടനെ തന്നെ കോനാടെയെ പിന്‍വലിച്ചു. 
സംഭവത്തില്‍ എവര്‍ടന്‍ രോഷം കൊള്ളുന്നതിനിടയിലാണ് എഴുപത്തഞ്ചാം മിനിറ്റില്‍ ഡിയാസിന്റെ ക്രോസ് പകരക്കാരന്‍ മൈക്കിള്‍ കീനിന്റെ കൈയില്‍ കൊള്ളുന്നതും ലിവര്‍പൂളിന് പെനാല്‍ട്ടി കിട്ടുന്നതും. സലാഹ് അത് ഗോളാക്കി. ഈ സീസണിലെ ലീഗില്‍ ആറാം ഗോള്‍. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ പ്രത്യാക്രമണത്തില്‍ നിന്ന് സലാഹ് വീണ്ടും സ്‌കോര്‍ ചെയ്തു. ഒമ്പത് കളികളില്‍ ലിവര്‍പൂളിന്റെ ആറാം ജയമാണ് ഇത്. 

Latest News