എടവനക്കാട് കൃഷിഭവനിൽനിന്നും നിരവധി അംഗീകാരങ്ങൾ ഈ കർഷകനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ മുതിർന്ന കർഷകനുള്ള പഞ്ചായത്തിന്റെ അവാർഡും അബ്ദുൾ ഷുക്കൂറിനെ തേടിയെത്തിയിരുന്നു. കാബേജും കോളിഫ്ലവറും കരനെൽ കൃഷിയുമെല്ലാം ചെയ്ത് വിജയിപ്പിച്ച ഈ കർഷകന് പുതിയ കൃഷിരീതികളെക്കുറിച്ച് അറിയാൻ എപ്പോഴും താല്പര്യമാണ്. പുതിയ കൃഷിരീതികൾ അടുത്തറിഞ്ഞാൽ അവ വിജയിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്നും സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പാരമ്പര്യമായി കാർഷിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും അബ്ദുൾ ഷുക്കൂറിന് പരീക്ഷണങ്ങൾ ഏറെയിഷ്ടമാണ്. രണ്ടു പതിറ്റാണ്ടു മുൻപ് ടെറസിൽ നെൽകൃഷി വിളയിച്ചെടുത്തതും ഞൊടിയൻ ഇനത്തിൽപ്പെട്ട തേനീച്ചകൃഷി വിജയിപ്പിച്ചതുമെല്ലാം കൃഷിയിലെ ഈ ഈ പുതുമ തേടലിന് ഉദാഹരണങ്ങൾ മാത്രം. പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര എത്തിനിൽക്കുന്നത് ഡ്രാഗൺ ഫ്രൂട്ടുകൾ വിളയിച്ചതിലൂടെയാണ്. വീടിന്റെ മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ടുകൾ നട്ടുവളർത്താൻ ഈ കർഷകനെ പ്രേരിപ്പിച്ചതും പരീക്ഷണതാല്്പര്യം തന്നെയാണ്. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് എടവനക്കാട് എന്ന തീരദേശഭൂമിയിലെത്തിയാൽ ഡ്രാഗൺ പഴങ്ങളുടെ ഒരു കലവറ തന്നെ കാണാം. വീടിന്റെ ടെറസിൽ പിങ്കു നിറത്തിൽ തൂങ്ങിക്കിടക്കുന്ന ഡ്രാഗൺ പഴങ്ങൾ കാണുന്നവരുടെ കണ്ണുകൾക്ക് കുളിർമ്മയാണ്. ശാസ്ത്രീയമായ കൃഷിരീതിയിലൂടെ മികച്ച വിജയം നേടിയെടുക്കുകയാണ് ഈ അൻപത്തിയെട്ടുകാരൻ. ഒന്നര വർഷം മുൻപാണ് അമേരിക്കൻ ബ്യൂട്ടി എന്ന പിങ്ക് ഡ്രാഗൺ ഫ്രൂട്ട് തന്റെ വീടിന്റെ ടെറസിൽ അദ്ദേഹം കൃഷി ചെയ്തു തുടങ്ങിയത്. ആറുമാസംകൊണ്ട് ആദ്യത്തെ വിളവെടുക്കാനും കഴിഞ്ഞു.

മരുഭൂമിയിലെ ഫലം വിളയുന്ന മട്ടുപ്പാവാണ് അബ്ദുൾ ഷുക്കൂറിന്റേതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കാരണം ഉഷ്ണമേഖലകളിൽ വിളയുന്ന കള്ളിമുൾചെടി ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്. ചൂടേറിയ കാലാവസ്ഥ ഇഷ്ടപ്പെടുന്നതുകൊണ്ടാകാം മരുഭൂമിയിലെ ഫലം എന്ന അപരനാമത്തിലാണ്് ഇതറിയപ്പെടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലുമാണ് ഈ പഴം ഏറെയും കൃഷി ചെയ്തുവരുന്നത്.
പരമ്പരാഗത കർഷരായിരുന്നു ഷുക്കൂറിന്റെ പൂർവ്വികർ. കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു പ്രധാന തൊഴിൽ. ആദ്യകാലത്ത് ചെമ്മീൻ കൃഷിയിലൂടെയായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. പിന്നീട് ചെമ്മീൻ ബിസിനസിൽനിന്നും ലാഭം ലഭിക്കാതെയായി. രോഗബാധയായിരുന്നു കാരണം. പറമ്പിൽ നട്ടുവളത്തിയിരുന്ന തെങ്ങിൽനിന്നും ജാതിയിൽനിന്നുമെല്ലാമുള്ള വരുമാനം വേറെയുമുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഫലവൃക്ഷങ്ങളോടുള്ള ഇഷ്ടം തോന്നിത്തുടങ്ങിയത്. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഇരുപതിൽപരം ഫലവൃക്ഷത്തൈകൾ അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചെറുനാരങ്ങയും മാങ്കോസ്റ്റിനും സാന്തോളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇതിനിടയിലായിരുന്നു ഡ്രാഗൺ ഫ്രൂട്ടിനോടു പ്രേമം തോന്നിത്തുടങ്ങിയത്.

