- പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥി
അബുദാബി- അധ്യാപന മേഖലയിൽ യു.എ.ഇയിൽ 25 വർഷം സേവനം അനുഷ്ഠിച്ച മലപ്പുറം ജില്ലയിൽ നിന്നുള്ള അധ്യാപകരെ അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ആദരിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് 2023 ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 7.00 മണിക്ക് ഇന്ത്യൻ ഇസ് ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന 'തക് രീം' എന്ന പരിപാടിയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും.
യു.എ.ഇയിലെ അറിയപ്പെടുന്ന എഴുത്തുകാരി ഫാത്തിമ അൽ മസ്രൂയി, വിവിധ എമിറേറ്റുകളിൽ നിന്നുള്ള അധ്യാപകർ, സ്കൂൾ പ്രതിനിധികൾ, പ്രമുഖ സംഘടനാ ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, കെ.എം.സി.സി കേന്ദ്ര, സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ തക്രീമിൽ സംബന്ധിക്കും.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററി പ്രദർശനവും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയോട് അനുബന്ധിച്ച് പ്രബന്ധ രചന, വീഡിയോ ആശംസ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.
മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടൻ, കെ.എം.സി.സി സെക്രട്ടറി ടി.കെ. അബ്ദുൽ സലാം, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദ് ചെമ്മുക്കൻ, ട്രഷറർ അഷ്റഫ് അലി പുതുക്കുടി, മുഖ്യ പ്രായോജകരായ അൽ അബീർ മെഡിക്കൽ സെന്റർ പ്രതിനിധി റോയ് രാജ്, അൽ തവക്കൽ മാനേജ്മെന്റ് കൺസൾട്ടൻസി പ്രതിനിധി മുഹിയുദ്ധീൻ ചോലശ്ശേരി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സാൽമി പരപ്പനങ്ങാടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് തൃപ്രങ്ങോട്, എഡ്യൂക്കേഷൻ വിംഗ് കൺവീനർ ഹാരിസ് വി.പി, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ അബ്ദുൽ ഖാദർ ഒളവട്ടൂർ, കുഞ്ഞിപ്പ മോങ്ങം, നാസർ വൈലത്തൂർ, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട്, സമീർ പുറത്തൂർ, ഷാഹിർ പൊന്നാനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.






