ജക്കാര്‍ത്ത - ഓസ്‌ട്രേലിയയുമായി സംയുക്തമായി ടൂര്‍ണമെന്റ് നടത്താനുള്ള പദ്ധതിയില്‍ നിന്ന് ഇന്തോനേഷ്യ പിന്മാറിയതോടെ 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ തന്നെയാണെന്ന് ഏതാണ്ടുറപ്പായി. മറ്റേതെങ്കിലും രാജ്യത്തിനോ രാജ്യങ്ങളുടെ കൂട്ടായ്മകള്‍ക്കോ താല്‍പര്യം അറിയിക്കാന്‍ ഇനി 12 ദിവസമേയുള്ളൂ. സൗദി അറേബ്യയെ പിന്തുണക്കുമെന്ന് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും എ.സി മിലാന്‍ ക്ലബ്ബിന്റെ മുന്‍ ചെയര്‍മാനുമായ എറിക് തോഹിര്‍ വ്യക്തമാക്കി. ഏഷ്യക്ക് ഇനി അവസരം കിട്ടുമ്പോള്‍ ഇന്തോനേഷ്യ ശ്രമിക്കുമെന്ന് തോഹിര്‍ പറഞ്ഞു. മിക്കവാറും അത് 2046 ലായിരിക്കും.
47 രാജ്യങ്ങളുള്‍പ്പെടുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) യോഗത്തിന് തൊട്ടുമുമ്പാണ് ഇന്തോനേഷ്യയുടെ നിലപാട് മാറ്റം. ഓസ്‌ട്രേലിയ കൂടി ഉള്‍പ്പെടുന്ന എ.എഫ്.സി നേരത്തെ തന്നെ സൗദിക്കു പിന്നിലാണ്. സൗദിക്ക് ജപ്പാനും ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ലെബനോനും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജപ്പാന് 2050 ആവുമ്പോഴേക്കും ലോകകപ്പ് നടത്താന്‍ പദ്ധതിയുണ്ടെന്നും ഇപ്പോള്‍ ഒരുമിച്ച് ഒരു ഏഷ്യന്‍ രാജ്യത്തെ പിന്തുണക്കേണ്ട സമയമാണെന്നും ജപ്പാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സുനെയാസു മിയാമോടൊ പറഞ്ഞു. സൗദിക്ക് വലിയ ഫുട്‌ബോള്‍ പാരമ്പര്യവും ആവേശവും വ്യക്തമായ കാഴ്ചപ്പാടുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ഓസ്‌ട്രേലിയന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല.
സൗദിയെ പിന്തുണച്ച് നിരവധി രാജ്യങ്ങള്‍ കത്തയച്ചിട്ടുണ്ടെന്ന് ഫെഡറേഷന്‍ മേധാവി യാസിര്‍ അല്‍മിശ്അല്‍ യോഗത്തില്‍ വെളിപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ അമ്പരപ്പിക്കുന്നതാണ്. വിജയകരമായ ലോകകപ്പ് നടത്താനുള്ള വലിയ ചുമതലയാണ് ഇത് നല്‍കുന്നത് -അദ്ദേഹം പറഞ്ഞു. 2027 ല്‍ സൗദി അറേബ്യ ഏഷ്യന്‍ കപ്പ് നടത്തുന്ന അവസരത്തില് എ.എഫ്.സി അധ്യക്ഷനാവാന്‍ സാധ്യതയുള്ളയാളാണ് മിശ്അല്‍. ഡിസംബറില്‍ ക്ലബ്ബ് ലോകകപ്പിനും സൗദി വേദിയാവും.
2034 ലെ ലോകകപ്പിന് ഫിഫ നിര്‍ദേശം ക്ഷണിച്ച് നിമിഷങ്ങള്‍ക്കകം സൗദി മുന്നോട്ടു വന്നിരുന്നു. തൊട്ടുപിന്നാലെ എ.എഫ്.സി അധ്യക്ഷന്‍ ശെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം ആല്‍ഖലീഫ ഏഷ്യയുടെ പിന്തുണ സൗദിക്കാണെന്ന് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ-ഇന്തോനേഷ്യ-മലേഷ്യ-സിംഗപ്പൂര്‍ ഒരുമിച്ച് സൗദിക്കെതിരെ രംഗത്തു വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ ഒറ്റപ്പെട്ട മട്ടാണ്.
ലോകത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ വിഭജനങ്ങളാണെന്നും ഏഷ്യ ഐക്യത്തിന്റെ സന്ദേശം നല്‍കണമെന്നും എ.എഫ്.സിക്ക് അയച്ച സന്ദേശത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊ പറഞ്ഞു.






