ഹാര്‍ദിക് പരിക്കേറ്റ് പിന്മാറി, ഇന്ത്യക്ക് കനത്ത തിരിച്ചടി

പൂനെ - ബംഗ്ലാദേശിനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ തന്റെ ആദ്യ ഓവര്‍ എറിയുന്നതിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്ക്. മൂന്നാമത്തെ പന്തില്‍ ലിറ്റന്‍ ദാസിന്റെ ഷോട്ട് ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഹാര്‍ദിക് കാല്‍ തെറ്റി വീണത്. എഴുന്നേല്‍ക്കാനും ബൗളിംഗ് പുനരാരംഭിക്കാനും രണ്ടു തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഹാര്‍ദിക് ഫീല്‍ഡ് വിട്ടു. പ്രാദേശിക ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയനാക്കി. ഈ മത്സരത്തില്‍ കളിക്കില്ല. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല. ചെയ്ഞ്ച് ബൗളറായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാര്‍ദിക്കിന്റെ സാന്നിധ്യം ടീമിന് വലിയ സന്തുലനമാണ് നല്‍കുന്നത്. ലോകകപ്പില്‍ മൂന്നു കളികളില്‍ അഞ്ചു വിക്കറ്റെടുത്തിട്ടുണ്ട്. വിരാട് കോലിയാണ് ഹാര്‍ദിക്കിന്റെ ഓവറിലെ അവസാന മൂന്ന് പന്തുകള്‍ എറിഞ്ഞത്. ആറു വര്‍ഷത്തിനു ശേഷമാണ് കോലി രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിഞ്ഞത്. രണ്ട് റണ്‍സ് മാത്രം വഴങ്ങി. ഹാര്‍ദിക് ആദ്യ മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് ആറ് വിക്കറ്റിന് 201 റണ്‍സെടുത്തു. ഏഴോവര്‍ ശേഷിക്കുകയാണ്. 
ഓപണര്‍മാരായ തന്‍സീദ് ഹസനും (43 പന്തില്‍ 51) ലിറ്റന്‍ ദാസും (82 പന്തില്‍ 66) 14.4 ഓവറില്‍ 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. പരിക്കേറ്റ ശാഖിബുല്‍ ഹസന് പകരം ടീമിനെ നയിക്കുന്ന നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡൊ (8), മെഹ്ദി ഹസന്‍ മിറാസ് (3), തൗഹീദ് ഹൃദയ് (16) എന്നിവര്‍ എളുപ്പം പുറത്തായി. മുന്‍ ക്യാപ്റ്റന്മാരായ മുശ്ഫിഖുറഹീമും (46 പന്തില്‍ 38), മഹ്മൂദുല്ലയുമാണ് (19 പന്തില്‍ 14 നോട്ടൗട്ട്) ക്രീസില്‍. രവീന്ദ്ര ജദേജക്കാണ് രണ്ടു വിക്കറ്റ്.
 

Latest News