ലണ്ടന്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിനെ ഏതാണ്ട് മുച്ചൂടും കവര്‍ന്നെടുത്ത വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഐതിഹാസി ഫുട്‌ബോളര്‍ ബോബി ചാള്‍ടണ്‍ (86) അന്തരിച്ചു. പ്രതിഭാധനനായ ഈ മിഡ്ഫീല്‍ഡര്‍ 40 വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും (249) ഇംഗ്ലണ്ടിന്റെയും (49) ടോപ്‌സ്‌കോററായിരുന്നു. വെയ്ന്‍ റൂണിയാണ് ഇത് മറികടന്നത്.
1965-73 കാലഘട്ടത്തില്‍ യുനൈറ്റഡിന് വേണ്ടി 758 മത്സരങ്ങള്‍ കളിച്ചു. ജോര്‍ജ് ബെസ്റ്റിനും ഡെനിസ് ലോക്കുമൊപ്പം ഐതിഹാസിക ത്രിമൂര്‍ത്തികളിലൊരാളായി. ഈ ആക്രമണനിരയാണ് 1968 ല്‍ യുനൈറ്റഡിനെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയത്. 1958 ലെ മ്യൂണിക് വിമാനദുരന്തത്തില്‍ രക്ഷപ്പെട്ട അപൂര്‍വം യുനൈറ്റഡ് കളിക്കാരിലൊരാളാണ്. യുനൈറ്റഡിനൊപ്പം മൂന്നു ലീഗ് കിരീടവും ഒരു എഫ്.എ കപ്പും നേടി.
ഇംഗ്ലണ്ടിനു വേണ്ടി 106 മത്സരങ്ങള്‍ കളിച്ചു. ഇംഗ്ലണ്ട് ചാമ്പ്യന്മാരായ 1966 ലെ ഹോം ലോകകപ്പില്‍ എല്ലാ കളിയിലും തുടക്കം മുതല്‍ ഒടുക്കം വരെ ടീമിലുണ്ടായിരുന്നു. മൂന്നു ഗോളടിക്കുകയും ചെയ്തു. ബോബിക്കൊപ്പം സഹോദരന്‍ ജാക്ക് ചാള്‍ടനും ദുരന്തത്തില്‍ പെട്ട വിമാനത്തിലും 1966 ലെ ലോകകപ്പ് ടീമിലും ഒപ്പമുണ്ടായിരുന്നു.
പെലെക്കൊപ്പം പരാമര്‍ശിക്കപ്പെടേണ്ട കളിക്കാരനാണ് ബോബിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.






