ഉപഹാരമായി കാറുകളും മറ്റും വാങ്ങി; കുവൈത്തില്‍ ഏഴു ജഡ്ജിമാര്‍ക്ക് തടവ്

കുവൈത്ത് സിറ്റി - കൈക്കൂലി കേസില്‍ കുവൈത്തിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍വീസില്‍ നിന്ന് ഇവരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഉപഹാരങ്ങളെന്നോണം ജഡ്ജിമാര്‍ കൈപ്പറ്റിയ കാറുകള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. കേസില്‍ പ്രതിയായ ഒരു ജഡ്ജിയെ കോടതി കുറ്റവിമുക്തനാക്കി. വനിതാ ഉദ്യോഗസ്ഥര്‍ അടക്കം നീതിന്യായ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരെയും വ്യവസായികള്‍ അടക്കമുള്ള മറ്റു പ്രതികളെയും കോടതി വ്യത്യസ്ത കാലത്തേക്ക് തടവിന് ശിക്ഷിച്ചിട്ടുണ്ട്. മറ്റു ചില പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.
ഇറാന്‍ പൗരന്‍ സ്വാലിഹി മുഖ്യപ്രതിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ മേല്‍കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ കേസില്‍ പത്തു ജഡ്ജിമാരും മൂന്നു അഭിഭാഷകരും സ്വാലിഹിയും മറ്റു പതിനഞ്ചു പേരും പ്രതികളായിരുന്നു. ഇക്കൂട്ടത്തില്‍ എട്ടു ജഡ്ജിമാര്‍ക്കും മൂന്നു അഭിഭാഷകര്‍ക്കും സ്വാലിഹിക്കും വ്യവസായികളും നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥരും അടക്കം മറ്റു പതിനഞ്ചു പേര്‍ക്കുമെതിരായ കേസാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടു ജഡ്ജിമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

 

Latest News