സധീരം ശ്രീലങ്ക, നാലു കളിയില്‍ ആദ്യ ജയം

ലഖ്‌നൊ - ലോകകപ്പില്‍ ആദ്യ മൂന്നു കളിയും തോറ്റ ശ്രീലങ്ക ഓപണിംഗ് ബൗളര്‍മാരുടെയും സധീര സമരവിക്രമയുടെയും സഹായത്തോടെ ആദ്യ വിജയം നേടി. നെതര്‍ലാന്റ്‌സിനെ അവര്‍ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു. ആറിന് 91 ലേക്ക് കൂപ്പുകുത്തിയ ശേഷം തിരിച്ചുകയറി 262 റണ്‍സെടുത്ത നെതര്‍ലാന്റ്‌സിനെ അവര്‍ പത്ത് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ മറികടന്നു. കഴിഞ്ഞ കളിയില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച ആവേശത്തിലായിരുന്നു നെതര്‍ലാന്റ്‌സ്. 
സൈബ്രാന്റ് എംഗല്‍ബ്രെറ്റും (82 പന്തില്‍ 70) ലോഗാന്‍ വാന്‍ബീക്കും (75 പന്തില്‍ 59) ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 130 റണ്‍സാണ് നെതര്‍ലാന്റ്‌സ് സ്‌കോറിന്റെ പകുതിയും. വിക്രംജിത് സിംഗിനെ (4) തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ട ശേഷം മാക്ക് ഓദൗദും (27 പന്തില്‍ 16) കോളിന്‍ അക്കര്‍മാനും (31 പന്തില്‍ 29) തിരിച്ചടിക്കാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ കസുന്‍ രജിതയുടെയും (9-0-50-4) ദില്‍ഷന്‍ മധുശങ്കയുടെയും (9.4-1-49-4) ആക്രമണത്തിനു മുന്നില്‍ അവര്‍ക്കു കാലിടറി. എന്നാല്‍ എംഗല്‍ബ്രെറ്റും വാന്‍ബീക്കും 23 ഓവറോളം ചെറുത്തുനിന്നു. വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുവര്‍ക്കും കാലിടറിയത്. 
ഓഫ്‌സ്പിന്നര്‍ ആര്യന്‍ ദത്ത് (10-0-44-3) പുതിയ പന്തുമായി എറിഞ്ഞ് ശ്രീലങ്കയെ വെള്ളം കുടിപ്പിച്ചു. കുശാല്‍ മെന്‍ഡിസിനെയും (11) ക്യാപറ്റന്‍ കുശാല്‍ പെരേരയെയും (5) അപകടം വിതക്കാന്‍ ആര്യന്‍ സമ്മതിച്ചില്ല. എന്നാല്‍ സമരവിക്രമ (107 പന്തില്‍ 91 നോട്ടൗട്ട്, 4-7) റണ്‍ ചെയ്‌സിന്റെ കടിഞ്ഞാണേറ്റെടുത്തു. ചരിത അസലെങ്കയുമൊത്ത് (60 പന്തില്‍ 44) നാലാം വിക്കറ്റില്‍ 77 റണ്‍സും ധനഞ്ജയ ഡിസില്‍വയുമൊത്ത് അഞ്ചാം വിക്കറ്റില്‍ 76 റണ്‍സും കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച് സമരവിക്രമ ടീമിനെ ലക്ഷ്യത്തോടടുപ്പിച്ചു. 
ഓസ്‌ട്രേലിയക്കും പാക്കിസ്ഥാനുമെതിരെ അര്‍ധ ശതകങ്ങള്‍ നേടിയ ഓപണര്‍ പത്തും നിസങ്ക (52 പന്തില്‍ 54) മറ്റൊരു അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
 

Latest News