പാക്കിസ്ഥാനെ പിടിച്ചുകെട്ടി സാംപ, ഓസ്‌ട്രേലിയക്ക് രണ്ടാം വിജയം

ബംഗളൂരു - ഇരു ടീമിലെയും ഓപണര്‍മാര്‍ റണ്‍സൊഴുക്കിയ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ ഓസ്‌ട്രേലിയക്ക് നിര്‍ണായക വിജയമൊരുക്കി സ്പിന്നര്‍ ആഡം സാംപ. ഓപണര്‍മാരായ ഡേവിഡ് വാണറും മിച്ചല്‍ മാര്‍ഷും സെഞ്ചുറികള്‍ നേടിയതോടെ ഒമ്പതിന് 367 റണ്‍സിലെത്തിയ ഓസീസിനെതിരെ 35 ഓവര്‍ വരെ പാക്കിസ്ഥാന്‍ മത്സരത്തിലുണ്ടായിരുന്നു. പിന്നീട് അവര്‍ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 45.3 ഓവറില്‍ 305 ന് ഓളൗട്ടായി. നാല് വിക്കറ്റോടെ സ്പിന്നര്‍ ആഡം സാംപയാണ് (10-0-53-4) ബാറ്റിംഗ് പറുദീസയില്‍ പാക്കിസ്ഥാന് കട്ടുറുമ്പായത്. ആദ്യ രണ്ടു കളികള്‍ ജയിച്ച ശേഷം പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ആദ്യ രണ്ടു കളി തോറ്റ ശേഷം ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ രണ്ടാം ജയവും. 
ഏകദിന ക്രിക്കറ്റില്‍ രണ്ടു തവണയേ ഇതിനെക്കാള്‍ കൂടിയ ലക്ഷ്യം ഒരു പിന്തുടര്‍ന്നിട്ടുള്ളൂ. എന്നാല്‍ ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറി പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി. ഓപണര്‍മാരായ ഇമാമുല്‍ ഹഖും (71 പന്തില്‍ 70) അബ്ദുല്ല ശഫീഖും (61 പന്തില്‍ 64) റണ്‍ചെയ്‌സിന് ഊര്‍ജം പകരുകയും ചെയ്തു. 21 ഓവറില്‍ അവര്‍ 134 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരെയും മാര്‍ക്കസ് സ്റ്റോയ്‌നിസാണ് പുറത്താക്കിയത്. തന്റെ ആദ്യ പന്തില്‍ ശഫീഖിനെ വീഴ്ത്തിയാണ് സ്റ്റോയ്‌നിസ് (5-0-40-2) തുടങ്ങിയത്. 20 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇമാമും പുറത്തായി. 
എന്നാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ (14 പന്തില്‍ 18) പരാജയമാണ് പാക്കിസ്ഥാന് ഏറ്റവുമധികം ക്ഷതമേല്‍പിച്ചത്. സാംപക്കാണ് വിക്കറ്റ്. അപകടകാരിയായ മുഹമ്മദ് രിസ്‌വാനെ (40 പന്തില്‍ 46) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സാംപ മൂന്നു സിക്‌സറുമായി ഭീഷണി സൃഷ്ടിച്ച ഇഫ്തിഖാര്‍ അഹമ്മദിനെയും (20 പന്തില്‍ 26) എല്‍.ബിയാക്കി. 34 ഓവറില്‍ മൂന്നിന് 232 ലെത്തിയ പാക്കിസ്ഥാന് പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. ഏറെ തല്ല് കിട്ടിയെങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (7.3-0-62-2) സൗദ് ശഖീലിനെയും (31 പന്തില്‍ 30) ഹസന്‍അലിയെയും (8) പുറത്താക്കി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 

മിച്ചലിന് ജന്മദിന സമ്മാനം
വാണറും മിച്ചലും തകര്‍ത്തടിച്ചപ്പോള്‍ 400 റണ്‍സ് സ്വപ്‌നം കണ്ടതായിരുന്നു ഓസ്‌ട്രേലിയ. അവസാന ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതാണ് നിരാശപ്പെടുത്തിയത്. ശാഹീന്‍ ഷാ അഫരീദി കരിയറില്‍ ഏഴാം തവണ അഞ്ചു വിക്കറ്റെടുത്തു (10-1-54-5). ഹാരിസ് റഊഫിന് മൂന്നു വിക്കറ്റ് കിട്ടി (8-0-83-3). പത്തിലുള്ളപ്പോള്‍ ശാഹീനെ വാണര്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ ഉസാമ മിര്‍ കൈവിട്ടിരുന്നു. ശാഹീന്റെ തന്നെ പന്തില്‍ മിര്‍ പിടിച്ചാണ് മിച്ചല്‍ പുറത്തായത്. ഫോമിലല്ലാത്ത വൈസ് ക്യാപ്റ്റന്‍ ശാദബ് ഖാനെ പുറത്തിരുത്തിയാണ് മീറിന് ലോകകപ്പ് അരങ്ങേറ്റത്തിന് അവസരം കൊടുത്തത്. 
രണ്ട് ഓപണര്‍മാര്‍ 18 തവണയാണ് പന്ത് ഗാലറിയിലെത്തിച്ചത്. തുടക്കത്തില്‍ തന്നെ ജീവന്‍ കിട്ടിയ വാണര്‍ ഒമ്പത് സിക്‌സറും 14 ബൗണ്ടറിയും പായിച്ചു (124 പന്തില്‍ 163). മിച്ചല്‍ മാര്‍ഷുമൊത്ത് (108 പന്തില്‍ 121) ഓപണിംഗ് വിക്കറ്റില്‍ വാണര്‍ 33.4 ഓവറില്‍ 259 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മിച്ചല്‍ ഒമ്പത് സിക്‌സറും 10 ബൗണ്ടറിയും പറത്തി. 85 പന്തിലായിരുന്നു വാണറുടെ ഇരുപത്തൊന്നാം സെഞ്ചുറി. 100 പന്തില്‍ 100 റണ്‍സ് നേടി മിച്ചല്‍ 32ാം ജന്മദിനം ആഘോഷമാക്കി. 
എന്നാല്‍ മിച്ചലിനെയും ഗ്ലെന്‍ മാക്‌സവെലിനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ ശാഹീന്‍ പുറത്താക്കി. സ്റ്റീവന്‍ സ്മിത്തും (7) അധികം വാണില്ല. 42 ഓവറില്‍ സ്‌കോര്‍ 325 ലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. മാര്‍ക്കസ് സ്റ്റോയ്‌നിസും (24 പന്തില്‍ 21) ജോഷ് ഇന്‍ഗ്ലിസും (9 പന്തില്‍ 13) മാത്രമാണ് രണ്ടക്കം കണ്ടത്. 

Latest News