പൂനെ - ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക സ്‌കാനിംഗില്‍ തെളിഞ്ഞതായി സൂചന. എന്നാല്‍ റിപ്പോര്‍ട്ട് ടീം ഇന്ത്യയുടെ മെഡിക്കല്‍ സംഘം കൂടി കണ്ട് വിലയിരുത്തിയ ശേഷമേ ഔദ്യോഗിക വിശദീകരണം ഉണ്ടാവൂ. എന്തായാലും കാര്യമായ പരിക്കില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച ധര്‍മശാലയില്‍ ന്യൂസിലാന്റിനെതിരെയാണ്.
ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ അത് ടീമിന് കനത്ത തിരിച്ചടിയാണ്. ഹാര്‍ദിക്കിനും ജസ്പ്രീത് ബുംറക്കും കുല്‍ദീപ് യാദവിനും ഇന്ത്യന്‍ ടീമില്‍ പകരക്കാരില്ല. ഹാര്‍ദിക്കിന് ബാറ്ററായും ബൗളറായും കളിക്കാനാവും. ഈ ലോകകപ്പില്‍ ഇന്ത്യയുടെ വണ്‍ചെയ്ഞ്ച് ബൗളറായാണ് ഹാര്‍ദിക് പന്തെറിയുന്നത്. ആദ്യ മൂന്നു കളിയില്‍ 16 ഓവര്‍ എറിയുകയും അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ശാര്‍ദുല്‍ താക്കൂറോ ആര്‍. അശ്വിനോ ആണ് ഹാര്‍ദിക്കിന് വിദൂരമായൊരു പകരം. എന്നാല്‍ ബാറ്റിംഗില്‍ ഹാര്‍ദിക്കിനെ പോലെ വിശ്വസ്തരല്ല ഇരുവരും. അതിനാല്‍ ബൗളിംഗ് സാധ്യമല്ലാത്ത ഇശാന്‍ കിഷന്‍, സൂര്യകുമാര്‍, ബാറ്റിംഗ് സാധ്യമല്ലാത്ത മുഹമ്മദ് ഷമി എന്നിവരിലൊരാളെ പകരം കളിപ്പിക്കേണ്ടി വരും.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒമ്പതാം ഓവറിലാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. തന്റെ തന്റെ ആദ്യ ഓവറില്‍ ഹാര്‍ദിക്കിനെ തുടര്‍ച്ചയായി രണ്ടു തവണ ബൗണ്ടറി കടത്തിയ ലിറ്റന്‍ ദാസിന്റെ മൂന്നാമത്തെ ശ്രമം തടയുന്നതിനിടെ വൈസ് ക്യാപ്റ്റന്‍ കാല്‍ തെന്നി വീഴുകയായിരുന്നു. എഴുന്നേല്‍ക്കാനും ബൗളിംഗ് പുനരാരംഭിക്കാനും രണ്ടു തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദീര്‍ഘനേരം ഫിസിയൊ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഹാര്‍ദിക് ഫീല്‍ഡ് വിട്ടു. പ്രാദേശിക ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനാക്കി. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല.
വിരാട് കോലിയാണ് ഹാര്‍ദിക്കിന്റെ ഓവറിലെ അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞത്. ആറു വര്‍ഷത്തിനു ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിഞ്ഞത്. രണ്ട് റണ്‍സ് മാത്രം വഴങ്ങി. ഹാര്‍ദിക് ആദ്യ മൂന്ന് പന്തില്‍ എട്ട് റണ്‍സ് വിട്ടുകൊടുത്തിരുന്നു.






