Sorry, you need to enable JavaScript to visit this website.

സൂപ്പർ ത്രില്ലറിൽ ഇംഗ്ലണ്ട് ജയിച്ചു; കറൺ മാൻ ഓഫ് ദ മാച്ച്

വഴിത്തിരിവ്... കോഹ്‌ലിയെ സ്റ്റോക്‌സ് പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് കളിക്കാരുടെ ആഘോഷം. 

ബേമിംഗ്ഹാം - ചാഞ്ഞും ചെരിഞ്ഞുമൊഴുകി ആവേശത്തിന്റെ എല്ലാ കരകളെയും തൊട്ട എജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ മിശിഹയായി ബെൻ സ്റ്റോക്‌സ്. ഉടനീളം ഹരം പകർന്ന മത്സരത്തിൽ ഇന്നലെ ഇന്ത്യക്ക് ജയിക്കാൻ 84 റൺസാണ് വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിന് ജയിക്കാൻ അഞ്ചു വിക്കറ്റും. ഇംഗ്ലണ്ടിന്റെ വിജയത്തിനും പരാജയത്തിനുമിടയിലെ വൻ കടമ്പ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയായിരുന്നു. കോഹ്‌ലിയുടെ ചെറിയൊരു പിഴവ് സ്റ്റോക്‌സ് മുതലെടുത്തു. ഹാർദിക് പാണ്ഡ്യ ചെറുത്തുനിന്നെങ്കിലും 21 റൺസ് കൂടി ചേർക്കുമ്പോഴേക്കും ഇന്ത്യൻ വാലറ്റത്തെ ഇംഗ്ലണ്ട് തുടച്ചുനീക്കി. ഇന്ത്യ 162 ഓളൗട്ട്. ഇംഗ്ലണ്ടിന് 31 റൺസ് ജയം. അഞ്ചു മത്സര പരമ്പരയിൽ 1-0 ലീഡ്. 
ആദ്യ ഇന്നിംഗ്‌സിൽ നാലു വിക്കറ്റോടെ ഇന്ത്യയെ തകർക്കുകയും രണ്ടാം ഇന്നിംഗ്‌സിൽ അർധ ശതകത്തോടെ തിരിച്ചടിക്കുകയും ചെയ്ത ഓൾറൗണ്ടർ സാം കറണാണ് മാൻ ഓഫ് ദ മാച്ച്. കറണിന്റെ 63 റൺസാണ് ഫലത്തിൽ കളിയുടെ വിധി നിർണയിച്ചത്. 
ഇന്നലെ അഞ്ചിന് 110 ൽ ഇന്ത്യ കളി പുനരാരംഭിച്ചപ്പോൾ ആരാധകരുടെയും എതിരാളികളുടെയും ശ്രദ്ധാകേന്ദ്രം കോഹ്‌ലിയായിരുന്നു. കോഹ്‌ലി 43 ലും ദിനേശ് കാർത്തിക് 18 ലും കളി പുനരാരംഭിച്ചു. സെഞ്ചുറിയടിച്ച ആദ്യ ഇന്നിംഗ്‌സിലേതിനെക്കാൾ ആധികാരികതയോടെ കോഹ്‌ലി (51) കളിച്ചു. ജെയിംസ് ആൻഡേഴ്‌സനെ മെരുക്കി. ഏതാനും കവർ ഡ്രൈവുകൾ പായിച്ചു. ആദ്യ ഓവറിലെ അവസാന പന്തിൽ ദിനേശിനെ (20) ആൻഡേഴ്‌സൻ സ്ലിപ്പിൽ ഡേവിഡ് മലാന്റെ കൈയിലെത്തിച്ചപ്പോഴും കോഹ്‌ലി ശാന്തനായി നിന്നു. മൂന്ന് ക്യാച്ചുകൾ കൈവിട്ട മലാന് വലിയ ആശ്വാസമായി ഈ ക്യാച്ച്. 
ആദ്യ ആറോവറിൽ ഏഴ് പന്ത് മാത്രമാണ് കോഹ്‌ലി നേരിട്ടത്. ഹാർദിക് പാണ്ഡ്യയായിരുന്നു ആക്രമണത്തിന്റെ മുൾമുനയിൽ. അസാധാരണമായ സംയമനത്തോടെ ഹാർദിക് കളിച്ചു. ആത്മവിശ്വാസം നേടിയ ശേഷം ഹാർദിക് പായിച്ച ഷോട്ടുകൾ ഇന്ത്യയെ വിജയത്തോടടുപ്പിച്ചു. സ്റ്റുവാർട് ബ്രോഡിനെതിരായ രണ്ട് ബൗണ്ടറി ഇന്ത്യക്കാർ നിറഞ്ഞ ഗാലറിയിൽ തിരമാലയിളക്കി. ആൻഡേഴ്‌സനെ ഫൈൻ ലെഗിലേക്ക് തിരിച്ചുവിട്ട് ക്യാപ്റ്റൻ 88 പന്തിൽ അർധ ശതകം തികച്ചപ്പോൾ കോഹ്‌ലി, കോഹ്‌ലി വിളികളിൽ സ്റ്റേഡിയം ഇരമ്പി. അതോടെ ഇംഗ്ലണ്ട് പ്ലാൻ ബി-യിലേക്ക് തിരിഞ്ഞു. സ്റ്റോക്‌സിനെ വിളിച്ചു. 
ഇന്ത്യ ആറിന് 141 ൽ വിജയത്തിന് 53 റൺസ് അരികിലെത്തി നിൽക്കെ സ്റ്റോക്‌സ് ബൗളിംഗിന് ഒരുങ്ങി. മത്സരത്തിൽ 200 റൺസടിച്ചെങ്കിലും ഓഫ്സ്റ്റമ്പിനു പുറത്ത് പലതവണ കോഹ്‌ലിക്ക് പിഴച്ചിരുന്നു. 