യുട്യൂബിൽനിന്നാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷി രീതികളെക്കുറിച്ച് ഷുക്കൂർ അടുത്തറിഞ്ഞത്. കള്ളിമുൾചെടിയുടെ വർഗത്തിൽപ്പെട്ട ഈ ചെടി നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടാൽ നല്ല വിളവ് ലഭിക്കുമെന്നും മനസ്സിലാക്കി. പോഷകഗുണങ്ങളാൽ സമ്പുഷ്ടമായ ഈ പഴത്തിന് രോഗപ്രതിരോധശക്തി ഏറെയുണ്ടെന്നും ആന്റി ഓക്‌സിഡന്റുകൾ ധാരാളമുള്ള സൂപ്പർ ഫുഡാണെന്നും തിരിച്ചറിഞ്ഞു. നല്ല തൈകൾക്കായി നേരെയെത്തിയത് കോഴിക്കോട്ട്. മുക്കത്തിനടുത്ത കാരശ്ശേരിയിലെ ഡ്രാഗൺ ഫ്രൂട്ട് കർഷകനായ സി. ഹുസ്സനിൽനിന്നാണ് കാര്യങ്ങൾ അടുത്തറിഞ്ഞത്. അവിടെയുള്ള ഫാമിൽനിന്നും എൺപതോളം ചെടികളും സ്വന്തമാക്കി.
ഇരുനൂറ് ലിറ്ററിന്റെ പത്ത് വലിയ കാനുകൾ വാങ്ങി ശുദ്ധീകരിച്ചു. അവയെ നെടുകെ കീറി ഇരുപത് ചട്ടികളാക്കി. അമിതജലം പുറംതള്ളാനുള്ള ചെറിയ ദ്വാരങ്ങളിട്ടാണ് മണ്ണുനിറച്ചത്. ടെറസിൽ ബീമിനടുത്തായി രണ്ടു മീറ്റർ അകലങ്ങളിലായി ഇവ സ്ഥാപിച്ചു. വള്ളികൾ പടർത്താൻ കോൺക്രീറ്റ് തൂണുകളില്ലാത്തതിനാൽ നാലിഞ്ച് പി.വി.സി പൈപ്പുകളാണ് താങ്ങുകാലുകളാക്കിയത്. തുടർന്ന് നടീൽ മിശ്രിതം നിറച്ചു. ചാണകപ്പൊടിയും കോഴിവളവും മുട്ടത്തോട് പൊടിച്ചതും എല്ലുപൊടിയുമെല്ലാം ചേർത്താണ് നടീൽ മിശ്രിതമൊരുക്കിയത്. ഒരു ചട്ടിയിൽ നാലുവീതം കമ്പുകൾ നട്ടു.

