സന്തോഷ് ട്രോഫി: ഗോവയെ നേരിടും മുമ്പെ കേരളം നേടി

മഡ്ഗാവ് - ആതിഥേയരും ഗ്രൂപ്പിലെ ഏറ്റവും ശക്തരായ എതിരാളികളുമായ ഗോവയെ നേരിടും മുമ്പെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് എ-യിലെ മൂന്നാം മത്സരത്തില്‍ ഛത്തിസ്ഗഢിനെ കേരളം എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ചു. 
ഏഴാം മിനിറ്റില്‍ ഇ.എസ്. സജീഷ് നേടിയ ഗോളിന് ഇടവേളയില്‍ കേരളം ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയില്‍ പൂര്‍ണമായ മേധാവിത്തം നേടാന്‍ കേരളത്തിന് സാധിച്ചില്ല. രണ്ടാം പകുതിയില്‍ കളി മാറി. യുവ സ്‌ട്രൈക്കര്‍ ജുനൈന്‍ ഇടവേള കഴിഞ്ഞയുടനെ രണ്ടാം ഗോളിലൂടെ കേരളത്തിന്റെ ആശങ്ക അവസാനിപ്പിച്ചു. 67ാം മിനിറ്റില്‍ ക്യാപ്റ്റന്‍ നിജൊ ഗില്‍ബര്‍ട് മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കിയതോടെ കളി തണുത്തു. 
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഗോവ 2-1 ന് ജമ്മുകശ്മീരിനെ തോല്‍പിച്ചു. കേരളത്തിന് ഒമ്പത് പോയന്റാണ്. ഗോവക്ക് ഏഴും ഗുജറാത്തിന് നാലും ജമ്മുകശ്മീരിന് മൂന്നും പോയന്റുണ്ട്. ഛത്തിസ്ഗഢ് മൂന്നു കളിയും തോറ്റു.
 

Latest News