 

ബെൻ സ്റ്റോക്‌സിനെ ജെയിംസ് ആൻഡേഴ്‌സൻ ആശ്ലേഷിക്കുന്നു.

എന്നാൽ നേരെ എറിഞ്ഞ് തന്നെ എൽ.ബി.ഡബ്ല്യുയാക്കാനുള്ള എല്ലാ ശ്രമവും ക്യാപ്റ്റൻ പരാജയപ്പെടുത്തി. പക്ഷെ പുതിയ ബൗളർ വന്നപ്പോൾ കോഹ്‌ലിയുടെ ഏകാഗ്രത അൽപമൊന്നുലഞ്ഞു. സ്റ്റോക്‌സിന്റെ മൂന്നാമത്തെ പന്ത് കോഹ്‌ലിയുടെ ബാറ്റിനെ കീഴടക്കി പാഡിൽ പതിച്ചു. ഗാലറി ഇളകി. സ്റ്റോക്‌സിന്റെ ആഘോഷം ഇംഗ്ലണ്ടിന്റെ ആഹ്ലാദം വിളിച്ചോതി. വിജയത്തിന് മുന്നിലെ വൻ പ്രതിബന്ധം നീങ്ങിയതിൽ അവർ മതിമറന്ന് സന്തോഷിച്ചു. പ്രതീക്ഷയെക്കാൾ വ്യാമോഹത്തോടെ കോഹ്‌ലി റിവ്യൂ ചെയ്തു നോക്കിയെങ്കിലും ടെക്‌നോളജിയും ഔട്ട് ശരിവെച്ചു. 
സ്റ്റോക്‌സിന്റെ ആവേശം പ്രകടമായിരുന്നു. അതേ ഓവറിൽ മുഹമ്മദ് ഷാമിയെ (0) വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. ഇശാന്ത് ശർമയുടെ (11) രണ്ട് ഷോട്ടുകൾ എട്ട് വിലപ്പെട്ട റൺസ് ഇന്ത്യക്ക് സമ്മാനിച്ചതോടെ വാലറ്റത്തെ മെരുക്കാൻ മിടുക്കനായ ആദിൽ റഷീദിനെ ഇംഗ്ലണ്ട് നായകൻ വിളിച്ചു. ഹാർദിക് സ്പിന്നറെ ശിക്ഷിക്കാൻ സാധ്യതയുണ്ടെന്നിരിക്കെ വലിയൊരു ചൂതാട്ടമായിരുന്നു അത്. എന്നാൽ റഷീദിന്റെ ഗൂഗ്ലി ആദ്യ ഇന്നിംഗ്‌സിലെ പോലെ ഇശാന്തിനെ വിക്കറ്റിനു മുന്നിൽ കുടുക്കി. ക്രിസ് ഗഫനി നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂയിലൂടെ ഇംഗ്ലണ്ട് അനുകൂല വിധി നേടിയെടുത്തു. ഇന്ത്യ ഒമ്പതിന് 154. വിജയം 40 റൺസ് അകലെ. സ്റ്റോക്‌സിനെ എക്‌സ്ട്രാ കവറിനു മുകളിലൂടെ ബൗണ്ടറി കടത്തിയ ഹാർദിക് (31) ഉമേഷ് യാദവിനെ രക്ഷിക്കാൻ നിരവധി സിംഗിളുകൾ വേണ്ടെന്നു വെച്ചു. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഷോട്ടുകൾ കളിക്കാതിരുന്നതിൽ ഓൾറൗണ്ടർ ദുഃഖിക്കേണ്ടി വന്നു. ഹാർദിക്കിന്റെ ചെറുത്തുനിൽപ് അവസാനിപ്പിച്ച് സ്റ്റോക്‌സ് തന്നെ ഇംഗ്ലണ്ടിനെ വിജയതീരത്തടുപ്പിച്ചു. എഡ്ജ് സ്ലിപ്പിൽ അലസ്റ്റർ കുക്ക് ആഹ്ലാദപൂർവം സ്വീകരിച്ചു. ആയിരാമത്തെ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയമധുരം. 

Latest News