ദുബായ് ഗ്യാസ് സിലിണ്ടര്‍ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു

ഷാര്‍ജ- ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം രണ്ടായി. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി നിധിന്‍ ദാസ് (23) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ദുബായ് റാഷിദ് ആശുപത്രിയില്‍ നിധിന്‍ ദാസിന്റെ മരണം. ഒട്ടേറെ മലയാളികള്‍ക്ക് ഗുരുതര പരുക്കേറ്റ പാചകവാതക സിലിന്‍ഡര്‍ അപകടത്തില്‍ തിരൂര്‍ പറവണ്ണ മുറിവഴിക്കല്‍ ശാന്തിനഗര്‍ സ്വദേശി പറമ്പില്‍ യാക്കൂബ് (38) ബുധനാഴ്ച മരിച്ചിരുന്നു. പുന്നോല്‍ സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി 12.20 ഓടെ കറാമ ഡേ ടു ഡേ ഷോപ്പിംഗ് മാളിന് സമീപം ബില്‍ ഹൈദര്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അപകടമുണ്ടായത്. വാതകചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമരും കോണ്‍ക്രീറ്റും തകര്‍ന്ന് താഴെ വീണതിന്റെ അടിഭാഗത്ത് കുടുങ്ങിയാണ് ബര്‍ദുബായിലെ അനാം അല്‍ മദീന ഫ്രൂട്‌സ് ഗ്രോസറി യിലെ ജീവനക്കാരന്‍ മലപ്പുറം തിരൂര്‍ സ്വദേശി പറന്നൂര്‍ പറമ്പില്‍ യാക്കൂബ് (38) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒമ്പത് പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. പരിക്കേറ്റവര്‍ ഏറെയും മലയാളികളാണ്.
മൊബൈല്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്ന നിധിന്‍ദാസാണ് പാചകവാതകം ചോര്‍ന്നതറിഞ്ഞ് ആദ്യം സിലിണ്ടര്‍ പരിശോധിക്കാന്‍ പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. നിധിന്‍ദാസിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

നിതിന്‍ ദാസ് ഒരു വര്‍ഷമായി ദുബായില്‍ എത്തിയിട്ട്. ദുബായിലെ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അഡ്മിനിസ്‌ടേറ്ററായി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍: ദീര്‍ഘകാലം ഒമാനിലായിരുന്ന, ഇപ്പോള്‍ നാട്ടില്‍ വെളിച്ചെണ്ണ മില്‍ നടത്തുന്ന കര്‍ഷകനായ എന്‍.വി. സ്വാമിദാസന്‍. അമ്മ: സുജിതകുമാരി (പെരിങ്ങാടി). സഹോദരി: നീതു ദാസ് സജിമോന്‍ (പി.എച്ച്.ഡി വിദ്യാര്‍ഥി). സംസ്‌കാരം ദുബായിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച ശേഷം.

 

Tags

Latest News