ക്രൊയേഷ്യ വീണ്ടും വീണു, തുര്‍ക്കി ഫൈനല്‍ റൗണ്ടില്‍

ഇസ്താംബൂള്‍ -മറുപടിയില്ലാത്ത നാലു ഗോളില്‍ ലാത്വിയയെ മുക്കി തുര്‍ക്കി യൂറോ കപ്പ് ഫുട്‌ബോളിന്റെ െൈഫെനല്‍ റൗണ്ടിലെത്തി. ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ തുര്‍ക്കിക്ക് ഗ്രൂപ്പ് ഡി-യില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നുറപ്പായി. വെയ്ല്‍സാണ് 2-1 ന് തുര്‍ക്കിയെ തോല്‍പിച്ചത്. 
ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ഒരു വര്‍ഷം പിന്നിടും മുമ്പാണ് ക്രൊയേഷ്യ പരുങ്ങുന്നത്. വെയ്ല്‍സിനെ തോല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഗ്രൂപ്പില്‍ വ്യക്തമായ ലീഡോടെ ഫൈനല്‍ റൗണ്ടിലെത്താമായിരുന്നു. കഴിഞ്ഞ കളിയില്‍ അവര്‍ തുര്‍ക്കിയോടും തോറ്റിരുന്നു. 
ലൂക്ക മോദ്‌റിച്ചും ജോസ്‌കൊ ഗ്വാര്‍ദിയോളും മാഴ്‌സെലൊ ബ്രോസവിച്ചുമൊക്കെ ഇറങ്ങിയിട്ടും ഹാരി വില്‍സന്റെ ഇരട്ട ഗോളില്‍ അവര്‍ പിന്നിലായി. മാരിയൊ പസാലിച് ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. വെയ്ല്‍സിനും ക്രൊയേഷ്യക്കും ഒരേ പോയന്റാണെങ്കിലും ഗോള്‍വ്യത്യാസത്തില്‍ വെയ്ല്‍സ് രണ്ടാം സ്ഥാനത്തേക്കു കയറി.
ലാത്വിയക്കെതിരെ യൂനുസ് അക്ഗുനാണ് തുര്‍ക്കിയുടെ വിജയത്തിന് തുടക്കമിട്ടത്. പകരക്കാരന്‍ ചെങ്ക് തോസുന്‍ രണ്ടു ഗോളടിച്ചു. കരീം അഖ്തുര്‍കോഗ്‌ലു ഒരു ഗോള്‍ നേടി. 
ഗ്രൂപ്പ് ഇ-യില്‍ നാലു ടീമുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ചെക് റിപ്പബ്ലിക് 1-0 ന് ഫാരൊ അയലന്റ്‌സിനെ തോല്‍പിച്ചതോടെ അല്‍ബേനിയക്ക് യോഗ്യത നേടാന്‍ കാത്തിരിക്കണം. ചെക്കാണ് രണ്ടാം സ്ഥാനത്ത്. പോളണ്ടും മാല്‍ദോവയും 1-1 സമനിലയോടെ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. 
ആന്‍ഡോറയെ 4-0 ന് തോല്‍പിച്ച റുമാനിയ ഗ്രൂപ്പ് ഐ-യില്‍ ഒന്നാമതെത്തി. 89, 90 മിനിറ്റുകളിലെ ഇരട്ട ഗോളില്‍ സ്വിറ്റ്‌സര്‍ലന്റ് 3-3 ന് ബെലാറൂസിനെ തളച്ചു. ഗ്രൂപ്പ് എ-യില്‍ ജോര്‍ജിയ 4-0 ന് സൈപ്രസിനെ തോല്‍പിച്ചു. 
 

Latest News