ഗസയിലെ നരമേധം നിര്‍ത്തണം- സലാഹ്

കയ്‌റൊ - ഫലസ്തീന്‍ അനുകൂല പ്രസ്താവനകളുടെ പേരില്‍ ഫ്രാന്‍സിലും ജര്‍മനിയിലും കളിക്കാര്‍ നടപടി നേരിട്ടത് വകവെക്കാതെ ഗസയിലെ കൂട്ടക്കുരുതിക്കെതിരെ ലിവര്‍പൂളിന്റെ ഈജിപ്ത് സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലാഹ്. ഗസയിലെ നരമേധം നിര്‍ണമെന്നും അടിയന്തരമായി അവിടത്തെ മനുഷ്യര്‍ക്ക് സഹായമെത്തിക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയൊ സന്ദേശത്തില്‍ സ്‌ട്രൈക്കര്‍ ആവശ്യപ്പെട്ടു. സലാഹ് മൗനം വെടിയണമെന്ന് ഈജിപ്തില്‍ ആവശ്യമുയരുന്നുണ്ടായിരുന്നു. അറബ് ലോകത്തെ ഏറ്റവും ജനപ്രിയ കായികതാരമാണ് സലാഹ്.
ഇതുപോലുള്ള സമയങ്ങളില്‍ സംസാരിക്കുക എന്നതു തന്നെ വലിയ പ്രയാസമാണ്. അക്രമവും ഹൃദയഭേദകമായ ക്രൂരതകളുമാണ് ആവര്‍ത്തിക്കപ്പെടുന്നത്. എല്ലാ മനുഷ്യ ജീവനുകളും പാവനമാണ്, സംരക്ഷിക്കപ്പെടേണ്ടതാണ്. നരമേധം അവസാനിപ്പിക്കണം. കുടുംബങ്ങള്‍ പിച്ചിച്ചീന്തപ്പെടുകയാണ്. ഗസയിലേക്ക് എത്രയും പെട്ടെന്ന് സഹായം അനുവദിക്കണമെന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അടിയന്തരമായ വസ്തുത. അവിടത്തെ ജനത അങ്ങേയറ്റം പരിതാപകരമായ സാഹചര്യമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഗസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളുമായി അടിയന്തരമായി വേണ്ടത്. കൂടുതല്‍ മനുഷ്യക്കുരുതിയും നിരപരാധികളുടെ രക്തച്ചൊരിച്ചിലും ഒഴിവാക്കാന്‍ ലോക നേതാക്കള്‍ ഒരുമിച്ചൊരു തീരുമാനമെടുക്കണം. മനുഷ്യത്വം നിലനില്‍ക്കണം -സലാഹ് പറഞ്ഞു. 

Latest News