അഫ്ഗാന് പിന്നാലെ ഡച്ചും, ലോകകപ്പില്‍ അട്ടിമറിക്കാലം

ധര്‍മശാല - ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ വമ്പന്‍ അട്ടിമറി. അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്കയെ ടൂര്‍ണമെന്റിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ നെതര്‍ലാന്റ്‌സ് 38 റണ്‍സിന് തോല്‍പിച്ചു. രണ്ട് തകര്‍പ്പന്‍ വിജയങ്ങളുമായി വമ്പന്‍ കിരീടപ്രതീക്ഷ പുലര്‍ത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. നെതര്‍ലാന്റ്‌സിന് മൂന്നു കളിയില്‍ ആദ്യ ജയമാണ് ഇത്. മഴ കാരണം 43 ഓവര്‍ വീതമായി ചുരുക്കിയ കളിയില്‍ അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച നെതര്‍ലാന്റ്‌സ് എട്ടിന് 245 റണ്‍സെടുത്തു. മറുപടിയായി 11 ഓവറില്‍ നാലിന് 44 ലേക്ക് തകര്‍ന്ന പ്രോടിയേഴ്‌സിന് ആ ഷോക്കില്‍ നിന്ന് കരകയറാനായില്ല. ഒരു പന്ത് ശേഷിക്കെ 207 ല്‍ അവരുടെ മറുപടി അവസാനിച്ചു. കേശവ് മഹാരാജ് (37 പന്തില്‍ 40 നോട്ടൗട്ട്) പൊരുതിനിന്നതിനാലാണ് സ്‌കോര്‍ 200 കടന്നത്. 
അവസാന ഘട്ടത്തില്‍ ആഞ്ഞടിക്കുകയും തന്റെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുകയും ഓള്‍റൗണ്ടര്‍ റുളോഫ് വാന്‍ഡര്‍മെര്‍വാണ് ഡച്ചിന്റെ ഹീറോ. ദക്ഷിണാഫ്രിക്കയുടെ പഴയ കളിക്കാരനാണ് വാന്‍ഡര്‍മെര്‍വ്. ഡേവിഡ് മില്ലര്‍ (52 പന്തില്‍ 43) മാത്രമാണ് ഡച്ച് നിരയില്‍ തലയുയര്‍ത്തി നിന്നത്. 
ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സും (69 പന്തില്‍ 79 നോട്ടൗട്ട്) വാന്‍ഡര്‍മെര്‍വും (19 പന്തില്‍ 29) ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്തും (9 പന്തില്‍ 23 നോട്ടൗട്ട്) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് നെതര്‍ലാന്റ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇടക്കിടെ വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ 33 ഓവറില്‍ ഏഴിന് 140 ല്‍ പരുങ്ങുകയായിരുന്നു. 
മഞ്ഞു മൂടിയ ധര്‍മശാലയില്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി തുടക്കത്തിലേ പാളി. ക്യാപ്റ്റന്‍ തെംബ ബവൂമയെയും (31 പന്തില്‍ 16) ഫോമിലുള്ള ക്വിന്റന്‍ ഡികോക്കിനെയും (22 പന്തില്‍ 20) പത്തോവറിന് മുമ്പെ നഷ്ടപ്പെട്ടു. പകരം വന്ന റാസി വാന്‍ഡര്‍ഡസനും (4) അയ്ദന്‍ മാര്‍ക്‌റമും (1) നിലയുറപ്പിക്കും മുമ്പെ മടങ്ങി. മൂന്നോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റായിരുന്നു ആ ഘട്ടത്തില്‍ വാന്‍ഡര്‍മെര്‍വിന്റെ സമ്പാദ്യം. 

Latest News