എണ്‍പത്താറാം വയസ്സില്‍ അന്തരിച്ച ബോബി ചാള്‍ടനെക്കുറിച്ച് അനുസ്മരണം
ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണ മുഹൂര്‍ത്തമാണ് 1966 ല്‍ അവര്‍ സ്വന്തം മണ്ണില്‍ ലോക ചാമ്പ്യന്മാരായത്. ആ വര്‍ഷം യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായത് ബോബി ചാള്‍ട്ടനായിരുന്നു. ഇംഗ്ലണ്ടിന്റെ വിജയത്തില്‍ ചാള്‍ട്ടന്റെ സംഭാവനക്ക് ഇതില്‍പരം തെളിവ് വേണ്ട. 1968 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ യൂറോപ്യന്‍ കപ്പ് വിജയത്തിലേക്കും നയിച്ചത് കളിയിലെ മികവ് പോലെ മാന്യതക്കും പേരെടുത്ത ഈ മുന്‍നിര താരം തന്നെ. ഇംഗ്ലണ്ട് ജഴ്‌സിയില്‍ നൂറിലേറെ മത്സരം കളിച്ചവരില്‍ അഞ്ചാം സ്ഥാനത്താണ് ചാള്‍ട്ടന്‍. ഇംഗ്ലണ്ടിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും വേണ്ടി ഏറ്റവുമധികം ഗോളടിച്ച റെക്കോര്‍ഡ് 40 വര്‍ഷത്തോളം ബോബി ചാള്‍ടന്റെ പേരിലായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയും ഇംഗ്ലണ്ടിനു വേണ്ടിയും അരങ്ങേറ്റത്തില്‍ സ്‌കോര്‍ ചെയ്തു.
എഫ്.എ കപ്പ് ഫൈനലിലും യൂറോപ്യന്‍ കപ്പ് സെമി ഫൈനലിലുമെത്തി വന്‍ പ്രതീക്ഷ സൃഷ്ടിച്ച അമ്പതുകളുടെ ഒടുവിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍നിരയില്‍ അംഗമായിരുന്നു. 1958 ഫെബ്രുവരിയില്‍ മ്യൂണിക്കിലുണ്ടായ വിമാനദുരന്തത്തില്‍ ആ ടീമിലെ എട്ടു പേര്‍ ദാരുണമായി കൊല്ലപ്പെട്ടെങ്കിലും ചാള്‍ട്ടന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാറ്റ് ബസ്ബി ആ ടീമിനെ പിന്നീട് ഉടച്ചുവാര്‍ത്തത് ചാള്‍ട്ടനു ചുറ്റുമായിരുന്നു. 1963 ല്‍ എഫ്.എ കപ്പും 1965 ലും 1967 ലും ലീഗ് കിരീടവും നേടിയ ആ ടീം 1968 ല്‍ യൂറോപ്പിന്റെ രാജാക്കന്മാരായി.
1958 ല്‍ മ്യൂണിക് ദുരന്തത്തിന്റെ മാനസികാഘാതം മാറും മുമ്പെ ആദ്യ ലോകകപ്പിന് സ്വീഡനിലെത്തിയ ചാള്‍ട്ടന്‍ ഒരു മത്സരത്തിലും ഇറങ്ങിയില്ല. ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ മടങ്ങി. 1962 ല്‍ ചാള്‍ട്ടന്റെ കൂടി ഗോളില്‍ അര്‍ജന്റീനയെ 3-1 ന് തോല്‍പിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ബ്രസീലിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 1966 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പെത്തിയപ്പോള്‍ ബോബിക്കൊപ്പം സഹോദരന്‍ ജാക്കും ടീമിലുണ്ടായിരുന്നു. മെക്‌സിക്കോക്കെതിരെ ഒറ്റയാന്‍ മുന്നേറ്റത്തില്‍ സ്‌കോര്‍ ചെയ്ത ചാള്‍ട്ടന്‍ പോര്‍ചുഗലിനെതിരായ സെമിയില്‍ ഇംഗ്ലണ്ടിന്റെ രണ്ടു ഗോളിനുമുടമയായി. ഫൈനലില്‍ ചാള്‍ട്ടനും ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബവറും തമ്മിലുള്ള പോരാട്ടം ഐതിഹാസികമായിരുന്നു. 1970 ലെ ലോകകപ്പില്‍ നാടകീയമായാണ് ചാള്‍ട്ടന്റെ കരിയര്‍ അവസാനിച്ചത്. 1966 ലെ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ആ ക്വാര്‍ട്ടര്‍. 20 മിനിറ്റ് ശേഷിക്കെ ഇംഗ്ലണ്ട് 2-1 ന് മുന്നിലായിരുന്നു. സെമിക്കു മുമ്പ് വിശ്രമം നല്‍കാനായി ചാള്‍ട്ടനെ കോച്ച് തിരിച്ചുവിളിച്ചു. പിന്നീടങ്ങോട്ട് ജര്‍മനി ഇരമ്പിക്കയറി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ 3-2 ന് അവര്‍ ജയിച്ചു. തോല്‍വിക്കു പിന്നാലെ ചാള്‍ട്ടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
പീന്നീട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും ഇംഗ്ലണ്ടിലും ഫിഫയിലുമൊക്കെയായി വിവിധ പദവികള്‍ ചാള്‍ട്ടന്‍ വഹിച്ചു.
അറിയാമോ? ബോബി ചാള്‍ട്ടന്‍ ജ്യേഷ്ഠന്‍ ജാക് ചാള്‍ട്ടനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല. എന്നാല്‍ 2008 ല്‍ സമഗ്ര സംഭാവനക്കുള്ള ബി.ബി.സി അവാര്‍ഡ് ബോബിക്ക് സമ്മാനിച്ചത് ജാക്കായിരുന്നു.