സാധാരണ ഒന്നര വർഷം കഴിഞ്ഞാണ് ഡ്രാഗൺ ഫ്രൂട്ടുകൾ പൂവിടുന്നതെങ്കിൽ അബ്ദുൾ ഷുക്കൂറിന്റെ പുരയിടത്തിൽ അവ ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും പൂവിട്ടുതുടങ്ങി. ഇരുപതു ചട്ടികളിലും ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഡ്രാഗൺ ഫ്രൂട്ടിന് വലിയ പരിചരണം ആവശ്യമില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഷുക്കൂർ പറയുന്നു. ചെടികൾ വളർന്നുതുടങ്ങിയാൽ തൂണുകളിലേയ്ക്കു പടർത്തണം. പടർന്നുകയറുന്നതനുസരിച്ച് വേരുകൾ തൂണുകളിൽ പറ്റിപ്പിടിച്ചുനിൽക്കും. തൂണുകൾക്കു മുകളിൽ വളയങ്ങളും സ്ഥാപിക്കണം. തൂണിനു മുകളിലുള്ള വളയത്തിലെത്തുന്നതുവരെ ചെടിയെ തൂണിനോടു ചേർത്തു കെട്ടണം. വളയത്തിനു മുകളിലെത്തിയാൽ അതിനു മുകളിൽകൂടി ശിഖരങ്ങൾ താഴേയ്ക്ക് വളർത്തിവിടുകയാണ് വേണ്ടത്. അറുനൂറ് ഗ്രാം വരെ തൂക്കമുണ്ടാകും ഒരു പഴത്തിന്. കിലോഗ്രാമിനാണെങ്കിൽ ഇരുനൂറ്റമ്പത് രൂപവരെ വിലയുമുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന് നിത്യവും ജലസേചനം നടത്തേണ്ട ആവശ്യവുമില്ല. കടുത്ത വേനലാണെങ്കിൽപോലും ആഴ്ചയിൽ രണ്ടുതവണ മാത്രം നനച്ചാൽ മതി. ഡ്രിപ് ഇറിഗേഷനാണ് സൗകര്യം. വീടിനു സമീപംതന്നെ വളർത്തുന്ന ചെറു തേനീച്ചകൾക്കാണ് പരാഗണം നടത്തുന്നതിനുള്ള ചുമതല. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് വളപ്രയോഗം. രോഗ കീട ബാധകളൊന്നും ചെടിയെ ബാധിക്കാറില്ല. മാത്രമല്ല, മുള്ളിനെ പേടിച്ച് വവ്വാലോ അണ്ണാനോ കിളികളോ ഈ പഴം തിന്നാൻ എത്തുകയുമില്ല. അതുകൊണ്ടുതന്നെ ഡ്രാഗൺ ഫ്രൂട്ട് ആർക്കും വിളയിച്ചെടുക്കാമെന്നും ഇദ്ദേഹം പറയുന്നു. ഒറ്റ നിർബന്ധമുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ സൂര്യനെ കാണണം.

വാഴയും പീച്ചിങ്ങയും പപ്പായയും ചീരയും വെണ്ടയും പച്ചമുളകുമെല്ലാം ഷുക്കൂറിന്റെ കൃഷിത്തോട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടിലെ ആവശ്യത്തിനെടുത്തശേഷമാണ് പുറത്ത് വിൽപന നടത്തുന്നത്. മാത്രമല്ല, വീടിന്റെ പല ഭാഗങ്ങളിലുമായി ഇൻഡോർ പ്ലാന്റുകളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
എടവനക്കാട് കൃഷിഭവനിൽനിന്നും നിരവധി അംഗീകാരങ്ങൾ ഈ കർഷകനെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ മുതിർന്ന കർഷകനുള്ള പഞ്ചായത്തിന്റെ അവാർഡും അബ്ദുൾ ഷുക്കൂറിനെ തേടിയെത്തിയിരുന്നു. കാബേജും കോളിഫ്ലവറും കരനെൽ കൃഷിയുമെല്ലാം ചെയ്ത് വിജയിപ്പിച്ച ഈ കർഷകന് പുതിയ കൃഷിരീതികളെക്കുറിച്ച് അറിയാൻ എപ്പോഴും താൽപര്യമാണ്്. പുതിയ കൃഷിരീതികൾ അടുത്തറിഞ്ഞാൽ അവ വിജയിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്നും സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
അബ്്ദുൾ ഷുക്കൂറിന്റെ പുതുമ തേടിയുള്ള കൃഷി സമ്പ്രദായങ്ങൾക്ക് ഭാര്യ ഹസീനയുടെ തികഞ്ഞ പിന്തുണയാണുള്ളത്. എന്നാൽ പുതിയ തലമുറയ്ക്ക് കാർഷികവൃത്തിയോട് താൽപര്യമില്ലെന്നാണ് ഷുക്കൂറിന്റെ കണ്ടെത്തൽ. മകൻ അമീൻ ബി.ടെക് ബിരുദത്തിനുശേഷം കാക്കനാട് ഇൻഫോ പാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കുകയാണ്.
ചക്കയും മാങ്ങയും ആപ്പിളും മുന്തിരിയുമെല്ലാം ശീലമാക്കിയവർ ഈ പഴത്തോട് വലിയ പ്രതിപത്തി കാണിക്കാറില്ല. എന്നാൽ അടുത്തറിഞ്ഞവർ ഈ ചുള്ളൻ പഴത്തെ വെറുതെ വിടില്ലെന്നും ഷുക്കൂർ സാക്ഷ്യപ്പെടുത്തുന്നു. അബ്ദുൾ ഷുക്കൂറിന്റെ ഫോൺ നമ്പർ 9495747293.






