പൂനെ - ഷൂട്ടിംഗ് സ്‌പോര്‍ട്‌സിന്റെ ഇന്ത്യയിലെ പരമോന്നത സമിതിയായ നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.എ.ഐ) ഇത്ര പ്രതീക്ഷിച്ചില്ല. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനായി മൂന്നു മാസം മുമ്പാണ് അവര്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചത്. രജിസ്‌ട്രേഷന്റെ ഭാഗമായി സ്വന്തം ഫോട്ടൊ അപ്‌ലോഡ് ചെയ്യാന്‍ ഷൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുന്നതിനു വേണ്ടിയായിരുന്നു ഇത്.
എന്നാല്‍ ശരിയായ പാസ്‌പോര്‍ട് സൈസ് ഫോട്ടോക്കു പകരം ബഹുഭൂരിഭാഗവും അപ്‌ലോഡ് ചെയ്തത് സെല്‍ഫികളായിരുന്നു. ചിലരെങ്കിലും സെല്‍ഫി അപ്‌ലോഡ് ചെയ്തപ്പോള്‍ തെറ്റുകയും ഫോര്‍വേഡ് മെസേജുകള്‍ അപ്‌ലോഡ് ആവുകയും ചെയ്തു. ക്ഷമ നശിച്ച എന്‍.ആര്‍.എ.ഐ ഇപ്പോള്‍ തോക്കെടുത്തിരിക്കുകയാണ്.
'രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം സ്വീകരിച്ചത്. പല ഷൂട്ടര്‍മാരും സ്വന്തം ഫോട്ടോക്കു പകരം സ്‌കൂട്ടറില്‍ ഇരിക്കുന്നതും സുന്ദരമായ പശ്ചാത്തലമുള്ളതുമൊക്കെയായ സെല്‍ഫികളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് ഒരു തരത്തിലും സ്വീകാര്യമല്ല. ശരിയായ ഫോട്ടൊ ഇല്ലെങ്കില്‍ ഐഡന്റിറ്റി കാര്‍ഡിനുള്ള അപേക്ഷ നിരസിക്കും. അത്തരക്കാര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുകയും ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് വിലക്കുകയും ചെയ്യും. ഫോര്‍വേഡ് മെസേജ് അപ്‌ലോഡ് ചെയ്ത ദേശീയ ഷൂട്ടര്‍ക്കെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു' -എന്‍.ആര്‍.എ.ഐ ജനറല്‍ സെക്രട്ടറി രാജീവ് ഭാട്ടിയ പ്രസ്താവന ഇറക്കി.






