യൂറോപ്പില്‍ ഭീതി വിതച്ച  അക്രമി തുനീഷ്യക്കാരന്‍

ബ്രസ്സല്‍സ് - ബെല്‍ജിയം തലസ്ഥാന നഗരിയായ ബ്രസ്സല്‍സില്‍ സ്വീഡിഷ് ഫുട്‌ബോള്‍ ആരാധകര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് വയോധികര്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് ഒരു കഫേയില്‍ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയും ഏറ്റുമുട്ടലില്‍ വെടിയേറ്റ അയാള്‍ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു. ബെല്‍ജിയത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്ന തുനീഷ്യന്‍ വംശജനായ അക്രമിയെ നാടു കടത്താനിരുന്നതായിരുന്നു. അയാള്‍ക്ക് എങ്ങനെയാണ് സൈനികായുധം ലഭിച്ചത് എന്ന് വ്യക്തമല്ല. തോക്ക് കണ്ടെടുത്തിട്ടുണ്ട്. അബ്ദുസ്സലാം എല്‍ എന്ന് ബെല്‍ജിയം മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞ നാല്‍പത്തഞ്ചുകാരനെ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവമാണ് പ്രകോപിപ്പിച്ചതെന്നാണ് സംശയം. ഇയാള്‍ സ്വീഡനിലുമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. 
ബെല്‍ജിയം-സ്വീഡന്‍ യൂറോ കപ്പ് യോഗ്യതാ മത്സരം രണ്ടാം പകുതിക്കു ശേഷം തുടര്‍ന്നില്ല. രണ്ടര മണിക്കൂറോളം മുപ്പത്തയ്യായിരത്തോളം കാണികളെ സ്‌റ്റേഡിയത്തിന് പുറത്തുവിടാതെ പോലീസ് സംരക്ഷിച്ചു. അറുനൂറ്റമ്പതോളം സ്വീഡന്‍കാര്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. അവരെ പോലീസ് വലയത്തില്‍ പുറത്തെത്തിക്കുകയും വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. അവസാനത്തെയാളെയും പുറത്തെത്തിക്കുമ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. സ്വീഡന്റെ കളിക്കാരും കനത്ത സുരക്ഷയില്‍ സ്റ്റേഡിയത്തില്‍ നിന്ന് നേരെ വിമാനത്താവളത്തിലേക്ക് പോയി. ആദ്യ പകുതിയില്‍ സ്‌കോര്‍ 1-1 ആയിരുന്നു. ബെല്‍ജിയം യൂറോ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. സ്വീഡന്റെ പ്രതീക്ഷ അസ്തമിച്ച മട്ടാണ്. അഞ്ച് കളിയില്‍ മൂന്നും അവര്‍ തോറ്റു.
കൊല്ലപ്പെട്ടവര്‍ സ്വീഡന്റെ ജഴ്‌സിയിലായിരുന്നു. ഒരാള്‍ക്ക് 60 കഴിഞ്ഞു, രണ്ടാമന്‍ 70 പിന്നിട്ടു. പരിക്കേറ്റതും 70 കഴിഞ്ഞയാള്‍ക്കാണ്. ഇസ്‌ലാമിക് സ്റ്റേറ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടയാളാണ് കൊലയാളിയെന്ന് പോലീസ് വക്താവ് എറിക് വാന്‍ഡയ്‌സെ അറിയിച്ചു. സ്വീഡനില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചത് ലോകമെങ്ങും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഓറഞ്ച് മേല്‍ക്കുപ്പായമണിഞ്ഞ് ഒരാള്‍ സ്‌കൂട്ടറില്‍ വന്നിറങ്ങുന്നതും ഉടനെ തന്നെ ആയുധമെടുക്കുന്നതും ടാക്‌സിയില്‍ നിന്നിറങ്ങിയവരെ പിന്നാലെ ഓടി വെടിവെക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം അക്രമി ശാന്തനായി നടന്നുപോവുന്നതും ദൃശ്യങ്ങളിലുണ്ട്. 
ആക്രമണം സ്വീഡനെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു പേരേ കൊല്ലപ്പെട്ടുള്ളൂ എങ്കിലും ഇസ്രായില്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ സംഭവം കനത്ത ഭീതി പരത്തി. വെറുപ്പ് വിജയിക്കില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട മെറ്റ്‌സോള പറഞ്ഞു. 
മത്സരത്തിന് തൊട്ടുമുമ്പാണ് അക്രമ സംഭവം അറിഞ്ഞതെന്നും സ്വീഡന്‍കാര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം സ്റ്റേഡിയത്തിനുള്ളിലാണെന്ന് കരുതിയതിനാലാണ് മത്സരം ആരംഭിച്ചതെന്നും സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 

Latest News