തൃശൂര്‍ - ഒന്നരപ്പതിറ്റാണ്ടിനു ശേഷം തൃശൂര്‍ ജില്ല ആതിഥ്യമൊരുക്കുന്ന സ്‌കൂള്‍ കായിക മാമാങ്കത്തിന് ചൊവ്വാഴ്ച കൊടിയുയരും. ദീപശിഖാ പ്രയാണം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ദീപശിഖ ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. ഒമ്പത് മണിക്ക് പൊതു വിദ്യാഭാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. വൈകീട്ട് 3.30 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തൊട്ടാനില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദീപശിഖ പൊതു വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ പത്മശ്രീ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് തെളിയിക്കും.
മിന്നും പ്രകടനങ്ങള്‍ക്കായി കുന്നംകുളം സിന്തറ്റിക് ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ ട്രാക്ക് ഉണരും. ആദ്യ ദിനത്തില്‍ 21 ഇനങ്ങളില്‍ ഫൈനലുണ്ടാവും. നാലു നാള്‍ കായിക മേള നീണ്ടുനില്‍ക്കും.
സാംസ്‌കാരിക പ്രൗഡി വിളംബരം ചെയ്ത് ഘോഷയാത്ര
തൃശൂര്‍ കുന്നംകുളം നഗരത്തിന്റെ പ്രൗഡി വിളിച്ചോതി വിളംബര ഘോഷയാത്രയോടെ 65ാം മത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം.
മുത്തുക്കുടകളുടെയും വാദ്യഘോഷമേളങ്ങളുടെയും അകമ്പടിയോടെ ടൗണ്‍ഹാളില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര നഗരം ചുറ്റി മത്സര വേദിയായ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. എ സി മൊയ്തീന്‍ എംഎല്‍എ വിളംബര ഘോഷയാത്രയെ സ്വീകരിച്ചു.
വിളംബര ഘോഷയാത്രയില്‍ ജില്ലയിലെ സ്‌പോര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് കേഡറ്റ് പോലീസ്, എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ എന്നിങ്ങനെ ആയിരക്കണക്കിന് വാദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റോളര്‍ സ്‌കേറ്റിങ്ങ്, ബാന്റ് വാദ്യം, ചെണ്ടമേളം തുടങ്ങിയവ വിളംബര ജാഥയ്ക്ക മാറ്റ് കൂട്ടി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കര്‍, ഡി ഡി ഇന്‍ ചാര്‍ജ്ജ് ബാബു എം പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കായികാധ്യാപകര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന സ്‌കൂള്‍ കായികോത്സവം കലവറയുണര്‍ന്നു
തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ രുചി വൈവിധ്യം നിറയ്ക്കാന്‍ പാചകപ്പുര തയ്യാര്‍. കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിലാണ് വിഭവ സമൃദ്ധമായ പാചകം. ഒപ്പം 45 സഹായികളുമുണ്ട്.
കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിലെ പാചകപ്പുരയിലെ പാലുകാച്ചല്‍ ചടങ്ങ് എസി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ഇന്ന് ഉച്ചയ്ക്ക് സാമ്പാര്‍, അവിയല്‍, കൂട്ടുകറി, പുളിശ്ശേരി, കാളന്‍, മോര്, അച്ചാര്‍ എന്നീ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. പാലട പായസവും ഉണ്ടാകും. എല്ലാ ദിവസവും പായസത്തോടുകൂടി വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. രാവിലെ പാല്‍, മുട്ട എന്നിവയും രാവിലെ 10 നും വൈകീട്ട് 4 നും ചായയും ലഘു പലഹാരവും നല്‍കും. അപ്പം, ഇഡ്ഡലി, ദോശ, നൂലപ്പം, എന്നിങ്ങനെയാണ് വിവിധ ദിവസങ്ങളിലെ പ്രഭാത ഭക്ഷണം. രാത്രി നോണ്‍ വെജ്ജ് വിഭവങ്ങളും ഉണ്ടാകും.
പത്ത് കൗണ്ടറുകളിലായി 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്നൂറോളം അധ്യാപകരുടെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പലും കേമമാക്കും. ഒക്ടോബര്‍ 20 ന് സമാപന ദിവസം 2000 പേര്‍ക്കുള്ള ഭക്ഷണം പാര്‍സലായും നല്‍കുന്നുണ്ട്. കായിക താരങ്ങളും ഒഫിഷ്യല്‍സും ഉള്‍പ്പെടെ കായികോത്സവത്തിന്റെ ഭാഗമാകുന്ന 6000 ത്തോളം പേര്‍ക്കാണ് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നത്.






