ധര്‍മശാലയില്‍ ഷമി ആദ്യ മത്സരം കളിക്കുമോ?

ഇന്ത്യxന്യൂസിലാന്റ്
ധര്‍മശാല, നാളെ 11.30

ധര്‍മശാല - ലോകകപ്പില്‍ ആദ്യ നാലു കളികളും ജയിച്ച ആവേശത്തിലാണ് ഇന്ത്യ. പക്ഷെ ഞായറാഴ്ച ന്യൂസിലാന്റിനെ നേരിടുമ്പോള്‍ രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ഉള്ള് വിറക്കും. ന്യൂസിലാന്റും വലിയ ബഹളമില്ലാതെ നാലു കളികള്‍ ജയിച്ചിട്ടുണ്ട്. റണ്‍റെയ്റ്റില്‍ ഇന്ത്യയെ കടന്ന് അവര്‍ ഒന്നാം സ്ഥാനത്തുമാണ്. അതു മാത്രമല്ല പ്രശനം. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ എപ്പോഴും തോല്‍പിച്ച ചരിത്രമുണ്ട് ന്യൂസിലാന്റിന്. 2019 ലെ ലോകകപ്പില്‍ കിരീടത്തിലേക്ക് കുതിച്ച ഇന്ത്യയെ സെമിയില്‍ മുട്ടുകുത്തിച്ചത് കിവീസാണ്. 1992 മുതലുള്ള ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഒമ്പത് തവണ ന്യൂസിലാന്റിനെ നേരിട്ടപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. അതും മാത്രമല്ല, ഇപ്പോള്‍ രണ്ട് ടീമുകളും അജയ്യരായി മുന്നേറുകയാണ്. ധര്‍മശാലയില്‍ ഒരു ടീമിന് തോറ്റേ പറ്റൂ. 
മഞ്ഞ് മൂടിയ ദൗലാധര്‍ മലനിരകളുടെ പശ്ചാത്തലഭംഗിയുണ്ട് ധര്‍മശാല സ്റ്റേഡിയത്തിന്. ഉയരം കൂടുമ്പോള്‍ പെയ്‌സ്ബൗളിംഗിന് സഹായം കിട്ടും. ഈ ലോകകപ്പില്‍ ധര്‍മശാലയില്‍ നടന്ന കളികളില്‍ രണ്ട് ഇന്നിംഗ്‌സിലും ആദ്യ പത്തോവറില്‍ പന്ത് നന്നായി സ്വിംഗ് ചെയ്തിരുന്നു. അതിനാല്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്കു പകരം മുഹമ്മദ് ഷമി കളിച്ചേക്കും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കൂടി ചേരുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സിറാജ് ലോകകപ്പില്‍ പതിവ് ഫോമിലല്ല. എന്നാല്‍ ധര്‍മശാലയിലെ സ്വിംഗ് സിറാജിനെ അപകടകാരിയാക്കും. 
പെയ്‌സ്ബൗളിംഗില്‍ കിവീസും ചില്ലറക്കാരല്ല. 2019 ലെ ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിച്ച മാറ്റ് ഹെന്റിയും ട്രെന്റ് ബൗള്‍ടും ലോക്കി ഫെര്‍ഗൂസനും ഇപ്പോഴുമുണ്ട്. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നാറാണ് ഈ ലോകകപ്പില്‍ വിക്കറ്റ്‌കൊയ്ത്തില്‍ ഒന്നാമത്. രണ്ട് ബാറ്റിംഗ് നിരയും ഒപ്പത്തിനൊപ്പം നില്‍ക്കും. റണ്‍കൊയ്ത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഡെവോണ്‍ കോണ്‍വെയും ആദ്യ നാലിലുണ്ട്. 
ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍് എന്നിവരിലൊരാളെയും ശാര്‍ദുല്‍ താക്കൂറിന് പകരം ഷമിയെയും കളിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ന്യൂസിലാന്റ് ടീമില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് പരിക്കാണ്. മാറ്റ് ഹെന്റി ഉജ്വലമായി പന്തെറിയുന്ന സാഹചര്യത്തില്‍ ടിം സൗതിക്ക് സ്ഥാനം കിട്ടാനിടയില്ല. 
ധര്‍മശാലയില്‍ നടന്ന ഏഴ ഏകദിനങ്ങളിലും ടോസ് നേടിയ ടീം ഫീല്‍ഡ് ചെയ്യുകയാണ് ചെയ്തത്. ശുഭ്മന്‍ ഗില്ലിന് ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 2000 റണ്‍സിലെത്തിയ ബാറ്ററാവാന്‍ അവസരമുണ്ട്. ഇന്ന് കിവീസിനെ നയിക്കുന്ന ടോം ലേതം ഇന്ത്യക്കെതിരായ 20 ഇന്നിംഗ്‌സില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.
ന്യൂസിലാന്റിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ ഇന്ത്യയാണ് ജയിച്ചത്. അതിന് മുമ്പ് പൂര്‍ത്തിയായ അഞ്ച് കളികളും ന്യൂസിലാന്റ് നേടി.  


ഇന്ത്യ x ന്യൂസിലാന്റ്
ഇന്ത്യന്‍ ജയം - 58
ന്യൂസിലാന്റ് ജയം - 50
ടൈ -1
ഫലമില്ല -7

Latest News