അര്‍ജന്റീനക്ക് ലോകകപ്പ് നഷ്ടപ്പെടുമോ? ടീമംഗത്തിന് ഉത്തേജക വിലക്ക് 

ബ്യൂണസ് ഐറിസ് - ഖത്തറില്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ ഡിഫന്റര്‍ പാപ്പു ഗോമസിന് രണ്ടു വര്‍ഷത്തെ ഉത്തേജക വിലക്ക്. സ്‌പെയിനില്‍ സെവിയയുടെ കളിക്കാരനായിരുന്നു പാപ്പു. സാമ്പത്തിക പ്രയാസം കാരണം ഈയിടെ ഇറ്റലിയില്‍ മോണ്‍സക്ക് കൈമാറി. 
ലോകകപ്പിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഒരു രാത്രി അസ്വസ്ഥത തോന്നിയപ്പോള്‍ മകന്റെ സിറപ് കഴിച്ചതാണ് ഉത്തേജകം ശരീരത്തിലെത്താന്‍ കാരണമെന്ന് കരുതുന്നു. 
പാപ്പു ഗോമസിന് ഉത്തേജക വിലക്ക് വന്നതോടെ അര്‍ജന്റീനക്ക് ലോകകപ്പ് നഷ്ടപ്പെടുമെന്ന് ഊഹാപോഹം പരന്നു. എന്നാല്‍ ഉത്തേജക ചട്ടപ്രകാരം രണ്ടോ അതിലധികമോ കളിക്കാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടാലേ ട്രോഫികള്‍ തിരിച്ചുവാങ്ങൂ. എന്നാല്‍ പാപു ഗോമസിന്റെ ലോകകപ്പ് മെഡലും സെവിയയുമൊത്തുള്ള യൂറോപ്പ ലീഗ് മെഡലും തിരിച്ചുവാങ്ങിയേക്കും. മുപ്പത്തഞ്ചുകാരനായ പാപുവിന്റെ കരിയര്‍ ഇതോടെ അവസാനിച്ചേക്കും.
 

Latest News