റാഞ്ചി - സെയ്ദ് മുഷ്താഖലി ട്വന്റി20 ടൂര്‍ണമെന്റില്‍ റെയില്‍വേസിന്റെ മധ്യനിര ബാറ്റര്‍ അശുതോഷ് ശര്‍മ 11 പന്തില്‍ അര്‍ധ ശതകം തികച്ചു. ഏറ്റവും വേഗത്തില്‍ ട്വന്റി20 അര്‍ധ ശതകം നേടിയ ഇന്ത്യക്കാരനായി അശുതോഷ്. യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് അരുണാചല്‍പ്രദേശിനെതിരായ മത്സരത്തില്‍ അശുതോഷ് തകര്‍ത്തത്. 2007 ലെ ലോകകപ്പില്‍ സ്റ്റവാര്‍ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയാണ് യുവരാജ് 12 പന്തില്‍ അര്‍ധ ശതകത്തിലെത്തിയത്.
പതിനഞ്ചോവറില്‍ നാലിന് 131 എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. എട്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി 12 പന്തില്‍ 53 റണ്‍സെടുത്തു. റെക്കോര്‍ഡ് തകര്‍ത്ത ശേഷമുള്ള ആദ്യ പന്തില്‍ പുറത്തായി. അവസാന അഞ്ചോവറില്‍ റെയില്‍വേസ് 115 റണ്‍സാണ് വാരിയത്. റെയില്‍വേസിനു വേണ്ടി അശുതോഷിന്റെ രണ്ടാം മത്സരമാണ് ഇത്.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് യുവരാജിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുന്നത്. മംഗോളിയക്കെതിരെ നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഏഷ്യന്‍ ഗെയിംസില്‍ ഒമ്പത് പന്തില്‍ അര്‍ധ ശതകം തികച്ചിരുന്നു.
അതിനിടെ, പഞ്ചാബ് ട്വന്റി20യില്‍ ഏറ്റവുമുയര്‍ന്ന റണ്‍സടിക്കുന്ന ഇന്ത്യയിലെ ടീമായി. ആന്ധ്രാപ്രദേശിനെതിരെ അവര്‍ ആറിന് 275 റണ്‍സെടുത്തു. 51 പന്തില്‍ 112 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് റണ്ണൊഴുക്കിന് ചുക്കാന്‍ പിടിച്ചത്. 2013 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയ 263 ആയിരുന്നു നിലവിലെ റെക്കോര്‍ഡ്. പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു ഇത്. പഞ്ചാബ് അടിച്ച 22 സിക്‌സറും ഇന്ത്യന്‍ റെക്കോര്‍ഡായി.






