ഇസ്‌ലാമാബാദ് -ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍ ഒരു യോഗ്യതാ മത്സരം ജയിച്ചു. 2026 ലെ ലോകകപ്പിനുള്ള ഏഷ്യയിലെ താഴെത്തട്ടിലുള്ള 20 ടീമുകളുടെ പോരാട്ടത്തില്‍ രണ്ടു പാദങ്ങളിലായി നടന്ന കളിയില്‍ കംബോഡിയയെ പാക്കിസ്ഥാന്‍ തോല്‍പിച്ചു. കംബോഡിയയിലെ നോംഫെന്നില്‍ നടന്ന ആദ്യ പാദം സമനിലയാക്കിയ പാക്കിസ്ഥാന്‍ ഇസ്‌ലാമാബാദിലെ രണ്ടാം പാദം 1-0 ന് ജയിച്ചു. പാക്കിസ്ഥാനുള്‍പ്പെടെ 10 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറി. സൗദി അറേബ്യ, താജിക്കിസ്ഥാന്‍, ജോര്‍ദാന്‍ ടീമുകളുള്‍പ്പെടുന്ന ഗ്രൂപ്പ് ജി-യിലാണ് പാക്കിസ്ഥാന്‍. നവംബറിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.
രണ്ടു പാദങ്ങളിലായി 1-0 ന് വീതം മംഗോളിയയെ തോല്‍പിച്ച അഫ്ഗാനിസ്ഥാനാണ് ഖത്തറും ഇന്ത്യയും കുവൈത്തുമടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ സ്ഥാനം പിടിച്ചത്. മാലദ്വീപിനെ തോല്‍പിച്ച ബംഗ്ലാദേശ്, ഗുവാമിനെ തോല്‍പിച്ച സിംഗപ്പൂര്‍, ശ്രീലങ്കയെ കീഴടക്കിയ യെമന്‍, മക്കാവുവിനെ തോല്‍പിച്ച മ്യാന്മര്‍, ഈസ്റ്റ് തിമൂറിനെ തോല്‍പിച്ച ചൈനീസ് തായ്‌പെയ്, ബ്രൂണെയെ തകര്‍ത്ത ഇന്തോനേഷ്യ, ഭൂട്ടാനെ മറികടന്ന ഹോങ്കോംഗ്, ലാവോസിനെ തോല്‍പിച്ച നേപ്പാള്‍ ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം പിടിച്ചു.
ഇസ്‌ലാമാബാദിലെ ജിന്നാ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹാറൂന്‍ ഹമീദാണ് വിജയ ഗോളടിച്ചത്. 2015 നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ സ്വന്തം നാട്ടില്‍ ഒരു മത്സരം കളിക്കുന്നത്. ഫിഫയുടെ 211 അംഗങ്ങളില്‍ 197ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 2018 നു ശേഷം അവരുടെ ആദ്യ വിജയം കൂടിയാണ് ഇത്.






