മുംബൈ - ക്രിക്കറ്റ് ഉള്‍പ്പെടെ അഞ്ച് പുതിയ കായിക ഇനങ്ങള്‍ 2028 ലെ ലോസ്ആഞ്ചലസ് ഒളിംപിക്സില്‍ ഉള്‍പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ വോട്ടെടുപ്പില്‍ തീരുമാനമായി. രണ്ടംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കഴിഞ്ഞയാഴ്ച എക്സിക്യൂട്ടിവ് ബോര്‍ഡ് ഇതു സംബന്ധിച്ച തീരുമാനമെടുത്തെങ്കിലും അന്തിമമായി പ്രഖ്യാപിക്കാനുള്ള അധികാരം ഐ.ഒ.സിക്കാണ്. ബെയ്സ്ബോള്‍/സോഫ്റ്റ്ബോള്‍, ഫഌഗ് ഫുട്ബോള്‍, സ്ക്വാഷ്, ലാക്രോസ് എന്നിവയാണ് മറ്റിനങ്ങള്‍. പാരിസ് ഒളിംപിക്സില്‍ മത്സര ഇനമായ ബ്രെയ്ക്ക്ഡാന്‍സ് ലോസ് ആഞ്ചലസില്‍ നിന്ന് പുറത്തായി. ബോക്സിംഗ് തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല. വേള്‍ഡ് അസോസിയേഷനിലെ കുത്തഴിഞ്ഞ അവസ്ഥ കാരണം ബോക്സിംഗിനെ ഒഴിവാക്കാനാണ് ആലോചിക്കുന്നത്.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആറ് വീതം ടീമുകള്‍ പങ്കെടുക്കുന്ന ട്വന്റി20 ക്രിക്കറ്റാണ് ഒളിംപിക്സില്‍ മത്സര ഇനമാവുക. ഐ.സി.സി റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്കക്ക് ആതിഥേയരെന്ന നിലയില്‍ പങ്കെടുക്കാം. 1900 ലെ പാരിസ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സര ഇനമായിരുന്നു.
ദക്ഷിണേഷ്യയിലെ വലിയ കമ്പോളം മുന്നില്‍ കണ്ടാണ് ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പെടുത്തുന്നത്. എന്നാല്‍ സാമ്പത്തിക പരിഗണനയല്ല തീരുമാനത്തിന് പിന്നിലെന്ന് ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാക്ക് പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന സ്പോര്‍ട്സാണ് ക്രിക്കറ്റെന്നും ഒളിംപിക്സിന്റെ ഭാഗമായത് വലിയ ഉത്തേജകനം പകരുമെന്നും ഐ.സി.സി അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്പെടുത്തിയതില് സചിന് ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, മിഥാലി രാജ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു.






