ബംഗളൂരു - ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ കനത്ത തോല്‍വിയുടെ ക്ഷീണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്യാമ്പില്‍ വൈറല്‍ പനി. ഓസ്‌ട്രേലിയയുമായി പാക്കിസ്ഥാന് വെള്ളിയാഴ്ച മത്സരമുണ്ട്. ഇന്ത്യയെ അഹമ്മദാബാദില്‍ നേരിട്ട ശേഷം ഞായറാഴ്ച ബംഗളൂരുവിലെത്തിയ ഉടനെ പെയ്‌സ്ബൗളര്‍ ശാഹീന്‍ ഷാ അഫ്‌രീദിക്കാണ് പനി ബാധിച്ചത്. ആദ്യ മൂന്നു കളികളിലും ഇരുപത്തിമൂന്നുകാരന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സ്പിന്‍ ബൗളര്‍ ഉസാമ മീറിനും പനിയാണ്. മറ്റു പല കളിക്കാര്‍ക്കും പനിയുണ്ടായിരുന്നുവെങ്കിലും അവരൊക്കെ സുഖം പ്രാപിച്ചുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്ഥാന് മൂന്നു കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ്. ഓസ്‌ട്രേലിയക്ക് ഒരു കളിയേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.
ഇന്നലെ പാക്കിസ്ഥാന്‍ ടീം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.






