ഓപണര്‍മാര്‍ തകര്‍ത്തു, ഓസീസ് പിന്നീട് തകര്‍ന്നു

ബംഗളൂരു - ഓപണര്‍മാരായ ഡേവിഡ് വാണറും മിച്ചല്‍ മാര്‍ഷും തകര്‍പ്പന്‍ സെഞ്ചുറികളടിച്ചതോടെ 400 റണ്‍സ് സ്വപ്‌നം കണ്ട ഓസ്‌ട്രേലിയ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അവസാന ഓവറുകളില്‍ തകര്‍ന്നു. അവസാന ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഒമ്പത് വിക്കറ്റിന് 367 റണ്‍സാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ചെയ്തത്. മറുപടിയായി പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാലോവറില്‍ 35 റണ്‍സെടുത്തു. ശാഹീന്‍ ഷാ അഫരീദി കരിയറില്‍ ഏഴാം തവണ അഞ്ചു വിക്കറ്റെടുത്തു (10-1-54-5). ഹാരിസ് റഊഫിന് മൂന്നു വിക്കറ്റ് കിട്ടി (8-0-83-3). 
തുടക്കത്തില്‍ തന്നെ ജീവന്‍ കിട്ടിയ വാണര്‍ ഒമ്പത് സിക്‌സറും 14 ബൗണ്ടറിയും പായിച്ചു (124 പന്തില്‍ 163). മിച്ചല്‍ മാര്‍ഷുമൊത്ത് (108 പന്തില്‍ 121) ഓപണിംഗ് വിക്കറ്റില്‍ വാണര്‍ 33.4 ഓവറില്‍ 259 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മിച്ചല്‍ ഒമ്പത് സിക്‌സറും 10 ബൗണ്ടറിയും പറത്തി. എന്നാല്‍ മിച്ചലിനെയും ഗ്ലെന്‍ മാക്‌സവെലിനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ ശാഹീന്‍ പുറത്താക്കി. സ്റ്റീവന്‍ സ്മിത്തും (7) അധികം വാണില്ല. 42 ഓവറില്‍ സ്‌കോര്‍ 325 ലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. മാര്‍ക്കസ് സ്റ്റോയ്‌നിസും (24 പന്തില്‍ 21) ജോഷ് ഇന്‍ഗ്ലിസും (9 പന്തില്‍ 13) മാത്രമാണ് രണ്ടക്കം കണ്ടത്. 

Latest News