ദോഹ- കെ.എം.സി.സിയുടെ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സംഗമങ്ങൾ നമ്മുടെ സാമൂഹിക സാമുദായിക പ്രവർത്തനങ്ങളെ നവീകരിക്കുന്നതിനു പ്രചോദനമാവണമെന്ന് മുസ് ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി എം.എസ് നാസർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പുരോഗതിക്കും മുസ് ലിം സമുദായത്തിന്റെ ഉന്നമനത്തിനും സി.എച്ച് നൽകിയ സേവനങ്ങളെ കാലമെത്രയായാലും മായ്ക്കാൻ കഴിയാതെ അടയാളപ്പെട്ടു പോയെന്നും തലമുറകൾ അതിന്റെ ഫലങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം. അനുസ്മരണ സംഗമം ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി വി.ടി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. നിറഞ്ഞ പ്രതിസന്ധികളുടെ ചുറ്റുപാടിൽ നിന്നും വളർന്ന് വന്ന സി.എച്ചിന്റെ ജീവിതവും നേതൃ പാടവവും സേവന സമർപ്പണവും പുതിയ തലമുറക്ക് അഭിമാന ബോധവും ആത്മവിശ്വാസവും പകരുന്നതാണെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. മൻസൂർ മണ്ണാർക്കാട് സി.എച്ച് അനുസ്മരണ ഗാനം ആലപിച്ചു. അബ്ദുൽ അലി മദനി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. കേരളത്തിൽ സാമുദായിക ബോധമുള്ള പണ്ഡിത സമൂഹവും രാഷ്ട്രീയ നേതൃത്വവും സാമുദായിക നന്മക്ക് വേണ്ടി ഐക്യപ്പെടുകയും ചേർന്നു നിന്ന് പ്രവർത്തിക്കുകയുമായിരുന്നു. സി.എച്ച് നിർവഹിച്ച സേവനങ്ങളാണ് നമ്മുടെ പുരോഗതിക്ക് അസ്ഥിവാരമിട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖിഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം പാലക്കാട് ജില്ല കെ.എം.സി.സിയുടെ സ്പോൺസർ ആയ ജസാസിയ ഗ്രൂപ്പിന്റെ ആദ്യ ഗഡു എം.ഡി റഷീദ് പുളിക്കലകത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സെക്രട്ടറി സിറാജുൽ മുനീർ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ മഖ്ബൂൽ തച്ചോത്ത്, അസ്ഹർ പള്ളിപ്പുറം, ഷാജഹാൻ കരിമ്പനക്കൽ, നസീർ പി.എസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.






