പ്രോടിയേഴ്‌സ് പവര്‍, നാണം കെട്ട് ചാമ്പ്യന്മാര്‍

മുംബൈ - തങ്ങളുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എക്കാലത്തെയും വലിയ പരാജയവുമായി നാണംകെട്ടു. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നേടിയത് ഏഴു വിക്കറ്റിന് 399 റണ്‍സായിരുന്നു. 2015 ല്‍ ന്യൂസിലാന്റ് നേടിയ അഞ്ചിന് 398 റണ്‍സാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. മറുപടിയായി 22 ഓവറില്‍ 170 ന് ഓളൗട്ടായി. 229 റണ്‍സിന്റേതായിരുന്നു പരാജയം. ഇംഗ്ലണ്ട് പത്തു ടീമുകളില്‍     ഒമ്പതാം സ്ഥാനത്താണ്. അവസാന ജോഡി മാര്‍ക്ക് വുഡും (17 പന്തില്‍ 43 നോട്ടൗട്ട്) ഗസ് ആറ്റ്കിന്‍സനും (21 പന്തില്‍ 35) ആഞ്ഞടിച്ചതിനാല്‍ മാത്രമാണ് അവര്‍ 100 കടന്നതും റണ്‍റെയ്റ്റില്‍ അവസാന സ്ഥാനം ഒഴിവാക്കിയതും. ദക്ഷിണാഫ്രിക്കന്‍ പെയ്‌സാക്രമണത്തില്‍ 15 ഓവറില്‍ ഏഴിന് 84 ലേക്ക് ഇംഗ്ലണ്ട് തകര്‍ന്നിരുന്നു. നാല് കളിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം തോല്‍വിയാണ് ഇത്. 
രണ്ടു ടീമുകളും കഴിഞ്ഞ കളിയിലെ തോല്‍വിക്കു ശേഷം അഭിമാനം കാക്കാനുള്ള പോരാട്ടത്തിലായിരുന്നു. ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനോടും ദക്ഷിണാഫ്രിക്ക നെതര്‍ലാന്റ്‌സിനോടുമാണ് തോറ്റത്. ഇംഗ്ലണ്ട് അഞ്ചോവറില്‍ മൂന്നിന് 24 ല്‍ തകരുകയാണ്. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടുമാണ് പുറത്തായത്. മാര്‍ക്കൊ യാന്‍സന് രണ്ടും ലുന്‍ഗി എന്‍ഗിഡിക്ക് ഒന്നും വിക്കറ്റ് ലഭിച്ചു.  
കൊടുംചൂടില്‍ മസില്‍പിടുത്തവുമായി പൊരുതിയ ഹയ്ന്റിക് ക്ലാസനും (67 പന്തില്‍ 109, 6-4, 4-12) ഒപ്പം 77 പന്തില്‍ 151 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ മാര്‍ക്കൊ യാന്‍സനുമാണ് (42 പന്തില്‍ 75 നോട്ടൗട്ട്, 6-6, 4-3) ദക്ഷിണാഫ്രിക്കയെ നാനൂറിനോടടുപ്പിച്ചത്. 61 പന്തിലായിരുന്നു ക്ലാസന്റെ നാലാം സെഞ്ചുറി. പെയ്‌സ്ബൗളറായ യാന്‍സന്റെ കന്നി അര്‍ധ ശതകമാണ് ഇത്. അവസാന ഓവറിലാണ് ക്ലാസന്‍ പുറത്തായത്. അവസാന പത്തോവറില്‍ ദക്ഷിണാഫ്രിക്ക 143 റണ്‍സ് വാരി.  
ബൗണ്ടറിയോടെ തുടങ്ങിയ ക്വിന്റന്‍ ഡിക്കോക്കിനെ (4) രണ്ടാമത്തെ പന്തില്‍ റീസ് ടോപ്‌ലി പുറത്താക്കിയ ശേഷം റീസ ഹെന്‍ഡ്രിക്‌സും (75 പന്തില്‍ 81, 6-3, 4-9) റാസി വാന്‍ഡര്‍ഡസനുമാണ് (61 പന്തില്‍ 60, 4-8) ദക്ഷിണാഫ്രിക്കയെ പാളത്തില്‍ കയറ്റിയത്. ഇരുവരും 121 റണ്‍സ് ചേര്‍ത്തു. രണ്ടു പേരും ആദില്‍ റഷീദിന്റെ സ്പിന്നിലാണ് പുറത്തായത്. തെംബ ബവൂമക്ക് പരിക്കേറ്റതിനാല്‍ മാത്രമാണ് റീസ കളിച്ചത്. ബവൂമക്ക് പകരം ടീമിനെ നയിച്ച അയ്ദന്‍ മാര്‍ക്‌റം 42 റണ്‍സസെടുത്തു. ടോപ്‌ലിയും (8.5-0-88-3) ഗസ് ആറ്റ്കിന്‍സനും (9-0-60-2) ആദില്‍ റഷീദും (10-61-2) വിക്കറ്റുകള്‍ പങ്കുവെച്ചു. മാര്‍ക്ക് വുഡ് ഏഴോവറില്‍ 76 റണ്‍സ് വിട്ടുകൊടുത്തു.
 

Latest News